വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

21 September 2010

തേങ്ങാമോഷണം




പണ്ട് പണ്ട് പണ്ട് ഒരേഴര കൊല്ലം മുന്‍പ്....

ബ്രിഗേഡ് റോഡിലെ മൗത്ത് വാച്ചിങ്ങും,പിന്നെ കൂടിയാല്‍ അഴ്ചേല്‍ സംഗീത് തിയേറ്ററില്‍ വരുന്ന വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് പോലുള്ള ക്ലാസ്സിക്കല്‍ ഇന്ത്യന്‍ മൂവീസും മാത്രം ഒരു എന്‍‌റ്റ‌ര്‍ടേന്മെന്‍‌റ്റ് ആയി സുഖിച്ച് കഴിയുന്ന ടൈം...

കൂട്ടിനുള്ള കട്ടപ്പനക്കാരന്‍ അടിസ്ഥാനപരമായി യഹോവയില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ദിവസോം ദൈവപുസ്തകം പിന്നേം പിന്നേം കാണാപ്പാഠം പഠിക്കുന്നവനും ആയതിന്‍‌റ്റെ ഗതികേടില്‍ മേലേപ്പറഞ്ഞ എന്‍‌ര്‍ടൈന്മെന്‍‌റ്റ് ഒക്കെ ഞാന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് പ്ലാന്‍ ചെയ്ത് ഇമ്പ്ലിമെന്‍‌റ്റ് ചെയ്യേണ്ടി വന്നു....

വര്‍ഗ്ഗീസ്മാപ്പിളേടെ വക മൂന്ന്നില വീട്ടില്‍, മൂന്നാം നെലേലൊള്ള രണ്ട് ഒറ്റമുറി വസതികളിലൊന്നായിരുന്നു നമ്മുടെ ഗോഡൗണ്‍...

വന്ന് താമസിച്ച ദിവസം മനസ്സില്‍ മൂന്ന് ലഡു പൊട്ടിയതാണു...
റൂമിന്‍‌റ്റെ ഉള്ളില്‍ നിന്ന് താഴത്തെ മുറിയിലേക്ക് ഒരു സ്റ്റെയര്‍കേസ്...... തന്നെക്കാളും കൂടുതല് അയലോക്കംകാരെ സ്നേഹിക്കണംന്നാണു യേശുക്രിസ്തു പറഞ്ഞതേലും, താഴത്തെ ദ്രോഹികള്‍ ആ വാതില്‍ അടച്ച് കുറ്റിയിട്ട് കളഞ്ഞ്!!!
അപ്പുറത്തെ മുറിയില്‍ ഒരു ഇന്‍ഫോസിസ് മച്ചാനാണു, കക്ഷി നീഗ്രോ ലുക്കാണേലും വന്‍ മോഡേണാണു , നമ്മക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല , അതോണ്ടന്നെ അത്ര വല്യ കമ്പനി ഇല്ല,

വര്‍ഗീസ്സച്ചായന്‍ വന്‍ സ്ട്രിക്ടാന്നാണ് അ‌ങ്ങേരു പറഞ്ഞ് കേട്ടത്....
കൂടെ വൈഫ് മാത്രേ ഒള്ളൂ, മക്കളൊള്ളത് ഒബാമേടെ നാട്ടിലാ... ന്നാ ഞങ്ങളെ മക്കളായികണ്ട് ദിവസോം വല്ല ചിക്കനോ മട്ടനോ ഒക്കെ തന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.... എവിടെ?? വന്‍ പിശുക്കാ...

ഒരു ദിവസം രാവിലെ , സത്യന്‍ സ്റ്റയിലില്‍," ഞങ്ങളമേരിക്കായ്ക്ക് മക്കള്‍ടടുത്ത് പോകുവാ, മര്യാദയ്ക്ക് ഇര്യ്ന്നോണം " എന്ന് ആജ്ഞാപിച്ച് അദ്ദ്യേം ഭാര്യേം കൂട്ടി രണ്ട് മാസ ഔദ്യോഗിക ട്രിപ്പടിക്കാന്‍ പോയപ്പോഴാണു എന്‍‌റ്റെ ബാംഗ്ലൂരിനു സ്വാതന്ത്യം കിട്ടിയതു...

വല്ലപ്പോഴും പിള്ളേരെ പേടിപ്പിക്കാന്‍ വന്ന് പോവാറുണ്ടായിരുന്ന വര്‍ഗ്ഗീസച്ചായന്‍‌റ്റെ ബ്രദര്‍അച്ചനെ( ശരിക്കും പള്ളിലച്ചന്‍) ഒഴിച്ചാല്‍ അവിടം പിന്നീട് ശാന്തസുന്ദരമായിരുന്നു....

എങ്ങും പക്ഷികള്‍ കളകുജനം മുഴക്കി
പൂവുകള്‍ പൂത്തു.
തരുണീമണികള്‍ ആവശ്യാനുസരണം കടാക്ഷം എറിഞ്ഞ് ചന്നം പിന്നം റോഡേക്കൂടെ നടന്ന്പോയി....

അങ്ങിനെ ഒരു ഞായര്‍ സുദിനത്തില്‍ ടെറസ്സില്‍ രണ്ട് പുഷ്‌അപ്പ് ഒക്കെ എടുത്ത് , ബോറഡിച്ച് വായ്നോക്കി നില്‍ക്കുമ്പോഴാണു, അയല്‍‌വാസി ഇന്‍ഫോസിസിനെ ഡിറ്റെയില്‍ഡ് ആയി പരിചയപ്പെടുന്നതു...

ആരും സഹിക്കൂല്ല,
ഡയലോഗ്സ് കേട്ടാല്‍ അവന്‍ നാരായണമൂര്‍ത്തീടെ പിതാവാണെന്നും, അവനില്ലേല്‍ ഇന്‍ഫോസിസ് തകര്‍ന്ന് തരിപ്പണമായിപ്പോവും എന്നും നുമ്മ ധരിച്ച് പോവും,
"ഒന്നു പോട അപ്പനെ, എന്നിട്ടാണു ഈ വന്‍ സെറ്റപ്പില്‍ താമസിക്കുന്നതു ", നമ്മള്‍ ആത്മ ഗതം ചെയ്തു....

ലുക്ക് മാന്‍, ഐ ആം ബേസിക്കലി ടാമിള്‍, ബട്ട് വോണ്ട് സപീക്ക് ടാമിള്‍,
( ഓഹ്!!! തമിള്‍ ഭാഷ അവനു ടാമിള്‍ ആണു, കൊള്ളാലോ )


ഇതൊക്കെ നിരീച്ച് മാനത്തേക്ക് നോക്കിയപ്പോള്‍ അതാ...
ഇളം കാറ്റില്‍ തേങ്ങാക്കുലകള്‍ ആടുന്നു.... ആടുന്നില്ലേലും നല്ല ശേലൊണ്ട്...
വീടിനോട് ചേര്‍ന്നുള്ള തെങ്ങാ, ടെറസ്സില്‍ നില്‍ക്കുന്നതോണ്ട് അടുത്ത് കാണാം.
നാട്ടിലാണേല്‍ പത്തിരുപത് തെങ്ങൊണ്ട്, തേങ്ങാ പറിക്കണ സമയത്ത് അതു പെറുക്കികൂട്ടണതു എന്‍‌റ്റെ ഡ്യൂട്ടിയായിട്ട് അച്ഛന്‍ കല്പിച്ചിട്ടൊള്ളതാ, കൂട്ടത്തില്‍ എന്തായാലും കുറച്ച് സ്പെഷ്യല്‍ കരിക്കൂടെ പറിക്കും, അതൊക്കെ ഇങ്ങനെ വെട്ടിപ്പൊളിച്ച് കഴിക്കുംമ്പോ എന്തൊരു സുഖമാ....

ഈ ഫ്ലാഷ്ബാക്ക് ഒക്കെ ആലോചിച്ച് വായുമ്പൊളിച്ച് നില്‍ക്കണ കണ്ട് ഇന്‍ഫോസിസും മേലോട്ട് നോക്കി,
ഓഹ് കോക്ക്നട്ട്, യു വാണ്ട്, ഇറ്റ്സ് വെരി നിയര്‍, വീ കാന്‍

എഹ്, കിട്ടിയാല്‍ കൊള്ളാമാരുന്നു...ഞാനുര ചെയ്തു

ബട്ട് ഹൗ ?

ഐ വില്‍, ടെറസ്സീന്ന് അവന്‍ തെങ്ങിലേക്ക് ചാടിക്കേറി.
തെങ്ങിലേക്ക് അനായാസം കയറിയ അവനെ ഞാന്‍ നിര്‍നിന്മേഷനായി ഭക്ത്യാദരങ്ങളോടെ നോക്കി,

രണ്ട് കരിക്ക് പറിച്ച് ആശാന്‍ താഴെ എത്തി,
ഇനി ഇതെങ്ങനെ പൊളിക്കും? കുക്കിങ്ങും കത്തീം ഒന്നും കയ്യിലില്ലാത്ത കാലമാണു....

കരിക്ക് കണ്ടതും പരിശുദ്ദാത്മാവ്,ദൈവവിളിക്കാരന്‍, എന്‍‌റ്റെ സഹമുറിയന്‍, ചാടി മുറിക്ക് വെളിയിലെത്തി,
ബൈബിള്‍ വായിച്ചോണ്ടിരുന്ന മനുഷ്യനാണു..
പൊളിക്കലാണോ വിഷമം , അദ്ദ്യേം സ്ക്രൂഡ്രൈവര്‍ കയ്യിലെടുത്തു,
" എടാ പ്രാക്ടിക്കലായി ചിന്തിക്കണം"
എന്ന് ഉപദേശിച്ച് രണ്ടും പൊളിച്ച് കയ്യില്‍ തന്നു...
ശരിയാ തല്‍ക്കാലം പ്രാക്ടിക്കലായി തിന്നാം എന്നു കരുതി ഒരു ഒന്നര എണ്ണം ഞങ്ങള്‍ റൂം മേറ്റ്സും, ബാക്കി ഇന്‍ഫോസിസും തിന്നു...

അങ്ങനെ കൊച്ച് വര്‍ത്തമാനം ഒക്കെ കഴിഞ്ഞ് രാത്രി ആയപ്പോള്‍

അതാ മുറ്റത്തൊരു ബഹളം,
വര്‍ഗീസച്ചായന്‍‌റ്റെ ബ്രദര്‍ !!
നല്ലവരായ ഏതോ അയല്‍ക്കാരന്‍ ഫോണ്‍ വിളിച്ച് പറഞ്ഞതനുസരിച്ചുള്ള വരവാണു.....

ദൈവവിളിക്കാരന്‍ ചാടി മുറിക്കകത്ത് കേറി കുറ്റി ഇട്ട് കളഞ്ഞ്,
പാപി, ഇനി രക്ഷ ഇല്ല, ഞാന്‍ പിടിക്കപ്പെട്ടു.


ഈശോ മിശിഹായ്ക്ക് സ്തുതി ആയ്ക്കട്ടെ അച്ചോ...

സ്തുതി അവിടിരിക്കട്ടെ, ആര്രാടാ ഇവിടെ തേങ്ങാ കട്ടതു ? ഇങ്ങനണേല്‍ നീയിക്കെ എന്തൊക്കെ കക്കുമെടാ ?

ഛായ്, സവ്‌രിമലമുര്വാ..... നാണം കെട്ടു. നാട്ടിലാണേല്‍ എനിക്ക് നല്ല പേരാ,
ഇവിടെയിതാ ഞാന്‍ വെറും ഒരു തേങ്ങാകള്ളന്‍ ആക്കപ്പെട്ടിരിക്കുന്നു...

അപ്പുറത്തെ തരുണീമണികളും കൊച്ച്പിള്ളേരും വരെ, നാട്ടാര് ഉല്‍സവ ഘോഷയാത്ര കാണാന്‍ നിക്കണ പോലെ ഇങ്ങോട്ട് തന്നെ നോക്കി നില്‍ക്കുന്നു...


ലജ്ജാവഹം ,

ഇനി വേറൊരു വഴീം ഇല്ല ഒറ്റിക്കൊടുക്ക തന്നെ, യൂദാസായ നമ:

അതായതു അച്ചോ ,ഞാനല്ല അതു ചെയ്തതു ...
തേങ്ങാ പറിച്ചതും തിന്നതുമൊക്കെ അപ്പുറത്തെ ലവനാകുന്നു....
വേണ്ടാ വേണ്ടാന്ന് ഞാന്‍ പല തവണ പറഞ്ഞ‌‌‌താ, പക്ഷേങ്കി,

ഞാന്‍ മനസ്സാ വാചാ കര്മ്മണാ......

അച്ചന്‍ ദാ കാറ്റുപോലെ ഇന്‍ഫോസിസന്‍‌റ്റെ മുന്‍പിലേക്ക്,

ഓഹ് ഇതു പോലെ ഒരു പ്രഭാഷണം ഞാന്‍ കേട്ടിട്ടില്ല...
ആ നാട്ട്കാരും കേട്ടിട്ടുണ്ടാവില്ല,
അച്ചന്‍ കണ്ടിന്യുസ് ആയി മനോഹരമായ മുത്തുകള്‍ പൊഴിച്ചു

ഇന്‍ഫോസിസന്‍ അന്തം വിട്ട്, എന്തോ പോയ ആരെയോ പോലെ നിന്നു......

എന്നാലും ഒരു ഇടയന്‍ ഇങ്ങനെ ഒക്കെ പറയാന്‍ പാടുണ്ടോ.
..ഒരു പത്ത്പതിനഞ്ച് ലാസ്റ്റ് വാണിംങ്ങും കൊടുത്ത് അര മണിക്കൂര് കഴിഞ്ഞ് അച്ചന്‍ പോയി,

പിന്നീട് എപ്പോ എന്നെ കണ്ടാലും , ഇന്‍ഫോസിസിന്‍‌റ്റെ മുഖം എന്തോ മണ്ടരി ബാധിച്ച തേങ്ങ പോലെയാണു....