വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

15 July 2012

അത്മാവിന്റെ കുറ്റബോധം




"അമ്മേ......"
അമ്മ പറയാറില്ലേ ഈ മുറിയിൽ വരുമ്പോൾ ഞാനിവിടെയെവിടെയോ ഉള്ളതു പോലെ തോന്നുന്നെന്ന് ?
ഞാനമ്മയുടെ വിരൽതുമ്പിൽ തൊടുന്നത് പോലെ തോന്നുന്നെന്ന്?
സത്യമാണമ്മേ...
പതിനേഴ് ....
അല്ലല്ലോ.... പിന്നെയും കഴിഞ്ഞ നാലഞ്ച് വർഷങ്ങളും ഈ മുറിയിൽ തന്നെയല്ലേ ഞാൻ ജീവിച്ചത്.
അമ്മയ്ക്കറിയുമോ ? ദുർമ്മരണം നടന്ന ആത്മാക്കൾക്ക് ആഗ്രഹിച്ചാലും പെട്ടന്ന് വിട്ട് പോകാൻ കഴിയില്ലെന്ന്,ആരുമറിയാതെ , ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ,  തിരിച്ച് കിട്ടാത്ത ജീവിതത്തോടുള്ള ആർത്തിയോടെ  ജീവിച്ചേ  ഒക്കൂ.

എനിക്ക് എല്ലാവരേയും കാണാം കേട്ടോ..
വൈകുന്നേരങ്ങളിൽ എല്ലാരൂടെ  വിശേഷങ്ങൾ പറഞ്ഞ് ചായ കുടിച്ചും ടീവി കണ്ടുമൊക്കെ ഇരിക്കുമ്പോൾ, വന്നിരുന്ന് വർത്തമാനം പറയാൻ കൊതിയാവും.
ചേട്ടൻ എന്നെ മുഴുവനായും മറന്നു അല്ലേ.
മോളേന്ന് തികച്ച് വിളിക്കാഞ്ഞ അച്ഛൻ എന്നെ ഓർമ്മിക്കാതായിത്തുടങ്ങി എന്ന് തോന്നുന്നു.
പക്ഷേ, രാത്രി അമ്മ ഉറങ്ങാതെ മച്ച് നോക്കി കിടക്കുമ്പോൾ ആ കണ്ണുകളിൽ എന്റെ പതിനേഴ് വർഷങ്ങൾ ഞാൻ കാണാറുണ്ട് കേട്ടോ.
നെഞ്ചെരിയുന്നുവെന്ന് അമ്മ പറയുമ്പോൽ അച്ഛനു കാര്യം മനസ്സിലാവും ... പണ്ടൊക്കെ ആശ്വസിപ്പിച്ചിരുന്നത് ഇപ്പോപ്പോ നിസംഗതയായി അല്ലേ?

അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കാൻ തോന്നാറുണ്ട്. ...പക്ഷേ എന്തു ചെയ്യാനാ!

എന്നെ കണ്ടതു പോലെ തോന്നിയെന്നൊക്കെ  പറഞ്ഞപ്പോൾ,  അന്ധവിശ്വാസം എന്ന് പറഞ്ഞിരുന്നില്ലേ നമ്മുടെ നാത്തൂൻചേച്ചി,
കുറച്ച് ദിവസം മുൻപ് എന്തിനോ എന്റെ മുറിയിൽ കയറിയിട്ട്, പൂച്ചയുടെ ശബ്ദം കേട്ടാണെന്ന് തോന്നുന്നു, വിളറി വെളുത്താ മുറിയിൽ നിന്നോടിയത്!!
പിന്നെ എന്റെ മുറിയിലേക്ക് വന്നിട്ടേയില്ല. മുറിക്ക്പുറത്തൂടെ പോവുമ്പോളൊരു ഭയന്ന നോട്ടം....
അതെന്താ അമ്മേ അങ്ങിനെ ? ചേച്ചിയെ ഞാനെന്തു ചെയ്യാനാ?
സംഭവം സത്യത്തിൽ തമാശയാണെങ്കിലും അപ്പോൾ എനിക്ക് വല്യ വിഷമം വന്നു കെട്ടൊ.

സാരമില്ല, എന്റെ  അമ്മയ്ക്ക് എന്നെ പേടിയില്ലല്ലോ അല്ലേ!!