എയർപോർട്ടിലിരിക്കുമ്പോളാണവന്റെ മുഖം വീണ്ടും കാണുകയുണ്ടായത്.
അല്ല.
അതവനല്ല.
ആ മുഖഭാവം അവൻ തന്നെയെന്ന് ഒരു നിമിഷം തോന്നിച്ചതാണു.
വീൽചെയർ തള്ളികൊണ്ട് പോയ സ്ത്രീ അമ്മയാവും, മുഖം തുളച്ചിറങ്ങുന്ന നോട്ടവുമായവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോഴേക്കും മനസ്സ്, മൈസൂരിലെത്തിയിരുന്നു.
ഒരു വർഷം മുൻപാണത്,
മുറിയിൽ സഹമുറിയന്മാരുടെ വെള്ളിയാഴ്ച ആഘോഷം.ബിയർ ബോട്ടിലുകൾക്കപ്പുറമിരുന്ന് സുഹ്യത്ത് ചുരുട്ടി വിടുന്ന സിഗരറ്റ്പുക ചുറ്റും വലയം ചെയ്തുയരുന്നതിനൊപ്പിച്ച് ശിരസ്സ് കൂടി കറങ്ങാൻ തുടങ്ങുമ്പോഴാണു രണ്ട് പേർക്കും തത്വചിന്തകൾ ഉണരാറു.
ചിയേഴ്സിനു ശേഷം തുടങ്ങുന്ന ചർച്ചകളിൽ ഓഫീസ് വിഷയങ്ങൾ, വീടു പണി, വിലക്കയറ്റം, അഴിമതി, ആഗോളവൽക്കരണം, കാശ്മീർ, പലസ്തീൻ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് , ബീഫ് ഫ്രൈയിൽ അവശേഷിച്ചിരിക്കുന്ന ഒരൽപ്പം ഉള്ളിയും, ചിക്കൻകറിയുടെ ചാറും മൽസരിച്ച് വടിച്ച് നക്കി, ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഗുരുതരവിഷയവുമായ പ്രണയം അഥവാ ലൈനടിയിൽ എത്തിച്ചേരും,