വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

11 October 2012

ദൈവത്തിന്റെ മറ്റു ചില വിക്യതികൾ

 

എയർപോർട്ടിലിരിക്കുമ്പോളാണവന്റെ മുഖം വീണ്ടും കാണുകയുണ്ടായത്.
അല്ല.
അതവനല്ല.
ആ  മുഖഭാവം അവൻ തന്നെയെന്ന് ഒരു നിമിഷം തോന്നിച്ചതാണു.
വീൽചെയർ തള്ളികൊണ്ട് പോയ സ്ത്രീ അമ്മയാവും, മുഖം തുളച്ചിറങ്ങുന്ന നോട്ടവുമായവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോഴേക്കും മനസ്സ്,  മൈസൂരിലെത്തിയിരുന്നു.

ഒരു വർഷം മുൻപാണത്,

മുറിയിൽ സഹമുറിയന്മാരുടെ വെള്ളിയാഴ്ച ആഘോഷം.ബിയർ  ബോട്ടിലുകൾക്കപ്പുറമിരുന്ന് സുഹ്യത്ത് ചുരുട്ടി വിടുന്ന സിഗരറ്റ്പുക ചുറ്റും  വലയം ചെയ്തുയരുന്നതിനൊപ്പിച്ച് ശിരസ്സ് കൂടി കറങ്ങാൻ തുടങ്ങുമ്പോഴാണു രണ്ട് പേർക്കും തത്വചിന്തകൾ ഉണരാറു.

ചിയേഴ്സിനു ശേഷം തുടങ്ങുന്ന ചർച്ചകളിൽ ഓഫീസ് വിഷയങ്ങൾ, വീടു പണി, വിലക്കയറ്റം, അഴിമതി,  ആഗോളവൽക്കരണം, കാശ്മീർ, പലസ്തീൻ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് , ബീഫ് ഫ്രൈയിൽ അവശേഷിച്ചിരിക്കുന്ന ഒരൽപ്പം ഉള്ളിയും, ചിക്കൻകറിയുടെ ചാറും മൽസരിച്ച്  വടിച്ച് നക്കി, ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഗുരുതരവിഷയവുമായ പ്രണയം അഥവാ ലൈനടിയിൽ എത്തിച്ചേരും,

05 August 2012

മോനായിയുടെ യാഗം




മോനായി  ഒരു പഴേ ദോസ്താണു.
വെള്ളമടിയില്ല, പുഹയില്ല, അലമ്പില്ല, ഞങ്ങളൊഴിച്ച് അനാവശ്യ കൂട്ട്കെട്ടില്ല ,  ചുരുക്കത്തിൽ തങ്കപ്പെട്ട ഒരു മാന്യൻ.
ഉൽസവപ്പറമ്പിൽ കൊണ്ടുവച്ച ജനറേറ്റർ ശബ്ദത്തിൽ ഞാനടക്കം  നിദ്രയിലാറാടുമ്പോൾ ,മോനായി പ്രഭാതങ്ങളിൽ കളസമണിഞ്ഞ് സവാരിയും, അപാര വ്യായാമങ്ങളും ചെയ്ത് ആറു കട്ടയായി.

ജോഗിംങ്ങിനിറങ്ങുന്ന കളേർസിനേക്കുറിച്ചുള്ള വിവരണത്തിൽ മയങ്ങി  നാലു ദിവസം പോയി നോക്കിയെങ്കിലും  അഞ്ചാം ദിവസം ഞാൻ  കോലൊടിച്ചിട്ട് സമാധിയായി.

ഫെയറാന്റ് ലൗലി, ഇമാമി, കുട്ടിക്കൂറ എന്നിവ എവിടെക്കണ്ടാലും, ഓണർഷിപ്പ് നോക്കാതെ അപ്ലൈ ചെയ്യുക, പിന്നെ കറുപ്പിനഴക് ഓ ഓ ഓ ഔദ്യോഗിക ഗാനവും ഒഴിച്ചാൽ ആളു തീരെ ഉപദ്രവകാരിയല്ല..

ജോലിക്ക് ജോലി, കാശിനു കാശ്,ജീൻസിനു ജീൻസ്, ടീഷർട്ടിനു ടീഷർട്ട്!
എന്നാലും 100  സി സി ബൈക്കിൽ ഒരു പൂജാഭട്ട് ഇല്ലാതിരുന്നത് അവനെ വിഷാദനിമഗ്മ്നാക്കി.
 ആഴത്തിലുള്ള കൂട്ട പഠനങ്ങൾക്കും, റഫറൻസുകളിൽ നിന്നും ചാറ്റിംങ്ങ്, ഓർക്കുട്ടിംങ്ങ് ( അന്ന് ഫേസ്ബുക്ക് ഒക്കെ ഭ്രൂണം!)എന്നിവയുടെ അപാരസാധ്യതകളേക്കുറിച്ച് മനസ്സിലാക്കുകയും , പിറ്റേ ദിവസ്സം റൂമിൽ ഇന്റർനെറ്റ് കണക്ക്ഷൻ അടിയന്തിരമായി  ഉത്ഘാടനം ചെയ്യുകയും ഉണ്ടായി.

ഷെയറിട്ടാണെങ്കിലും, പുറമ്പോക്ക്ഭൂമി കയ്യേറണപോലെ മോനായി ഒറ്റയ്ക്കങ്ങ് ആധിപത്യം സ്ഥാപിച്ചു. ആഭ്യന്തരകലഹങ്ങൾക്കും,മുട്ടനടിക്കുമവസാനം  അവൻ അസന്നിഗ്ദമായി സിദ്ദാന്തിച്ചു....
" ആരു വേണമെങ്കിലും നെറ്റ് ഉപയോഗിച്ചോ...... ബട്ട്!!! സിസ്റ്റം തരില്ല, അത് എന്റെയാകുന്നു!!!! "

സംഗതി ശെരിയാണല്ലോ .... !
പല്ല് കടിച്ച് ഞങ്ങൾ പഴേ  കാരംസിലേക്കും,ചീട്ട് കളിയിലേക്കും മടങ്ങിപ്പോയി... കഴുത കളി തന്നെ.

അനന്തരം മോനായി സ്വാമിയായി.
ഓഫീസ് വിട്ട് വന്നാൽ സിസ്റ്റം ഓണാക്കും.

15 July 2012

അത്മാവിന്റെ കുറ്റബോധം




"അമ്മേ......"
അമ്മ പറയാറില്ലേ ഈ മുറിയിൽ വരുമ്പോൾ ഞാനിവിടെയെവിടെയോ ഉള്ളതു പോലെ തോന്നുന്നെന്ന് ?
ഞാനമ്മയുടെ വിരൽതുമ്പിൽ തൊടുന്നത് പോലെ തോന്നുന്നെന്ന്?
സത്യമാണമ്മേ...
പതിനേഴ് ....
അല്ലല്ലോ.... പിന്നെയും കഴിഞ്ഞ നാലഞ്ച് വർഷങ്ങളും ഈ മുറിയിൽ തന്നെയല്ലേ ഞാൻ ജീവിച്ചത്.
അമ്മയ്ക്കറിയുമോ ? ദുർമ്മരണം നടന്ന ആത്മാക്കൾക്ക് ആഗ്രഹിച്ചാലും പെട്ടന്ന് വിട്ട് പോകാൻ കഴിയില്ലെന്ന്,ആരുമറിയാതെ , ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ,  തിരിച്ച് കിട്ടാത്ത ജീവിതത്തോടുള്ള ആർത്തിയോടെ  ജീവിച്ചേ  ഒക്കൂ.

എനിക്ക് എല്ലാവരേയും കാണാം കേട്ടോ..
വൈകുന്നേരങ്ങളിൽ എല്ലാരൂടെ  വിശേഷങ്ങൾ പറഞ്ഞ് ചായ കുടിച്ചും ടീവി കണ്ടുമൊക്കെ ഇരിക്കുമ്പോൾ, വന്നിരുന്ന് വർത്തമാനം പറയാൻ കൊതിയാവും.
ചേട്ടൻ എന്നെ മുഴുവനായും മറന്നു അല്ലേ.
മോളേന്ന് തികച്ച് വിളിക്കാഞ്ഞ അച്ഛൻ എന്നെ ഓർമ്മിക്കാതായിത്തുടങ്ങി എന്ന് തോന്നുന്നു.
പക്ഷേ, രാത്രി അമ്മ ഉറങ്ങാതെ മച്ച് നോക്കി കിടക്കുമ്പോൾ ആ കണ്ണുകളിൽ എന്റെ പതിനേഴ് വർഷങ്ങൾ ഞാൻ കാണാറുണ്ട് കേട്ടോ.
നെഞ്ചെരിയുന്നുവെന്ന് അമ്മ പറയുമ്പോൽ അച്ഛനു കാര്യം മനസ്സിലാവും ... പണ്ടൊക്കെ ആശ്വസിപ്പിച്ചിരുന്നത് ഇപ്പോപ്പോ നിസംഗതയായി അല്ലേ?

അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കാൻ തോന്നാറുണ്ട്. ...പക്ഷേ എന്തു ചെയ്യാനാ!

എന്നെ കണ്ടതു പോലെ തോന്നിയെന്നൊക്കെ  പറഞ്ഞപ്പോൾ,  അന്ധവിശ്വാസം എന്ന് പറഞ്ഞിരുന്നില്ലേ നമ്മുടെ നാത്തൂൻചേച്ചി,
കുറച്ച് ദിവസം മുൻപ് എന്തിനോ എന്റെ മുറിയിൽ കയറിയിട്ട്, പൂച്ചയുടെ ശബ്ദം കേട്ടാണെന്ന് തോന്നുന്നു, വിളറി വെളുത്താ മുറിയിൽ നിന്നോടിയത്!!
പിന്നെ എന്റെ മുറിയിലേക്ക് വന്നിട്ടേയില്ല. മുറിക്ക്പുറത്തൂടെ പോവുമ്പോളൊരു ഭയന്ന നോട്ടം....
അതെന്താ അമ്മേ അങ്ങിനെ ? ചേച്ചിയെ ഞാനെന്തു ചെയ്യാനാ?
സംഭവം സത്യത്തിൽ തമാശയാണെങ്കിലും അപ്പോൾ എനിക്ക് വല്യ വിഷമം വന്നു കെട്ടൊ.

സാരമില്ല, എന്റെ  അമ്മയ്ക്ക് എന്നെ പേടിയില്ലല്ലോ അല്ലേ!!


31 May 2012

ചുവന്ന നക്ഷത്രം



തേജസ്സ്വിനിപുഴയ്ക്കരികിലൂടെ കുഞ്ഞിക്കണാരൻ നടന്നു.
 ഇട്ട്യേരിയമ്പുവിന്റെ ചായപ്പീടികയിൽ രാവിലെ ഒരു  ചൂട് ചായ  എന്നും ശീലമാണയാൾക്ക്.
പ്രായത്തിന്റെ അവശതകൾ അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടേയില്ല.
ചെത്തിനു പോകുമ്പോളേ ഉള്ള ശീലമായിപ്പോയി.
 പണ്ടൊക്കെ,കള്ള് അളവു കഴിഞ്ഞാൽ പാർട്ടി പരിപാടിയോ കല്യാണം പോലെ സഹായപരിപാടിയോ ഇല്ലെങ്കിൽ, വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു.
എന്തൊരാവേശമായിരുന്നു...
പത്രം അരിച്ച് തീർത്ത്, ചർച്ചകളിൽ മുഴുകി.. കുട്ട്യാലിയും, ചെറായി രാഘവനും ഒക്കെ കൂടെ ഒരു കൂട്ടം!
വൈകുന്നേരം വായനശാലയിൽ നിന്ന് ഒരു പുസ്തകവുമെടുത്ത് പുരയിലേക്ക്,
കൈയ്യിലെ പക്കാവടയുടെ പൊതിക്ക് കൊച്ചുചെറുക്കനും, ലീലയും,ചന്ദ്രികയുമൊക്കെ കാത്ത് നിൽക്കണുണ്ടാവും.

18 May 2012

എൻറ്റെ വാഹനാന്വേഷണ പരീക്ഷണങ്ങള്‍ - ഒന്നാം വാല്യം



ഒരു ഫയങ്കര ഡ്രൈവറായിരുന്നല്ലോ ഞാൻ. (യേസ്  , ഭൂമിയുടെ ഭ!!  )
ഭയങ്കരം എന്ന് പറയുമ്പോൾ ഭയം അങ്കുരിപ്പിക്കുന്ന, ഭയാനകമായ എന്നൊക്കെയാണർത്ഥം എന്നോർക്കണം!
വഴിനടക്കാർക്കും മറ്റു ഡ്രൈവർമ്മാർക്കും മാത്രമല്ല,ഗിയറെങ്ങോട്ട് ഇടണം എന്ന് കലുങ്കഷമായി ചിന്തിച്ച് വണ്ടിയോടിച്ച എനിക്കു വരെ അങ്ങനെയായിരുന്നു.

എന്തൊക്കെയാണെങ്കിലും കുഞ്ഞുനാളുതൊട്ടേ വാഹനങ്ങൾ എനിക്ക് ഇഷ്ടമാണു.
എൽപി സ്കൂൾ കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ആദ്യ വാഹനം എന്റെ ഓർമ്മയിൽ 'ഉജാല സിംഗിൾ ഹാൻഡിൽ വെഹിക്കിൾ' ആയിരുന്നു.

വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാവുന്ന ഈ വാഹനത്തിനു ഇൻഗ്രേഡിയന്റ്സ് ആയി വേണ്ടതു നിങ്ങൾക്കറിയാവുന്നതു പോലെ, രണ്ട് പഴയ റബർചെരിപ്പും ഒരു നീളൻ കോലും ( വെർട്ടിക്കൽ ), ചെറിയ കോലും ( ഹൊറിസോണ്ടൽ ) ഒരു കാലി ഉജാലകുപ്പിയും മാത്രമാണു.പിന്നെ വേണ്ട വിധത്തിൽ മുറിച്ചെടുക്കാൻ ഒരു അരിവാൾ അത്യുത്തമം.

04 May 2012

സംത്യപ്തിയുടെ ചില മൂളിപ്പാട്ടുകള്‍



പണ്ടൊക്കെ ഒരു അലസതയായിരുന്നു... ഇപ്പോഴെല്ലാത്തിനും ഒരു പുതുമയുണ്ട്...
ക്യത്യം അലാറം അടിച്ചാല്‍ എഴുന്നേല്‍ക്കും,
ടെറസ്സില്‍  രണ്ട് പുഷപ്പ് എടുത്ത് , ഒരു ചായയും കുടിച്ച് പക്ഷികളുടെ കലപിലയും കേട്ട് താഴേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമാണു.

സ്കൂളിലേക്ക് മക്കളെയൊരുക്കുന്ന വനജേച്ചിയുടെ പരിദേവനങ്ങളും പതിവ്പോലെ ആരംഭിച്ചിട്ടുണ്ട്..
ഇവരെന്തിനാണു ഒരു ബുദ്ദിമുട്ട് പോലെ കാര്യങ്ങള്‍ ചെയ്യുന്നത് ? എല്ലാവരോടും നല്ല സന്തോഷത്തോടെ പെരുമാറിക്കൂടെ.

മുന്‍പിലത്തെ വീട്ടീല്‍ നിന്ന് സീനയുടെ ശബ്ദം ഇടയ്ക്ക് മുറിഞ്ഞ് വീഴുന്നുണ്ട്. അവള്‍ മൂളിപ്പാട്ട് പാടുകയാണോ ?

അജിയുടെ ചുണ്ടത്ത് ഒരു പുഞ്ചിരി വന്നു.

സീനയെ ചെറുതായി ശ്രദ്ദിച്ചിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല അടുത്തകാലം വരെ.
ഒരേ ബസ്സിനാണു പോക്കും വരവും,
അന്നൊരു ദിവസ്സം അവളുടെ പേഴ്സില്‍ പൈസ തീര്‍ന്നതെത്ര നന്നായി.

കണ്ടക്ടറോട് ടിക്കറ്റ് വാങ്ങി കയ്യില്‍ വച്ച്, പേഴ്സെടുത്ത് തിരിച്ചും മറിച്ചും പരിഭ്രമത്തോടെ നോക്കിയ അവളുടെ മുഖത്ത് നിഷകളങ്കതയുടെ ഒരു വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു

"വനജാന്റീടെ വീടിന്റെ മോളില്‍ താമസിക്കണ അജിത്തല്ലേ,
കാശെടുക്കാന്‍ വിട്ട് പോയി, ഒന്ന് ടിക്കറ്റെടുക്കുമോ നാളെത്തരാം "

എങ്ങനെയാണു സീനേ ആ ടിക്കറ്റ് ഞാനെടുക്കാതിരിക്കുക!!

പിറ്റേന്നാണു....
ബസ്സ്സ്റ്റോപ്പിലേക്ക് ധ്യതി പിടിച്ച് നടക്കുമ്പോള്‍ പുറകില്‍ നിന്ന് അവളുടെ ശബ്ദം....
ആ പണം തിരിച്ച് തരാനാണു, വേണ്ടെന്ന് പറഞ്ഞിട്ടും തന്നു..

പിന്നെ ബസ്സ്റ്റോപ്പിലേക്ക് ഒരുമിച്ചുള്ള നടത്തം പതിവായി.
പരസ്പരം അല്പ്പം വിശേഷങ്ങളൊക്കെ  കൈമാറി ഒരുമിച്ചുള്ള ആ നടത്തം.
ആ ഇരുനിറസുന്ദരിയുടെ ചിരികളില്‍ തന്നോടുള്ള അടുപ്പം വിളിച്ച് പറയുന്നത് പോലെ

കുളിച്ച് കൊണ്ടിരുന്നപ്പോള്‍ അജിക്കും ഒരു മൂളിപ്പാട്ട് വന്നു... ജീവിതത്തിനു ഒരര്‍ത്ഥമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണു.

അല്പ്പം ഡിയോഡറന്റ് പ്രസ്സ് ചെയ്തു..
കണ്ണാടി നോക്കി മുടി വലത് വശത്തേക്ക് ചീകി
മീശയില്‍ പുറത്തെക്ക് തള്ളി നില്‍ക്കുന്ന രോമങ്ങള്‍ കത്രിക എടുത്ത് കട്ട് ചെയ്തു..
കൊള്ളാം ... ഒരു ലുക്കൊക്കെയുണ്ട്...

ഓഹ് ...മൊബൈല്‍ റിംങ്ങ്.... അമ്മ വിളിക്കുന്നു...

"മോനേ ഇയ്യെന്താ ഈ ആഴ്ചേം വീട്ടിക്ക് വരാഞ്ഞെ ? ഇവിടമ്മ മാത്രേ ഉള്ളൂന്ന് മറന്നോ ? "

" വരാം അമ്മാ , ഓഫീസില്‍ നല്ല തിരക്കുണ്ടാര്‍ന്ന്... ഈയാഴച നോക്കട്ടെ...."
"ഉം...ഇയ്യ് ഒന്ന് വിളിച്ചൂടില്ലാ"

"വിളിക്കാമ്മേ , ബസ്സിനു പോണം ... വെക്കട്ടെ"

ഫോണ്‍ കട്ട് ചെയ്തു... അപ്പുറത്തെന്തോ പറയുന്നുണ്ട്....

അജിയ്ക്ക് ഈര്‍ഷ്യ തോന്നി....
ബസ്സ് പോവുന്ന് അമ്മയ്ക്കറിയണ്ടല്ലോ, പോരാത്തതിനു ആ ബസ്സിനാണു സീനയും...

അജി സ്റ്റെപ്സ് ഇറങ്ങി തിരക്കിട്ട് നടന്നു... കഷ്ടം, സീന ബസ്സ്സ്റ്റോപ്പിലെത്തിക്കഴിഞ്ഞു.

അജി മുന്നില്‍ തന്നെയാണു കയറിയത്, എന്നാലേ സീനയോടെന്തെങ്കിലും സംസാരിക്കാനാവൂ.

സീറ്റുകളെല്ലാം ഫുള്ളാണു.
സ്ത്രീകളുടെ സീറ്റില്‍ ഒരു മധ്യവയസ്കനിരിക്കുന്നു.

അജിക്ക് ദേഷ്യം വന്നു,
" പെണ്‍കുട്ടികള്‍ നില്‍ക്കുന്നതു കണ്ടിട്ടും ഞെളിഞ്ഞിരിക്കുന്നോ " അല്പ്പം ഉറക്കെയായോ എന്തോ, ആളുകള്‍ നോക്കുന്നു
അയാളെഴുന്നേറ്റപ്പോള്‍ സീനയോട് തോളില്‍ തൊട്ട് അവിടെ ഇരിക്കാന്‍ പറഞ്ഞിരുത്തി

എഴുന്നേറ്റ്പോയ കഷണ്ടി വല്ലാത്ത നോട്ടം നോക്കുന്നു.

അജിക്ക് സ്വയം ഒരു ഉത്തരവാദിത്വബോധവും അഭിമാനവും തോന്നി.

ഇടംകണ്ണിട്ട് നോക്കി,
അവള്‍ പുറത്തെക്ക് കണ്ണ് നട്ട് ഇരിക്കുന്നു, ഒരല്പ്പം ദേഷ്യം പോലെ.
ആ മുടിയിഴകള്‍ ബസ്സിന്റെ സ്പീഡിനനുസരിച്ച് പായുന്നതും അവള്‍ മാടിയൊതുക്കുന്നതും കാണാന്‍ നല്ല ഒരു രസം തന്നെ.

ഓഫീസിനടുത്ത് സ്റ്റോപ്പിറങ്ങി കുമാരേട്ടന്റെ കുമ്മട്ടിയും കടന്ന് സീനയ്ക്ക് തിരിയണ്ട വഴിയായി..

"സീനയ്ക്കിന്നെന്താണു പറ്റിയതു ?"

സീന മുഖം തിരിച്ച് ഈര്‍ഷ്യയോടെ നോക്കി,

" എന്തിനാണു ആള്‍ക്കാരുടെ മുന്‍പില്‍ ഈ ഷോ ? എന്തിനാ ഇത്രക്ക് സ്വാതന്ത്യമെടുക്കുന്നത് ?"

എന്താ സീനാ ഇത്!!

" മുന്‍പേ പറയണന്ന് വെച്ചതാ, വനജാന്റി അമ്മയോടും പറഞ്ഞു, മോളു പേരുദോഷം കേള്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ദിച്ചോളാന്‍!!!
ഞാനായിട്ട് പേരുദോഷത്തിനൊന്നും ഇടവരിത്തിയില്ലാന്നാ എന്റെ വിശ്വാസം "

അജിയുടെ തൊണ്ട വരണ്ടു.. ഇനിയും വൈകേണ്ട... എന്നായാലും അവളോടത് പറയണം..

"സീനാ, ഞാനിത് പറയണംന്ന് കൊറേദിവസ്സമായി കരുതുന്നു
എനിക്ക് സീനയോട്..."

"കൂടുതല്‍ പറയേണ്ട അജിത്ത്, കാള വാലു പൊക്കുന്നത് കണ്ടാല്‍ മനസ്സിലാവും..
എല്ലാവന്മാരും കണക്കാ... പെണ്ണൊന്ന് ചിരിച്ചാല്‍ അപ്പൊ തുടങ്ങും ഏത് പൊട്ടനും രോഗം !!!!"

അവളുടെ മുഖം ചുവന്നു. ചവിട്ടിക്കുലുക്കി നടന്ന് പോയി.

അജിക്ക് തളര്‍ച്ചയും ദാഹവും തോന്നി..

ഒന്നിരിക്കണം... ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ സാധാരണ ചിരിക്കാറൂള്ള മുഖങ്ങള്‍ പരിഹസിച്ച് ചിരിക്കുന്നത് പോലെ.

ഫയലുകളിലെ അക്ഷരങ്ങള്‍ പരസ്പരം കൂടിക്കലര്‍ന്ന് മനസ്സിലാകാതായി

മുന്‍പിലേക്ക് ഒരു പേപ്പര്‍ നീണ്ടുവന്നു,

ഒന്നു ശരിയാക്കിതരൂ സര്‍!!! കുറച്ച് ദിവസ്സംമുന്‍പ് കണ്ട നരച്ച താടിക്കാരന്‍.

കലിയാണു വന്നത്, ഒറ്റതട്ട്!!

"തന്നോടല്ലെടൊ ഇതപ്പുറത്തെ സെക്ഷനിലേ ശരിയാക്കാന്‍ പറ്റൂ എന്ന് പറഞ്ഞത്"

ഓഫീസിലെ കസേരകള്‍ മുരള്‍ച്ചയോടെ തന്റെ നേരെ നോക്കുന്നു.
"എന്താ അജിത്തേ ? ഇത്" സീനിയര്‍ ക്ലര്‍ക്ക് രാജേട്ടനാണു

അജി എഴുനേറ്റ് വാഷ്റൂമിലേക്ക് നടന്നു,
പൈപ്പ് തുറന്ന് ശകതിയോടെ വെള്ളം മുഖത്തേക്ക് കുടഞ്ഞു.

കണ്ണാടിയില്‍ നോക്കി...
ഒട്ടിയ കവിളുകളും നീണ്ട കഴുത്തും,
മേല്‍‌വരിയിലെ പല്ലൊന്ന് ഉന്തിയതാണു.
അജി അതില്‍ കൈകൊണ്ട് അകത്തേക്ക്ക്ക് അമര്‍ത്തി നോക്കി.
ശെരിയാണു അവള്‍ പറഞ്ഞത്..... ഒരു പൊട്ടനേപ്പോലുണ്ട്..

നിനക്കെന്താണു നിന്നെക്കുറിച്ച്തന്നെ ഒരു ബോധമില്ലാതായത് ?
കണ്ണ് അല്പ്പം ചുവന്നിരിക്കുന്നു.. കരട് വീണ പോലെ...
അജിക്ക് കരയണമെന്ന് തോന്നി.

പൊടിപിടിച്ച ഫാന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കറങ്ങുന്നു.
അജി പുറത്തിറങ്ങി കാന്റീനടുത്ത് പോയി ഒരു സിഗരറ്റ് വലിച്ചു...

നശിച്ച ഓഫീസ്..
ഇന്നിനിയിവിടെ ഇരിക്കാനുള്ള മാനസികാവസ്ഥയില്ല.

ലീവെഴുതി പുറത്തിറങ്ങിയപ്പോള്‍ ആ നരച്ച താടി പിറുപിറുത്തുകൊണ്ട് നോക്കി നില്‍ക്കുന്നത് കണ്ടു...
തനിക്ക് കുന്തമാണു...

‌ചെന്നപ്പോള്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചേലാമ്പ്രക്ക് ക്യത്യം ഒരു ബസ്സ് കിടക്കുന്നു... കയറി പുറത്തേക്ക് നോക്കിയിരുന്നു.
എന്തൊരു വ്യത്തികെട്ട പരിസരമാണതു.

ടിക്കറ്റിനു നൂറു രൂപ കൊടുത്തപ്പോള്‍ കണ്ടക്ടര്‍ക്ക് ചില്ലറകൊടുക്കാത്തതില്‍ മുറുമുറുപ്പ്.
കാണുമ്പോള്‍ ദേഷ്യം അരിച്ച് വരുന്നത് പോലെ.

നിര്വ്വികാരതയുടെ കാഴ്ചകള്‍ പുറകിലേക്ക് ഓടി മറയുകയാണു. കണ്ണടച്ച് കിടന്നു.

ചേലാമ്പ്രയിറങ്ങി പാടവരമ്പ് കഴിഞ്ഞ് കവുങ്ങ്തോട്ടം. വീട്ടീലേക്കുള്ള വഴിയാണത്..

കൈതകാട്ടിനു പിന്നിലെന്താണു പെട്ടന്നൊരനക്കം..
ആ ചാവാലിപട്ടി.. കല്ലെടുത്തെറിഞ്ഞപ്പോള്‍ അത് കുതിച്ച് പാഞ്ഞ് പിന്നെ തിരിഞ്ഞ് നിന്ന് നോക്കുന്നു.

നശിച്ച പട്ടികള്‍... കൊല്ലണം ഇവറ്റകളെ..

ആരാ അത് ? അജിക്കുട്ടനാ ?

രഘുവേട്ടനാണു. പണ്ട് തന്നെ സ്കൂളില്‍ കൈപിടിച്ച് കൊണ്ടുപോകുന്നതും വരുന്നതും രഘുവേട്ടനായിരുന്നു.
കുന്നത്തൂര്‍ ഉത്സവത്തിനു ‌രഘുവേട്ടന്റെ തോളത്തിരുന്നത് ഓര്‍മ്മയുണ്ട്.

നല്ല ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു.
ചെങ്കൊടിയേന്തി ഏതു സമര‌ത്തിനും മുദ്രവാക്യം വിളിച്ച് രഘുവേട്ടന്‍ പോകുന്നത് കാണുമ്പോള്‍ ആര്‍ക്കും ആവേശം തോന്നും.
വോളിബോള്‍ ടുര്‍ണമെന്റു സംഘടിപ്പിക്കാനും, കല്യാണവീട്ടിലും വായനശാലയിലും   മുന്‍പന്തിയില്‍ നിന്നയാള്‍.

പക്ഷേ ഒരു നാള്‍ കുരുമുളക് പറിക്കാന്‍ പൊക്കമുള്ള മരത്തിലേക്ക് കയറിയപ്പോള്‍ വഴുതിയത് ആ ജീവിതത്തില്‍ നിന്ന് കൂടെയായിരുന്നു

പാറയിലിടിച്ച് അരയ്ക്ക് കീള്‍പ്പോട്ട് തളര്‍ന്ന് പോയി.

കൊണ്ട് പോകാവുന്നിടങ്ങളിലൊക്കെ നോക്കി. അവസാനം കണാരന്‍ വൈദ്യന്റെ ആയുര്‍‌വേദചികില്‍സയില്‍ വീട്ടിലെ ഒരു മുറിയിലേക്ക് ഒതുങ്ങി.

ആ രഘുവേട്ടനാണു ജനാലയിലൂടെ വിളിച്ചത്!!
ചെരുപ്പഴിച്ച് വച്ച് അകത്തേക്ക് കയറിയപ്പോള്‍ ചിരുതേയമ്മ ചിരിച്ച് കാട്ടി.

"എങ്ങനുണ്ട് രഘുവേട്ടാ ?"

"കുറവുണ്ടെന്നും പറയാം ഇല്ലെന്നും പറയാം അജിക്കുട്ടാ.. "രഘുവേട്ടന്‍ ചിരിച്ചു.

അജി ചുരുപാടും കണ്ണോടിച്ചു.
എല്ലാം അലങ്കോലപ്പെട്ട് കിടക്കുന്നു.

ശുഷ്കിച്ച നെഞ്ചില്‍ വെള്ളരോമങ്ങള്‍ കൂടുകൂട്ടിയിരിക്കുന്നു, ഷേവ് ചെയ്യാത്ത മുഖം! ഒരു ഭ്രാന്തനേപ്പോലെ തോന്നിക്കുന്നു.
പണ്ട് ശുശ്രൂഷിക്കാന്‍ പെങ്ങന്മാരും, പാര്‍ട്ടി സഖാക്കളും, യുവജനസംഘടനയിലെ സുഹ്യത്തുക്കളും മാറി മാറി നിന്നിരുന്നു.
ആളുകള്‍ കൂടൊഴിഞ്ഞ് തുടങ്ങിയ സമയത്തും, അജി ദിവസ്സവും വായനശാലയിലെ പുസ്തകങ്ങള്‍ എത്തിക്കാറുണ്ടായിരുന്നു.
ജോലിക്ക് വേണ്ടി മാറിതാമസിക്കേണ്ടി വന്നപ്പോഴതും മുടങ്ങി

ആ മുറിയില്‍  ഇന്ന് ശൂന്യതയും കുഴമ്പിന്റെ ഗന്ധവും നിറഞ്ഞ് നില്‍ക്കുന്നു.
ആ ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല,

അജി സ്റ്റൂളില്‍ ഇരുന്ന് ആ മുഖത്തേക്ക് നോക്കി.

"എന്താ സങ്കടം ?"

"ഒന്നുമില്ല രഘുവേട്ടാ!!"

അവിശ്വാസത്തോടെ തലയാട്ടി.
അജി മുഖം കുമ്പിട്ടിരുന്നു. എല്ലാകാര്യങ്ങളും പറയുമായിരുന്നു
പക്ഷേ ഇതു മനസ്സിലാവുമോ ആവോ ?

"രഘുവേട്ടന്‍ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?"

രഘു  ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ കണ്‍ചിമ്മാതെ അവനെ നോക്കി.

"ഇയ്യ് കേട്ടിട്ടില്ലേ ?
ഉണ്ടോനു ഇടം കിട്ടാഞ്ഞ്, ഉണ്ണാത്തോനു ഇല കിട്ടാതെ !!! "

രഘു  പൊട്ടിചിരിച്ചു....
അയ്യാളങ്ങിനെയാണു.

"എവിടെയോ വായിച്ചിട്ടുണ്ട് അജീ,
പട്ടിണി കിടക്കുന്നവനു പ്രണയം മണ്ണാങ്കട്ടയാണു."

രഘു അല്പ്പനേരം മച്ചിലേക്ക് നോക്കി കണ്മിഴിച്ചു കിടന്നു.

എന്നെയൊന്ന് നേരെയിരുത്തുമോ അജീ?

തലയണ ചെരിച്ച് വച്ച് തോളിലൂടെ കയ്യിട്ട് അയ്യളെ ഭിത്തി ചേര്‍ത്തിരുത്തി...

രഘു അജിയുടെ കൈയില്‍ പിടിച്ച് ചലനമറ്റ അയാളുടെ കാലില്‍ തൊടുവിച്ചു..

"ഇയ്യിതു കണ്ടോ ?..........
എനിക്കെന്റെ കാലവിടുണ്ടെന്ന് ഇപ്പോള്‍ തോന്നാറില്ല അജീ...... ....
ഒറ്റ ആഗ്രഹമേ എനിക്കൊള്ളൂ......
എനിക്കൊന്നു നടക്കണം....
ഒരു ദിവസ്സം ഈ ചേലമ്പ്ര കുന്നെനിക്കൊന്ന് ഓടിക്കയറണം... കാവിലെ തെയ്യം കൂടണം.... എന്നിട്ട്......
എന്നിട്ട്. .. ഞാന്‍ മരിച്ചോട്ടെ......"

"എല്ലാവരോടും ഇങ്ങനെ ചിരിച്ച് കളിച്ച്!!!! "
അര്‍ദ്ധോക്തിയില്‍ കിതച്ച് നിര്‍ത്തി രഘു കണ്ണടച്ചു കിടന്നു.....

അജി വാതില്‍ ചാരി പുറത്തിറങ്ങി,
ഈ മുറിയില്‍ നിന്ന് മുന്‍പ് രഘുവേട്ടന്റെ ചിരിച്ച മുഖം കണ്ട് പുറത്തിറങ്ങാറുള്ളപ്പോള്‍ പോലും മുത്തപ്പനോട് പരിഭവം തോന്നാറായിരുന്നു പതിവ്....
ഇത്തവണ എന്തോ ഒരു കനം വിട്ടകന്നത് പോലെ.. എന്താവോ അങ്ങിനെ

കാലുകള്‍ വലിച്ച് നീട്ടി അജി വീട്ടിലേക്ക് നടന്നു...

മടലു വെട്ടിക്കീറിക്കൊണ്ട് നിന്ന ദേവകി അവനെ അത്ഭുതത്തോടെ നോക്കി!!.

"അനക്ക് അവിടെ തെരക്കാന്ന് പറഞ്ഞിട്ട്!! ഇയ്യെന്താ മോനേ പെട്ടന്ന് ??"

അജി അതിനല്ല മറുപടി പറഞ്ഞത്..

"വിശക്കുന്നമ്മേ , വേഗം ചോറെടുക്ക് "

ദേവകി മടലും വാക്കത്തിയും പറമ്പിലിട്ട് അടുക്കളയിലേക്ക് കയറി.

" ഇയ്യ് ഒന്ന് വെക്കം കുളിച്ച് വാ.... കറി ഇണ്ട്... ഒരു വറവ് വെക്കട്ടെ "

തോര്‍ത്തുടുത്ത് ഒരു തൊട്ടി വെള്ളം തലയില്‍ കമിഴ്ത്തുമ്പോള്‍ അജിപഴയ കുട്ടിയായി....
അവന്‍ പച്ചയണിഞ്ഞ പാടത്തേക്കും കവിങ്ങിലെ കുലകളിലേക്കും നോക്കി.. കണക്കുകള്‍ കൂട്ടി

കുളികഴിച്ച്, കൈലിമുണ്ടും ഷര്‍ട്ടുമിട്ട് തിണ്ണയിലെത്തിയപ്പോള്‍ അമ്മ ചോറും കറികളും ഡെസ്കില്‍ വെച്ചിട്ടുണ്ട്..

ചെമ്മീനിട്ട ചക്കക്കുരുകൂട്ടാന്‍ ചോറിലേക്കൊഴിച്ച്,
മുരിങ്ങയില തോരനും കൂട്ടിക്കുഴച്ചപ്പോള്‍ അജിയുടെ ചുണ്ടത്ത് ആ മൂളിപ്പാട്ട് എങ്ങ്നിന്നോ വന്ന് വീണ്ടും  തത്തിക്കളിച്ചു..

27 April 2012

മഹാനഗരിയിലെ ചില മനസ്സുകള്‍

കലാശിപ്പാളയം എത്തി.

സനി സീറ്റ് നിവര്‍ത്തിയിരുന്നു ..... രശ്മി അടുത്ത സീറ്റില്‍ നിഷ്കളങ്കതയോടെ ഉറങ്ങുന്നു.

ഈ ബസ് മഡിവാള പോകുമോ ആവോ...

മുന്‍പിലെത്തി ഡ്രൈവറോട് അന്യോഷിച്ചു...

" ഓഗത്തെ സര്‍"

സീറ്റില്‍ തിരിച്ച് വന്നിരുന്നു......

കുറച്ച്കാലമായുള്ള മുംബൈ ജീവിതത്തില്‍ കന്നഡ മറന്ന് തുടങ്ങിയിരിക്കുന്നു...

ഓര്‍മ്മകള്‍ ഒരുപാട് തന്ന നഗരത്തിലേക്കുള്ള തിരിച്ച്‌വരവാണിത്

ജോലികിട്ടി ഈ നഗരത്തിലേക്കുള്ള ആദ്യത്തെ വരവോര്‍മ്മയുണ്ട്.
അന്ന് അത്ഭുതത്തോടെ പുറത്തേക്ക് നോക്കിയിരുന്നു ,വഴിയിലുടനീളം,കെട്ടിടങ്ങളും, അമ്പലങ്ങളും , ആള്‍ത്തിരക്കും കണ്ടു,..

പറയാനൊരുപാടുള്ള മുഖഭാവങ്ങളുമായി കൈവീശി നിന്ന അച്ഛനും അമ്മയും, സഹോദരങ്ങളും ആയിരുന്നു ആദ്യദിവസ്സങ്ങളില്‍ മനസ്സില്‍, പിന്നീട് പതിയെ പതിയെ ഈ നഗരത്തിന്‍‌റ്റെ മനസ്സു മനസ്സിലാക്കിയ ഒരാളായി ഈ തിരക്കിലലിഞ്ഞു...

പ്രഭാതങ്ങളില്‍, പിടിച്ച് വച്ച ഒരു ബക്കറ്റ് വെള്ളത്തില്‍ എല്ലാം തീര്‍ത്ത്,
മെസ്സില്‍ നിന്ന് തിരക്കിട്ട് കഴിച്ച്, ബിയെംടിസി ബസ്സിലെ തിരക്കുകളില്‍ തിരിച്ചറിയപ്പെടാനാവാത്ത മുഖഭാവവുമായി,
എല്ലാവരെയും പോലെ അവനും ഓഫീസിലെത്തി.

വൈകുന്നേരങ്ങളില്‍ റൂം‌മേറ്റ്സിനൊപ്പം ഏതൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞ് നടക്കും,
വാരാന്ത്യങ്ങളില്‍ ചിലപ്പോഴൊക്കെ മഡിവാള അമ്പലത്തില്‍, അല്ലെങ്കില്‍ ബാംഗ്ലൂര്‍ സെന്‍‌ട്രലിലോ, ശിവാജിനഗറില്‍ പടത്തിനോ പോകാം,

വീട്ടിലേക്ക് കത്തുകളിലൂടെയും,അയല്‍‌വക്കത്തെ ലാന്‍ഡ്‌ലൈനിലൂടെയുമുള്ള വിശേഷങ്ങള്‍ പിന്നീട് മൈബൈല്‍ ഫോണിലേക്ക് മാറിയതിനൊപ്പം ബാംഗ്ലൂര്‍ നഗരവും ഒരുപാട് മാറി.

മഡിവാളയിലും, ഹെബ്ബാളിലും, ഡൊംളൂരും, ഇലക്ട്രോണിക്സ് സിറ്റിയിലുമൊക്കെ ഫ്ലൈഓവറുകളുയര്‍ന്ന് അവള്‍ മോഡേണ്‍ സുന്ദരിയായെന്ന് തോന്നിച്ചു,

പശുക്കള്‍ മേഞ്ഞ് നടന്നിരുന്ന സ്ഥലത്ത് ഒറാക്കിളും, എച്ച്പിയും ഒക്കെ ചില്ല്കൂടുകള്‍ കൂട്ടി...
തന്റെ ജീവിതത്തിലുണ്ടായ മാറ്റമോ? എങ്ങിനെ മറക്കാനാവും അത്...

ഓഫീസില്‍ നന്ദനയെ ആദ്യം കണ്ട ദിവസ്സം..

റോസ് ചുരിദാറില്‍ അവള്‍ സുന്ദരിയായിരുന്നു.. കണ്ണ് ആദ്യമുടക്കിയതു ആ ചന്ദനക്കുറിയിലാണു..
മന്‍സ്സിലൊരുക്കൂട്ടി വച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖം...,

അപകര്‍ഷതാബോധത്തില്‍ പെണ്‍കുട്ടികളോട് അധികം അടുപ്പത്തിനൊന്നും പോകാറില്ല... പക്ഷേ ഇവളോടതു വയ്യായിരുന്നു

സംസാരിക്കണമെന്ന് വല്ലാതെയാശിച്ചു. ഉള്ളിലെ അങ്കലാപ്പ് പുറത്ത് കാട്ടാതെ എങ്ങനെയോ സംസാരിച്ച് തുടങ്ങി.....ഒരു സാധാരണ സൗഹ്യദം പോലെയുള്ള വാക്കുകളിലൂടെ...

ദിവസ്സങ്ങള്‍ക്ക് ശേഷം മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ മനസ്സിലെ ടെന്‍ഷന്റെ കടലോര്‍ക്കുമ്പോള്‍ ചിരി വന്നിട്ടുണ്ട് സനിക്ക്.
എപ്പെഴോ സംസാരിച്ച് തുടങ്ങി......
അതിനും എത്രയോ മുന്‍പേ അവളെവച്ച് എന്തൊക്കെ സ്വ‌പ്ന‌ങ്ങള്‍ നെയ്തു ..... വിവാഹം കഴിക്കുന്നതും, പുതിയവീടിന്‍‌റ്റെ ടെറസ്സില്‍ അവളുടെ മുടിയിഴകള്‍ തഴുകി ആകാശം നോക്കി ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതുമെല്ലാം......
.

എപ്പോഴാണു താന്‍ പ്രണയം തുറന്ന് പറഞ്ഞതു,
" അതൊക്കെ വേണോ , ഞാന്‍ ആരെയും പ്രണയിക്കുന്നില്ല " നിഷേധ സ്വരത്തില്‍ പറഞ്ഞാലും പിരിയാന്‍ തോന്നിയില്ല.

അവളുടെ വീട്ടിലെ വിശേഷങ്ങളും, കുട്ടിക്കാലവും, ഇഷ്ടപ്പെട്ട പുസ്തകങ്ങളേക്കുറിച്ചും, ഓഫീസ് വിശേഷങ്ങളെപ്പറ്റിയും, കൂട്ടുകാരേക്കുറിച്ചും, പ്രണയാഭ്യര്‍ത്ഥനകളെക്കുറിച്ചും വാതോരാതെ പറയുമ്പോള്‍ കൊച്ച്കുട്ടിയേപ്പോലെ കേട്ടിരിക്കും, ചിലപ്പോഴൊക്കെ തന്‍‌റ്റെ സംസാരത്തിനും അവള്‍ ചെവിയോര്‍ക്കും.

അങ്ങിനെയങ്ങിനെ, ഇതുവരെ പോകാത്ത ആ നാടിനോടും അവളുടെ വീട്ടുകാരോടും, എന്തിനു അവളുടെ കവിളില്‍ പൊടിയുന്ന വിയര്‍പ്പുകണങ്ങളോടു വരെയും പ്രണയം തോന്നി സനിക്ക്.

മനസ്സില്‍ ചിലപ്പോഴൊക്കെ രണ്ട് വ്യക്തികളുണ്ടെന്ന് തോന്നാറുണ്ട്....
സ്വ്‌പന‌ങ്ങളില്‍ മുഴുകുന്ന ഒരു വ്യക്തിയും, പ്രാക്ടിക്കലായി ചിന്തിക്കാനാഗ്രഹിക്കുന്ന മറ്റൊരാളും....

ചിലപ്പോഴൊക്കെ മനസ്സ് കലമ്പല്‍ കൂട്ടി, " നീയൊരു പ്രാരാബ്ധക്കാരനാണു, എന്തു യോഗ്യതയുണ്ട് , എന്തിനാണിഷ്ടാ വെറുതേ ദിവാസ്വ‌പ്നം "
അപ്പോഴൊക്കെ അകലം പാലിക്കാന്‍ ശ്രമിച്ചു,
പക്ഷേ രണ്ട് ദിവസത്തിനപ്പുറം പിടിച്ച് നില്‍ക്കാന്‍ കഴിയാത്താ സ്വപ്നജീവിയായ മനസ്സ് ഒരു വില്ലനായി.

അല്ലെങ്കിലും, അകലുമ്പോള്‍ വല്ലാതെ അടുപ്പിക്കാനും , താന്‍ അടുക്കുമ്പോല്‍ അകന്നു പോവാനും വല്ലാത്ത കഴിവായിരുന്നു അവള്‍ക്ക്.

ഓഫീസിലെ ഷിനോയോടും അവള്‍ക്ക് നല്ല അടുപ്പമുണ്ടെന്ന് അവളുടെ വരികള്‍ക്കിടയിലൂടെ വായിച്ചെടുത്തിരുന്നപ്പോഴും മനസ്സ് അല്പ്പം നൊന്തിരുന്നു, പക്ഷേ അവളെ വിട്ട് പോരാന്‍ കഴിഞ്ഞിരുന്നില്ല,
അല്ലെങ്കിലും മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയവരുടെ ഏതവസ്ഥയോടും നമ്മള്‍ പൊരുത്തപ്പെടും എന്ന് തോന്നുന്നു,

അവനോടും എന്താണു ഒരിക്കലും വിരോധമൊന്നും തോന്നാതിരുന്നതെന്ന് സനിക്കു അത്ഭുതം തോന്നിയിരുന്നു,  അല്ലെങ്കിലും അവനെ ആര്‍ക്കാണു വെറുക്കാന്‍ പറ്റുക ?, തന്നോടും ,എല്ലാവരോടും ഒരു ചിരിയോടെ നന്നായി ഇടപെടുന്ന അവന്‍ തന്നെയാണു സത്യത്തില്‍ അവള്‍ക്കു ചേരുക എന്ന് പലപ്പോഴും തോന്നായ്കയില്ല

അവളോട് അകന്നു കൂടേ എന്ന ചോദ്യവുമായി രണ്ട് മനസ്സും വീണ്ടും ക്രിക്കറ്റ് കളിച്ചെങ്കിലും സ്വപ്നജീവി തന്നെ പതിവു പോലെ ജയിച്ചു.
" ഇഷ്ടം മനസ്സിലാക്കാതെയല്ല, പക്ഷേ എനിക്കാരോടും പ്രണയമൊന്നുമില്ല, നമുക്കിപ്പോള്‍ അടുപ്പമുണ്ട് പക്ഷേ..... മറ്റൊന്നുമില്ല" ഈ വാക്കുകളിലെ ഇഷ്ടം മതിയായിരുന്നു അവനു പൂര്‍‌വ്വാധികം പ്രണയിക്കാനും സ്വ‌പ്‌നം കാണാനും....

പക്ഷേ അവളുടെ പെണ്ണുകാണല്‍ ചട‌ങ്ങ് നടന്നതും, വിവാഹം ഉറപ്പിച്ചതുമെല്ലാം പെട്ടന്ന് നടന്നതു പോലെ....
" വീട്ടുകാരുടെ ഇഷ്ടമായിരിക്കും തന്റെ ഇഷ്ടമെന്ന് പണ്ടേ തീരുമാനിച്ചതാണു "
പറഞ്ഞപ്പോള്‍ ഒന്നും പറയാതെ കേട്ടിരുന്നു...

എങ്കിലും വിവാഹമടുത്തപ്പോള്‍ ഫോണിലൂടെ കരഞ്ഞതെന്തിനാവോ ?

ഷിനോയുമായി വിവാഹത്തേച്ചൊല്ലി പിണക്കങ്ങളുണ്ടാവുന്നതു സങ്കടപ്പെടുത്തുന്നു എന്ന് പറഞ്ഞതും താനെന്തേ നിസംഗനായി കേട്ട് നിന്നതു ? അവളെ മനസ്സിലാക്കുന്ന മറ്റാരുമില്ലായിരുന്നെന്ന് പറയാറുള്ളതുകൊണ്ടാവും.

"വിവാഹം കഴിച്ച് പോയാലും പിരിയില്ല , നമ്മള്‍ സംസാരിക്കും"
പറഞ്ഞതും അവളാണു. അല്ലെങ്കിലും നിഷേധിക്കാന്‍ സനിക്കു വയ്യായിരുന്നു...അവനാഗ്രഹിച്ചതും അതായിരുന്നു...

പിന്നീടെപ്പഴോ വിവാഹം കഴിക്കുന്നയാളെയും അവളിഷ്ടപ്പെട്ട് തുടങ്ങിയിരുന്നു എന്ന് സംസാരത്തിലൂടെ മനസ്സിലായി,
പക്ഷേ പെങ്ങളുടെ വിവാഹബാധ്യതകളും വീടുപണിയുമെല്ലാം കാരണം, നല്ലൊരു ശമ്പളഓഫര്‍ കിട്ടിയ ജോലിക്ക് മുംബൈയിലെ വാഷിയിലേക്ക് ജീവിതം ജീവിതം പറിച്ച്നട്ടിട്ടും, മെട്രോകളിലെ കരിപടര്‍ന്ന തിരക്കില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും, ബാംഗ്ലൂരിനെ അല്പ്പാല്പ്പം മറന്നിട്ടും,
ആ ബന്ധം മാത്രം മുറിക്കാന്‍ കഴിഞ്ഞില്ല... എന്നല്ല ... അത് വളര്‍ന്നുനൊമ്പരപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

വര്‍ഷങ്ങള്‍ നിസംഗതയുടെ രാത്രികള്‍ തന്ന് എത്ര പെട്ടന്നാണു ഓടിപ്പോയതു,
വരുന്ന വിവരം ഇമെയിലിലൂടെ അവള്‍ക്കറിയാം,

ചിലപ്പോഴൊക്കെ ചിന്തകള്‍ കാടു കയറി മനസ്സിലെ രണ്ടു ധ്രുവങ്ങളും ശക്തിയോടെ വീണ്ടും വീണ്ടും യുദ്ധം ചെയ്യും

ഇതാര്‍ക്കുള്ള ശിക്ഷയാണു?
"ഷിനോയും അവളുടെ ഭര്‍ത്താവുമൊക്കെ എന്ത്തെറ്റായിരുന്നു ചെയ്തതു? രശ്മിയെ ഇതുപോലെ ഒരാളിഷ്ടപ്പെട്ടാലോ ?"

"അറിയില്ല,  മറുപടിയില്ല,
കാത്തുനില്‍ക്കാത്ത കാലം കരുതി വച്ച മുഖം മൂടികള്‍ അണിയാതെ വയ്യ...
ആ തളച്ചിടലിനെ ഞാന്‍ ഭ്രാന്തമായി സ്നേഹിക്കുന്നു,
ശരികേടുകളുടെ വിശകലനത്തിനില്ല.......ഇതു തെറ്റാണെങ്കില്‍ എനിക്കതു തിരുത്താനാവില്ല ഇനി. "

പണ്ട് തെറ്റെന്ന് തോന്നിയിരുന്ന കാര്യങ്ങള്‍ ശരിയാവുന്നതെങ്ങിനെയാണു സനീ?

മനസ്സ് അങ്ങിനെയാണു , മനസ്സിലാക്കാനാവാത്ത, പിടി തരാതെ പായുന്ന മെരുങ്ങാത്ത കുതിരയാണതു.....
എവിടെയോ വായിച്ചിരിക്കുന്നു.

-----------------

മഡിവാള എത്തിയിരിക്കുന്നു.

രശ്മി എപ്പൊഴാണു എണീറ്റതാവോ, മുടി കെട്ടി വച്ച്, ഉറക്കച്ചടവുള്ള കണ്ണുകള്‍ പുറം കാഴ്ചകളിലേക്ക് പൂഴ്ത്തി ഇരിക്കുന്നു.

ഉദയസൂര്യന്‍ മഴവില്‍ നിറങ്ങള്‍ പടര്‍ത്തിയിരിക്കുന്നു.

ഇനി തന്‍റെയീ പഴയസ്വപ്നങ്ങളുറങ്ങുന്ന മണ്ണിലേക്ക്.
ആരാലും അറിയപ്പെടാതെ ഇവിടെ അലിഞ്ഞ് ജീവിതം തീര്‍ത്ത അനേകരിലൊന്നാവാന്‍.....

സനി ഒരു പക്ഷേ നന്ദനയെ ഇവിടെ എവിടെ വച്ചെങ്കിലും കണ്ടേക്കും.
കാണാത്ത മട്ടില്‍ വഴിമാറി പോകുവാന്‍ വയ്യെങ്കില്‍, ചിലപ്പോള്‍ രശ്മിക്ക് സാധാരണപോലെ പരിചയപ്പെടുത്തിക്കൊടുത്തേക്കാം.

പക്ഷേ കണ്ണുകള്‍ പറിച്ചെടുത്ത് നടന്നു നീങ്ങുമ്പോഴൊന്നു തിരിഞ്ഞ് നോക്കാതിരിക്കാന്‍ അവനു കഴിഞ്ഞേക്കില്ല

01 April 2012

ഏപ്രില്‍ ഫൂള്‍



അങ്ങനെ ഒരു ഏപ്രില്‍ ഒന്ന് കൂടി കടന്ന് പോയി... ഈ ഏപ്രില്‍ ഒന്ന് എങ്ങിനെയാണു വിഡ്ഡിദിനം ആയത് എന്നറിയുമോ ? അതറിയണമെങ്കില്‍ ആദ്യം കലണ്ടറെന്തന്നറിയണം... കലണ്ടറെന്നാല്‍ മനോരമ തന്നെ....ഓഹ് അതല്ലുദ്ദേശിച്ചത് ... കലണ്ടറെന്നാല്‍ 1582 ല്‍ ഗ്ഗ്രിഗ്ഗറി പതിമൂന്നാമന്‍ കഷ്ടപ്പെട്ട് ബുദ്ദിമുട്ടി ഉണ്ടാക്കിയ ഗ്ഗ്രിഗോറിയന്‍ കലണ്ടര്‍!!! ( ബുദ്ദിമുട്ട് പരിഗണീച്ച് തല്‍ക്കാലം എക്സ് എന്നിരിക്കട്ടെ ). അത് പ്രകാരം ജനുവരി ഒന്ന് പുതുവര്‍ഷ്പ്പിറവിയായി ആള്‍ക്കാര്‍ കണക്കാക്കി തുടങ്ങി,
പക്ഷേങ്കീ അമ്മേ തല്ലിയാലും രണ്ടൊണ്ട് പക്ഷം എന്ന് പറഞ്ഞ പോലെ കുറച്ച് പേര്‍ ഈ പുത്യ സാധനം അംഗീകരിക്കാന്‍ കൂട്ടാക്കാതെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 25 തൊട്ട് ഏപ്രില്‍ ഒന്ന് വരെ ന്യുഇയര്‍ മഹോത്സവം കെങ്കേമമായി കൊണ്ടാടുകയുണ്ടായത്രേ ( വല്യ് പിടിയില്ലാത്ത കാര്യങ്ങളില്‍ " അത്രേ " ചേര്‍ക്കണം എന്നാണല്ലോ )...
ഇവരെ കളിയാക്കാന്‍ മറ്റേ എക്സ് കലണ്ടറുകാര്‍ ഏപ്രില്‍ ഒന്ന് വിഡ്ഡിദിനമായി ആചരിച്ച് തുടങ്ങി എന്നാണു ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ ഐതീഹ്യം.... ഇതിനു മറുവാദങ്ങളും ഉണ്ട"ത്രേ".... ത്രേ....

എന്തായാലും വളിച്ച ചിരി ചിരിപ്പിക്കാന്‍ ഇത്തവണയും ആരും ഇടയാക്കിയില്ല..
പിന്നെയീ സൗദീലൊക്കെ എന്ത് വിഡ്ഡിദിനം ഇഷ്ടാ...അല്‍ ഒട്ടഹ.. അതൊക്കെ പണ്ട് ...

ചെറുതാരുന്നപ്പോള്‍ അമ്മയെയും കുഞ്ഞേച്ചിയേം എന്തേലും പറഞ്ഞ് പറ്റിക്കാന്‍ ഈ ദിവസത്തിനു വേണ്ടി കാക്കും....

" അമ്മേ ദോണ്ടെ അമ്മന്റെ പശുക്ടാവ് ചത്ത് കിടക്കണൂ"

അപ്പോള്‍ അമ്മേടെ വഹ അവതരിപ്പിക്കപ്പെടുന്ന നെഞ്ചത്തടി, കരച്ചില്‍ , തീച്ചാമുണ്ടി തെയ്യം............ ഒക്കെ കണ്ട് ഈ ഞാന്‍ ആനന്ദതുലിതനായി ........വിജയശ്രീലാളിതനായി ചിരിക്കും,,,,,
പക്ഷേ ആന്റിക്ലൈമാക്സില്‍,
കാല്‍മുട്ടിനു മേലേക്ക്, തവിക്ക് പൊട്ടീരു മേടിച്ച് ശരിക്കും മാന്‍ ഓഫ് ദി മാച്ച് ആയ എന്നെ കണ്ട് ക്ടാവും അതിന്‍‌റ്റെ തള്ളേം കൂടെ ശരിക്കും വിഡ്ഡിദിനം അര്‍മ്മാദിക്കും.

എന്തായാലും ഞാനൊക്കെ കൊച്ച് കുമാരന്മാരായിരിക്കുമ്പോള്‍ എന്‍‌റ്റെ കൊട്ടാരത്തിനടുത്തുള്ള യുവത്വാശ്രമികളായ പ്രജകള്‍ ഇതു മനോഹരമായി ആചരിച്ച് വരികയും മധ്യവയസ്കരായ ബൂര്‍ഷ്വാസികള്‍ അവരെ സാമൂഹ്യവിരുദ്ദരെന്ന് കണക്കാക്കി പോരുകയും ചെയ്തു പോന്നു....

ഉദാഹരണത്തിനു...,
എന്‍‌റ്റെ പിതാശ്രീ, അപ്പോത്തിക്കരിക്ക് അവിടെ ഒരു ഹോമിയോക്ലിനിക്ക് ഉണ്ട്...... അദ്ദ്യേം അങ്ങനൊരുദിവസ്സം രാവിലെ അമ്യ‌തേത്തായി ചോന്ന ചട്ണി ഒഴിച്ച് മൂന്ന് ദോശെം, ചായേം ഒക്കെ കഴിച്ച് ഈ ദിവസ്സ്ത്തിന്‍‌റ്റെ ഓര്‍മ്മയൊന്നുമില്ലാതെ ഡെയ്‌ലി പോണ പോലെ ക്ലിനിക്കിലേക്ക് ചെന്നതായിരുന്നു...

നോക്കുമ്പോ ആളു കണ്‍ഫ്യൂഷന്‍സായി...

എല്ലാദിവസ്സവും ക്ലിനിക്കിരിക്കുന്ന സ്ഥലത്ത് ബാര്‍ബര്‍ ഷോപ്പ്..... ബാര്‍ബര്‍ ഷോപ്പ് ഇരുന്നിടത്ത് രാമചന്ദ്രന്‍‌റ്റെ ചായക്കട...... ചായക്കട ഇരുന്നിടത്ത് ഷാജീടെ ടൈലറിംങ്ങ് ഷോപ്പ്.....

ആരോ രായ്ക്ക്‌രാമാനം കഷ്ടപ്പെട്ട് ബോര്‍ഡൊക്കെ ഇളക്കിമാറ്റി ക്രൂരമായി സ്വാപ്പ് ചെയ്തിരിക്കുന്നു.....

ഇതൊക്കെ സാമ്പിള്‍ . ഇതിലും വലിയ വലിയ അക്രമങ്ങള്‍ അതിവിദഗ്ദമായി പ്ലാന്‍ ചെയ്തു ഇമ്പ്ലിമെന്‍‌റ്റ് ചെയ്യല്‍ നിര്‍ബാധം തുടര്‍ന്നു കൊണ്ടിരുന്നു മ്മടെ നാട്ടാര്... പക്ഷേങ്കീ, ആ ഒരു വര്‍ഷം ഞങ്ങടെ ഏരിയയില്‍ ഒരു വല്യ പക്ഷേങ്കി ആയിപ്പോയി...

വീടിന്‍‌റ്റെ ഓപ്പോസിറ്റ് കുഞ്ചാക്കോ ചേട്ടായിയുടെ വീടാണു... കുഞ്ചാക്കോചേട്ടായ്ക്ക് അഞ്ച് പെണ്മക്കള്‍...... ... അതില്‍ മൂന്നും പുറംനാട്ടീല്‍ ..... കാശിനു കാശു.... പാരമ്പര്യത്തിനു പാരമ്പര്യം..... റബറിനു റബറ്......
അങ്ങിനെ നാട്ടിലെ കൊച്ച്മുതലാളിയായ കുഞ്ചാക്കോച്ചേട്ടന്‍‌റ്റെ അഞ്ചാമത്തെ പഞ്ചാരകുഞ്ചിയായിരുന്നു ഷാലി.....

ആയിടെക്കാണു പ്രണയബദ്ദരായി ഒളിച്ചോടി വന്ന സൈമണീനേയും നാന്‍സിയേയും പഴയകാല പരിചയത്തിന്‍‌റ്റെ പേരില്‍ കുഞ്ചോക്കച്ചായന്‍ രക്ഷകസ്ഥാനം ഏറ്റെടുത്ത് ധീരധീരമായി അക്കരപ്പറമ്പിലെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിച്ചതു.....

നല്ലൊരു ഡ്രൈവനാണു സൈമണ്‍ ......

മുതലാളിമാര്‍ക്ക് സ്വൊന്തമായി വാഹനം ഇല്ലെങ്കില്‍ ഒരു ഗുമ്മില്ലെന്നു സൈമണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു ചുള്ളന്‍ മഹീന്ദ്ര ജീപ്പു വാങ്ങാന്‍ കുഞ്ചാക്കോച്ചേട്ടന്‍ തീരുമാനിച്ചതു ഞങ്ങള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു....
അതിനു കാരണം ഞങ്ങളുടെ മലയോരത്തെ നാഷണല്‍ഹൈവേറോഡിന്‍‌റ്റെ മനോഹാരിത പരിഗണിച്ച്, ഒണ്ടായിരുന്ന നാലില്‍ മൂന്നു ബസ്സും, ഗ്ലാമറില്ലാത്ത കാമുകിയെ, വഞ്ചകനായ കാമുകന്‍ ഉപേക്ഷിച്ച് കടന്ന് കളയുന്നതു പോലെ പോയതു കൊണ്ടാണു...

അങ്ങനെ ജീപ്പ് വന്ന ദിവസ്സം കുഞ്ചാക്കോ & സൈമണ്‍ ഫാമിലിയുടെ കൂടെ ഞങ്ങളും അനിയത്തിപ്രാവ് സിനിമ കാണാന്‍ പോയി...

ദിവസ്സങ്ങള്‍ ചെന്നപ്പോള്‍ കുഞ്ചാക്കോ ഫാമിലിക്ക് ഡ്രൈവര്‍ സൈമണ്‍ മകനായി....
നാന്‍സി ആറാം മാനസപുത്രിയായി..... അകാശഗംഗയായി.... അമ്മക്കിളിയായി.....ജ്വാലയായ്.....

രണ്ടു വീടുകളിലും ഉണ്ടാക്കുന്ന സ്പെഷ്യല്‍ ഐറ്റംസ് താലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട്, ഒറ്റമനസ്സായി, ചക്കരയും ഈച്ചയും പോലെ അഗാധസ്നേഹത്തിലാറാടുന്നതു നോക്കി ഞങ്ങള്‍ അയല്‍ക്കാര്‍ കുശുമ്പ് പറഞ്ഞെന്ന് അവര്‍ പരസ്പരം പറഞ്ഞു.....

പക്ഷേ, അന്ന്...... ആ ദു:ഖതിങ്കളാഴ്ച..... ഏപ്രില്‍ ഒന്നിനു, മധുര‌ഇരുപത്തിഒന്നുകാരിയായ ഷാലി അതിരാവിലേ പല്ല്തേച്ച് കുളിച്ച് പഴം കുഴച്ച് പുട്ട്തിന്ന് എണീറ്റപ്പോള്‍, എന്നാല്‍ ഇനി നാന്‍സ്യേച്ചിയെ ഒന്നു ഏപ്രില്‍ ഫൂള്‍ ആക്കിയാലോ എന്ന ഐഡിയ തോന്നുകയാല്‍ അക്കരപ്പറമ്പിലെ വാടകവീട്ടിലേക്ക് ഉള്ളിലൊരു മന്ദസ്മിതമൊളിപ്പിച്ച് കയറി ചെന്നു.

"ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്" എന്ന പരസ്സ്യം പോയിട്ട് ലാന്‍ഡ്‌ലൈന്‍ തന്നെ എല്ലാ വീട്ടിലും എത്തീട്ടില്ല അവിടെ....

ഷാലി ക്യ‌ത്യമായി പ്ലാന്‍ ചെയ്ത പോലെ ആകുലമാതാവായി മാറി ശോകത്തില്‍ നാന്‍സിയോട് കാര്യം പറഞ്ഞു...

" നാന്‍സിയേച്ചീ , വിഷമിക്കരുത്, ഞങ്ങളെല്ലാമുണ്ടല്ലോ കൂട്ടിനു,
വിഷമിപ്പിക്കുന്ന കാര്യമാണു, സൈമണ്‍ ചേട്ടായീടെ ജീപ്പ് ലോറിക്കിടിച്ചു... മെഡിക്കല്‍ കോളേജിലേക്ക് അപ്പച്ചന്‍ പോയിട്ടൊണ്ട്... നമുക്ക് വിവരമറിഞ്ഞിട്ട് പോകാം "

കേട്ടപാതി കേള്‍ക്കാത്ത പാതി, ഹാഫ് ഗര്‍ഭിണിയായ നാന്‍സി, പി ടി ഉഷയെ കവര്‍ ചെയ്ത്, നിലവിളിച്ച് കൊണ്ട് അക്കരക്കുന്ന് കയറി ഓടി ബോധം കെട്ട് വീണു.....

അയ്യോ ചേച്ചീ പറ്റിച്ചേ എന്ന ഗാനം ആലപിക്കാന്‍ നിന്ന ഷാലി വായും പൊളിച്ച് ഇതികര്‍ത്തവ്യമൂഡയായി ശിലാരൂപിയായി...

അങ്ങിനെയാണു സൈമണു പകരം നാന്‍സിയെ ഒറിജിനലായിട്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയതു...

അല്പ്പനേരത്തിനു ശേഷം കോപാകുലനും കരാളരൂപിയുമായി സൈമണ്‍ കുഞ്ചാക്കോയുടെ മുറ്റത്ത് രംഗപ്രവേശം നടത്തി...

വീടിന്‍‌റ്റെയും ജീപ്പിന്‍‌റ്റെയും ചാവി മുഖത്ത് വലിച്ചെറിഞ്ഞതല്ല......
"
അപ്പച്ചാ" എന്ന് വിളിച്ച അതേ നാവു കൊണ്ട് സൈമണ്‍ ‌"---------------- മോനേ" എന്ന് അഭിസംഭോധന ചെയ്തു തുടങ്ങിയതാണു കുഞ്ചാക്കോക്ക് ഹ്യദയഭേദകമായതു.....

കുഞ്ചാക്കോ തങ്ങളുടെ ഓമനപുത്രിയായ...... ലാളനാപാത്രമായ........... കല്യാണപ്രായമായ....... ഷാലിമോളെ, പിള്ളെരു ക്രിക്കറ്റ് കളിച്ചിട്ട് ഇട്ടിട്ട് പോയ മടല്‍ബാറ്റ് കയ്യില്‍ കിട്ടിയതു കൊണ്ടാണു അന്ന് വല്ലാതെ ലാളിച്ചതും, ഷാലി നിലോളിച്ചതും, ഞങ്ങളൊക്കെ അത് കണ്ട് നിന്നതും....

അന്ന് തൊട്ട് ചക്കരയും ഈച്ചയും , ഇന്ത്യയും പാക്കിസ്ഥാനുമായി.... ഇസ്രയേലും പലസ്തീനുമായി... അമേരിക്കയും ഇറാനുമായി...

ഷാലിയോ ? ഷാലി അന്ന് തൊട്ട് ഏപ്രില്‍ ഷാലിയായി!!!!!.....

05 November 2011

പ്രവാസന്‍



അങ്ങനെ ഇയുള്ളവനും ഒരു പ്രവാസനായി ...
വല്യ കുഴപ്പമില്ലാതെ സുഖിച്ച് ജീവിച്ചതാരുന്നു നാട്ടില്‍...
എന്നാലും വല്ലാത്ത ഒരു ഇതായിരുന്നു .....
ഹോ ....
"ഓണ്‍സൈറ്റ് ഒക്കെ വെറുതെ ഒന്ന് പോയില്ലെലെങ്ങിനാ ......."
"നാട്ടുകാരൊക്കെ എന്തോരം കാശ് ഉണ്ടാക്കുന്നു."
അങ്ങ്നെ .....അങ്ങ്നെ.....
എല്ലാം തീര്‍ന്നു കിട്ടി കുട്ടിമാമ‌ന്‍‌ന്!!!!!!!‍......
ഇമി‌ഗ്രേഷനില്‍ ബ്ലഡി ഇന്ത്യാപാക്ക്ബംഗ്ലാ സഹോദരങ്ങള്‍ ക്യൂ നിക്കണ കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല...

വേഗം കൊറച്ച് കായി ഉണ്ടാക്കി നമ്മടെ നാട്ടിലേക്ക് തന്നെ തിരിക്കണം... നമുക്ക് നമ്മുടെ നാടന്നെ ദേവലോകം

പഷെങ്കി തുടക്കത്തില്‍ ഇമ്മാതിരി പറഞ്ഞവന്മാര്‍ കമ്പ്ലീറ്റ് കുറഞ്ഞതൊരു പത്തോ ഇരുപതോ കൊല്ലം നിന്നിട്ടാണ്‌ പോയതെന്ന് കേട്ട്നിന്ന പ്രവാസിദോസ്ത് വക അരുളപ്പാടുണ്ടായി...

മഹത്തായ രണ്ടാം മാസത്തില്‍ സംഗതി ശരി ആണെന്ന് എനിക്കും അങ്ങ് തോന്നാതില്ല ... ഇപ്പൊ കാര്യങ്ങ്ങ്ങള്‍ ഒക്കെ അഡ്ജസ്റ്റ് ആയി...
രാവിലെ പത്ത് മണിക്ക് ആരേലും വിളിച്ചെണീപ്പിച്ചാല്‍ മാത്രം അവിടെ ഓഫീസില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ ഇപ്പൊ കൃത്യം 5 മണിക്ക് ചാടിഎണീക്കും.... കസ്റ്റമറുടെ ഓഫീസിലേക്ക് കുറച്ച് ദൂരം ഉണ്ട്...

വീടിനെടുത്ത ലോണ്‍ പെട്ടന്നു ഒന്നു ക്ലോസ്സ് ചെയ്യണം എന്ന ആഗ്രഹത്തിലാണു ഓണ്‍സൈറ്റു ചോദിച്ചതു....
മിഡില്‍‌ഈസ്റ്റ് ആണേല്‍ നന്ന് ടാക്സ് വേണ്ടല്ലോ.
റീയാദില്‍ ഒരു ഓപ്പണിങ്ങ് ഉണ്ടെന്നു കൊച്ചുമുതലാളി പറഞ്ഞതും, ബഷീര്‍ക്ക മീന്‍ വിക്കാന്‍ വരണ കണ്ടാല്‍ ഫുള്ളിചാര്‍ജ്ഡ് ആയി ചാടി എണീറ്റ് പാഞ്ഞ്ചെല്ലുന്ന ഞങ്ങടെ കണ്ടന്‍പ്പൂച്ചയെപ്പോലെ "ശരി സര്‍!!!" എന്നും പറഞ്ഞ് ചാടി വീഴുകയാരുന്നു..
പക്ഷേങ്കീ, ഈ റിയാദ് റിയാദ് എന്ന് പറയണ പുണ്യസ്ഥലം സൗദി അറേബ്യയിലാണെന്ന് ഒരുനിമിഷം എനിക്കറ്യമ്പാടില്ലാണ്ടായ്പ്പോയ്....."സൗദിയാണു രാജ്യം..... ശരിയത്താണു നിയമം ... പടച്ചോനേ...... ഓനെ കാക്കണേ...." ( കട്: സലിം കുമാര്‍ ) ഇതിനാണു ഭൂമിശാസ്ത്രവും ചരിത്രവും ഒക്കെ പഠിപ്പിക്കുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ദിക്കണം എന്ന് പറേണതു....

വെല്‍, പക്ഷേങ്കീ മാസാവസാനം റിയാല്‍സ് കയ്യിലെത്തുമ്പോ ഐ ഹാവ് നോ പ്റോബ്ലംസേ..... സമത്വസുന്ദരമരുഭൂമീ.....ഓഓ.... (2)

ബിഹേവിയറിലും ഡ്രസ്സിങ്ങിലും ഒക്കെ നമ്മള്‍ ശ്രദ്ദിച്ചാല്‍ അറബികളെ ഇമ്പ്രസ്സ് ചെയ്യാമെന്ന് ഒരു മച്ചാന്‍ ഉപ്ദേശിച്ചു....
പിന്നേ..... മലയാളിയായ എന്നെയാണു അവന്‍ പഠിപ്പിക്കുന്നതു!!!!!... അറബികളെ ഇമ്പ്രസ്സ് ചെയ്യാന്‍.... ഫൂ......
എന്നാല്‍ ഇച്ചിരി അറബികൂടെ പഠിച്ച് അറബി ഭാഷയ്ക്ക് എന്‍‌റ്റേതായ സംഭാവനകള്‍ നല്‍കണമെന്ന് തീരുമാനിച്ച് യൂടൂബില്‍ പരതി....

അസ്സ്ലാമു അലൈക്കും ചെറുപ്പത്തിലേ മാമുക്കോയ പഠിപ്പിച്ചിട്ടുണ്ട്..... അതുമതി.. എന്നാലും ഞാന്‍ കുറച്ച് പുതിയ വാക്കുകള്‍ പഠിച്ചു... ഉദാഹരണത്തിനു

"കൈഫ് ഹാലുക്ക്" എന്ന്വച്ചാ "സുഖാണോ അളിയാ"ന്ന്...... അപ്പോ നുമ്മ കുവായിസ് ( ????? ) എന്നോ " അല്‍ഹംദുല്ലില്ല" എന്നോ തിരിച്ച് പറേണം.....

പിന്നെ അക്കങ്ങളും ( ഇമ്പോര്‍ട്ടന്റ്..... കാശ് എണ്ണാനുള്ളതാണേയ്... ) പേരു ചോദിക്കാനും പറയാനും അങ്ങനെയൊക്കെ പഠിച്ചു.... കുറച്ചൊക്കെ നോട്ട്പാഡില്‍ എഴുതി വച്ചു...

പക്ഷേങ്കീ, ആവശ്യമുള്ളപ്പോ മഴ പെയ്യൂല്ല അല്ലേ പെരുമഴാന്ന് പറഞ്ഞ പോലെ അറബീനെ കാണുമ്പോ ഞാന്‍ അറബി മറക്കും....

അന്ന്, സംഗം റെസ്റ്റോറന്റില്‍ പോയി പതിവ്പോലെ നല്ലതട്ട് തട്ടീട്ട് ( സോറി.... നോ കോമ്പ്രമൈസ്...) ഹോട്ടലില്‍ ഫോര്‍ത്ത്ഫ്ലോറിലെ എന്‍‌റ്റെ റൂമിലേക്ക് ലിഫ്റ്റില്‍ പ്രയാണിക്കുമ്പോള്‍ .... പലപ്പോഴും കാണാറുള്ള അറബി മച്ചമ്പി കുശലമന്വോഷിച്ചു... " കൈഫ് ഹാലൂക്ക്".... തള്ളേ..... പാമ്പുകടിക്കാനായിട്ട് എന്‍‌റ്റെ മലയാളം ടു അറബി കണ്‍‌വേര്‍ട്ടര്‍ പിന്നേം പണിമുടക്കി.... മറന്നു....
എന്തായാലും ഒരു ഇളിച്ച ചിരി ചിരിച്ച് ഇറങ്ങി....... പുല്ല്!!! ഇന്നതു ബൈഹാര്‍ട്ട് ആക്കീട്ടേ കാര്യമുള്ളൂന്നുറപ്പിച്ച് റൂമിലേക്ക് പാഞ്ഞു...

താക്കോലിട്ട് തിരിച്ചിട്ടും വാതില്‍ എന്തോ തുറക്കണില്ല.... ചിലപ്പഴങ്ങിനെയാണു.... പുഷും പുള്ളും പോലെ പണ്ടേ ചിലതു എനിക്ക് കണ്‍ഫ്യൂഷന്‍സ് ആണു... ഇടത്തോട്ടും വലത്തോട്ടും തിരിച്ചു...... സ്റ്റക്ക് ആയോ .... നോബ് തിരിച്ച് നാലിടി...... ടപ്പ് ടപ്പ്....

അകത്തെന്തോ ഒരു പെണ്‍ശബ്ദം... ആഹാ..... എന്‍‌റ്റെ ഫ്ലാറ്റില്‍ ഞാനറിയാതെ ഒരു സ്ത്രീയോ!!!.....
ഒരു നിമിഷം ഡോറിലേക്ക് കണ്ണുപായിച്ചു.... അമ്മച്ചീ!!!!! മാറി....... ഇതു 303....വെറും ഒരക്കം മാറി..... എന്‍‌റ്റെതു 403....
സ്റ്റെയര്‍കേസ് ലക്ഷ്യമാക്കി ഒരു കുതിപ്പായിരുന്നു.... പടച്ചോനേ..... സൗദിയാണു നാടു.......
താഴെ ഡോര്‍ തുറന്ന് ഒരു വെള്ളഉടുപ്പിട്ട ആജാനബാഹു അറബിവേഷത്തില്‍ വികാരപുളകിതനായി നില്‍ക്കുന്നതു മിന്നായം പോലെ ദര്‍ശിച്ചു......
വേണെങ്കില്‍ ഇന്ത്യക്ക് ഒളിമ്പിക്സ് 100 മീറ്ററില്‍ ഒരു ഗോള്‍ഡ് മെഡല്‍ നേടാന്‍ എനിക്കും പറ്റും.....
റൂമിലെ‌ത്തി ആജാനബാഹു പറഞ്ഞ ഒരറബ്ബിവാക്ക് ഓര്‍ത്തുവച്ചതു ഞാന്‍ സെര്‍ച്ച് ചെയ്തു നോക്കി..........

പറയില്ല ഞാന്‍!!!!!!!..................... അതിന്‍‌റ്റെ മീനിംങ്ങ്....

21 September 2010

തേങ്ങാമോഷണം




പണ്ട് പണ്ട് പണ്ട് ഒരേഴര കൊല്ലം മുന്‍പ്....

ബ്രിഗേഡ് റോഡിലെ മൗത്ത് വാച്ചിങ്ങും,പിന്നെ കൂടിയാല്‍ അഴ്ചേല്‍ സംഗീത് തിയേറ്ററില്‍ വരുന്ന വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് പോലുള്ള ക്ലാസ്സിക്കല്‍ ഇന്ത്യന്‍ മൂവീസും മാത്രം ഒരു എന്‍‌റ്റ‌ര്‍ടേന്മെന്‍‌റ്റ് ആയി സുഖിച്ച് കഴിയുന്ന ടൈം...

കൂട്ടിനുള്ള കട്ടപ്പനക്കാരന്‍ അടിസ്ഥാനപരമായി യഹോവയില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ദിവസോം ദൈവപുസ്തകം പിന്നേം പിന്നേം കാണാപ്പാഠം പഠിക്കുന്നവനും ആയതിന്‍‌റ്റെ ഗതികേടില്‍ മേലേപ്പറഞ്ഞ എന്‍‌ര്‍ടൈന്മെന്‍‌റ്റ് ഒക്കെ ഞാന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് പ്ലാന്‍ ചെയ്ത് ഇമ്പ്ലിമെന്‍‌റ്റ് ചെയ്യേണ്ടി വന്നു....

വര്‍ഗ്ഗീസ്മാപ്പിളേടെ വക മൂന്ന്നില വീട്ടില്‍, മൂന്നാം നെലേലൊള്ള രണ്ട് ഒറ്റമുറി വസതികളിലൊന്നായിരുന്നു നമ്മുടെ ഗോഡൗണ്‍...

വന്ന് താമസിച്ച ദിവസം മനസ്സില്‍ മൂന്ന് ലഡു പൊട്ടിയതാണു...
റൂമിന്‍‌റ്റെ ഉള്ളില്‍ നിന്ന് താഴത്തെ മുറിയിലേക്ക് ഒരു സ്റ്റെയര്‍കേസ്...... തന്നെക്കാളും കൂടുതല് അയലോക്കംകാരെ സ്നേഹിക്കണംന്നാണു യേശുക്രിസ്തു പറഞ്ഞതേലും, താഴത്തെ ദ്രോഹികള്‍ ആ വാതില്‍ അടച്ച് കുറ്റിയിട്ട് കളഞ്ഞ്!!!
അപ്പുറത്തെ മുറിയില്‍ ഒരു ഇന്‍ഫോസിസ് മച്ചാനാണു, കക്ഷി നീഗ്രോ ലുക്കാണേലും വന്‍ മോഡേണാണു , നമ്മക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല , അതോണ്ടന്നെ അത്ര വല്യ കമ്പനി ഇല്ല,

വര്‍ഗീസ്സച്ചായന്‍ വന്‍ സ്ട്രിക്ടാന്നാണ് അ‌ങ്ങേരു പറഞ്ഞ് കേട്ടത്....
കൂടെ വൈഫ് മാത്രേ ഒള്ളൂ, മക്കളൊള്ളത് ഒബാമേടെ നാട്ടിലാ... ന്നാ ഞങ്ങളെ മക്കളായികണ്ട് ദിവസോം വല്ല ചിക്കനോ മട്ടനോ ഒക്കെ തന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.... എവിടെ?? വന്‍ പിശുക്കാ...

ഒരു ദിവസം രാവിലെ , സത്യന്‍ സ്റ്റയിലില്‍," ഞങ്ങളമേരിക്കായ്ക്ക് മക്കള്‍ടടുത്ത് പോകുവാ, മര്യാദയ്ക്ക് ഇര്യ്ന്നോണം " എന്ന് ആജ്ഞാപിച്ച് അദ്ദ്യേം ഭാര്യേം കൂട്ടി രണ്ട് മാസ ഔദ്യോഗിക ട്രിപ്പടിക്കാന്‍ പോയപ്പോഴാണു എന്‍‌റ്റെ ബാംഗ്ലൂരിനു സ്വാതന്ത്യം കിട്ടിയതു...

വല്ലപ്പോഴും പിള്ളേരെ പേടിപ്പിക്കാന്‍ വന്ന് പോവാറുണ്ടായിരുന്ന വര്‍ഗ്ഗീസച്ചായന്‍‌റ്റെ ബ്രദര്‍അച്ചനെ( ശരിക്കും പള്ളിലച്ചന്‍) ഒഴിച്ചാല്‍ അവിടം പിന്നീട് ശാന്തസുന്ദരമായിരുന്നു....

എങ്ങും പക്ഷികള്‍ കളകുജനം മുഴക്കി
പൂവുകള്‍ പൂത്തു.
തരുണീമണികള്‍ ആവശ്യാനുസരണം കടാക്ഷം എറിഞ്ഞ് ചന്നം പിന്നം റോഡേക്കൂടെ നടന്ന്പോയി....

അങ്ങിനെ ഒരു ഞായര്‍ സുദിനത്തില്‍ ടെറസ്സില്‍ രണ്ട് പുഷ്‌അപ്പ് ഒക്കെ എടുത്ത് , ബോറഡിച്ച് വായ്നോക്കി നില്‍ക്കുമ്പോഴാണു, അയല്‍‌വാസി ഇന്‍ഫോസിസിനെ ഡിറ്റെയില്‍ഡ് ആയി പരിചയപ്പെടുന്നതു...

ആരും സഹിക്കൂല്ല,
ഡയലോഗ്സ് കേട്ടാല്‍ അവന്‍ നാരായണമൂര്‍ത്തീടെ പിതാവാണെന്നും, അവനില്ലേല്‍ ഇന്‍ഫോസിസ് തകര്‍ന്ന് തരിപ്പണമായിപ്പോവും എന്നും നുമ്മ ധരിച്ച് പോവും,
"ഒന്നു പോട അപ്പനെ, എന്നിട്ടാണു ഈ വന്‍ സെറ്റപ്പില്‍ താമസിക്കുന്നതു ", നമ്മള്‍ ആത്മ ഗതം ചെയ്തു....

ലുക്ക് മാന്‍, ഐ ആം ബേസിക്കലി ടാമിള്‍, ബട്ട് വോണ്ട് സപീക്ക് ടാമിള്‍,
( ഓഹ്!!! തമിള്‍ ഭാഷ അവനു ടാമിള്‍ ആണു, കൊള്ളാലോ )


ഇതൊക്കെ നിരീച്ച് മാനത്തേക്ക് നോക്കിയപ്പോള്‍ അതാ...
ഇളം കാറ്റില്‍ തേങ്ങാക്കുലകള്‍ ആടുന്നു.... ആടുന്നില്ലേലും നല്ല ശേലൊണ്ട്...
വീടിനോട് ചേര്‍ന്നുള്ള തെങ്ങാ, ടെറസ്സില്‍ നില്‍ക്കുന്നതോണ്ട് അടുത്ത് കാണാം.
നാട്ടിലാണേല്‍ പത്തിരുപത് തെങ്ങൊണ്ട്, തേങ്ങാ പറിക്കണ സമയത്ത് അതു പെറുക്കികൂട്ടണതു എന്‍‌റ്റെ ഡ്യൂട്ടിയായിട്ട് അച്ഛന്‍ കല്പിച്ചിട്ടൊള്ളതാ, കൂട്ടത്തില്‍ എന്തായാലും കുറച്ച് സ്പെഷ്യല്‍ കരിക്കൂടെ പറിക്കും, അതൊക്കെ ഇങ്ങനെ വെട്ടിപ്പൊളിച്ച് കഴിക്കുംമ്പോ എന്തൊരു സുഖമാ....

ഈ ഫ്ലാഷ്ബാക്ക് ഒക്കെ ആലോചിച്ച് വായുമ്പൊളിച്ച് നില്‍ക്കണ കണ്ട് ഇന്‍ഫോസിസും മേലോട്ട് നോക്കി,
ഓഹ് കോക്ക്നട്ട്, യു വാണ്ട്, ഇറ്റ്സ് വെരി നിയര്‍, വീ കാന്‍

എഹ്, കിട്ടിയാല്‍ കൊള്ളാമാരുന്നു...ഞാനുര ചെയ്തു

ബട്ട് ഹൗ ?

ഐ വില്‍, ടെറസ്സീന്ന് അവന്‍ തെങ്ങിലേക്ക് ചാടിക്കേറി.
തെങ്ങിലേക്ക് അനായാസം കയറിയ അവനെ ഞാന്‍ നിര്‍നിന്മേഷനായി ഭക്ത്യാദരങ്ങളോടെ നോക്കി,

രണ്ട് കരിക്ക് പറിച്ച് ആശാന്‍ താഴെ എത്തി,
ഇനി ഇതെങ്ങനെ പൊളിക്കും? കുക്കിങ്ങും കത്തീം ഒന്നും കയ്യിലില്ലാത്ത കാലമാണു....

കരിക്ക് കണ്ടതും പരിശുദ്ദാത്മാവ്,ദൈവവിളിക്കാരന്‍, എന്‍‌റ്റെ സഹമുറിയന്‍, ചാടി മുറിക്ക് വെളിയിലെത്തി,
ബൈബിള്‍ വായിച്ചോണ്ടിരുന്ന മനുഷ്യനാണു..
പൊളിക്കലാണോ വിഷമം , അദ്ദ്യേം സ്ക്രൂഡ്രൈവര്‍ കയ്യിലെടുത്തു,
" എടാ പ്രാക്ടിക്കലായി ചിന്തിക്കണം"
എന്ന് ഉപദേശിച്ച് രണ്ടും പൊളിച്ച് കയ്യില്‍ തന്നു...
ശരിയാ തല്‍ക്കാലം പ്രാക്ടിക്കലായി തിന്നാം എന്നു കരുതി ഒരു ഒന്നര എണ്ണം ഞങ്ങള്‍ റൂം മേറ്റ്സും, ബാക്കി ഇന്‍ഫോസിസും തിന്നു...

അങ്ങനെ കൊച്ച് വര്‍ത്തമാനം ഒക്കെ കഴിഞ്ഞ് രാത്രി ആയപ്പോള്‍

അതാ മുറ്റത്തൊരു ബഹളം,
വര്‍ഗീസച്ചായന്‍‌റ്റെ ബ്രദര്‍ !!
നല്ലവരായ ഏതോ അയല്‍ക്കാരന്‍ ഫോണ്‍ വിളിച്ച് പറഞ്ഞതനുസരിച്ചുള്ള വരവാണു.....

ദൈവവിളിക്കാരന്‍ ചാടി മുറിക്കകത്ത് കേറി കുറ്റി ഇട്ട് കളഞ്ഞ്,
പാപി, ഇനി രക്ഷ ഇല്ല, ഞാന്‍ പിടിക്കപ്പെട്ടു.


ഈശോ മിശിഹായ്ക്ക് സ്തുതി ആയ്ക്കട്ടെ അച്ചോ...

സ്തുതി അവിടിരിക്കട്ടെ, ആര്രാടാ ഇവിടെ തേങ്ങാ കട്ടതു ? ഇങ്ങനണേല്‍ നീയിക്കെ എന്തൊക്കെ കക്കുമെടാ ?

ഛായ്, സവ്‌രിമലമുര്വാ..... നാണം കെട്ടു. നാട്ടിലാണേല്‍ എനിക്ക് നല്ല പേരാ,
ഇവിടെയിതാ ഞാന്‍ വെറും ഒരു തേങ്ങാകള്ളന്‍ ആക്കപ്പെട്ടിരിക്കുന്നു...

അപ്പുറത്തെ തരുണീമണികളും കൊച്ച്പിള്ളേരും വരെ, നാട്ടാര് ഉല്‍സവ ഘോഷയാത്ര കാണാന്‍ നിക്കണ പോലെ ഇങ്ങോട്ട് തന്നെ നോക്കി നില്‍ക്കുന്നു...


ലജ്ജാവഹം ,

ഇനി വേറൊരു വഴീം ഇല്ല ഒറ്റിക്കൊടുക്ക തന്നെ, യൂദാസായ നമ:

അതായതു അച്ചോ ,ഞാനല്ല അതു ചെയ്തതു ...
തേങ്ങാ പറിച്ചതും തിന്നതുമൊക്കെ അപ്പുറത്തെ ലവനാകുന്നു....
വേണ്ടാ വേണ്ടാന്ന് ഞാന്‍ പല തവണ പറഞ്ഞ‌‌‌താ, പക്ഷേങ്കി,

ഞാന്‍ മനസ്സാ വാചാ കര്മ്മണാ......

അച്ചന്‍ ദാ കാറ്റുപോലെ ഇന്‍ഫോസിസന്‍‌റ്റെ മുന്‍പിലേക്ക്,

ഓഹ് ഇതു പോലെ ഒരു പ്രഭാഷണം ഞാന്‍ കേട്ടിട്ടില്ല...
ആ നാട്ട്കാരും കേട്ടിട്ടുണ്ടാവില്ല,
അച്ചന്‍ കണ്ടിന്യുസ് ആയി മനോഹരമായ മുത്തുകള്‍ പൊഴിച്ചു

ഇന്‍ഫോസിസന്‍ അന്തം വിട്ട്, എന്തോ പോയ ആരെയോ പോലെ നിന്നു......

എന്നാലും ഒരു ഇടയന്‍ ഇങ്ങനെ ഒക്കെ പറയാന്‍ പാടുണ്ടോ.
..ഒരു പത്ത്പതിനഞ്ച് ലാസ്റ്റ് വാണിംങ്ങും കൊടുത്ത് അര മണിക്കൂര് കഴിഞ്ഞ് അച്ചന്‍ പോയി,

പിന്നീട് എപ്പോ എന്നെ കണ്ടാലും , ഇന്‍ഫോസിസിന്‍‌റ്റെ മുഖം എന്തോ മണ്ടരി ബാധിച്ച തേങ്ങ പോലെയാണു....



21 May 2010

പാഠം ഒന്ന് ഒരു വിലാപം..

അച്ഛന്‍‌ തറവാട്ടിലെയും , അമ്മതറവാട്ടിലെയും കുടുംബ ദൈവങ്ങളനുഗ്രഹിച്ചതിന്‍‌റ്റെ കൂടെ, കോടാപമ്പ് മഖാം ഉപ്പാപ്പയും, തേര്‍മ്മല പള്ളീലെ പുണ്യാളനും കൂടെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഠിത്തം കഴിയുന്നതിനു മുന്‍പേ കുഴപ്പമില്ലാത്ത ഒരു ജോലി ക്യാമ്പസ് റിക്രൂട്ട്മെന്‍‌റ്റ് എന്ന പേരില്‍ എനിക്കു വളരെ ഈസിയായി കയ്യി കിട്ടിയിരുന്നു...

പൊട്ടന്‍ പുട്ട് കണ്ട അവസ്ഥയിലാണു ഹൈദരാബാദിലെ വന്‍പിച്ച ട്രെയിനിങ്ങും കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോയിന്‍ ചെയ്യാന്‍ വന്നു ചാടിയതു..
അതും ഭാഗ്യം എന്നു തന്നെ പറഞ്ഞാ മതി, നിരത്തി നിര്‍ത്തിയ പത്തിരുപതെണ്ണത്തിനെ ഗ്രൂപ്പ് തിരിച്ചാണു ഓരോ സംസ്ഥാനത്തിലേക്കും അങ്ങ് എക്സ്പോര്‍ട്ട് ചെയ്തു കളഞ്ഞതു...

നാട്ടില്‍ നിന്ന് എന്‍‌റ്റെ കൂടെ ലാന്‍ഡിയെ രണ്ടണ്ണന്മാരില്‍ ഒന്നിനെ മുംബൈയിലേക്കും, മറ്റവനെ നോയിഡയിലേക്കും അങ്ങ് തട്ടിക്കളഞ്ഞു..........
ആസാമിലേക്കു പോവാന്‍ വിധിക്കപ്പെട്ട രണ്ടവന്മാര്‍ ഞാനെന്ന ഭാഗ്യവാനെ നോക്കി പല്ലു കടിച്ചു...
മനസ്സില്‍ മുത്തപ്പനൊരു തിരുവപ്പന കൂടി അങ്ങ് നേര്‍ന്നു... ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ..............


പക്ഷേ ഇക്കണ്ടതൊന്നും കളിയല്ല മാധവാ എന്നറിഞ്ഞതു ബാംഗ്ലൂരില്‍ വന്ന് ചാടിയതിനു ശേഷമാണ്‍ ......


ബാംഗ്ലൂരില്‍ കമ്പനിയുടെ പേരില്‍ ഒരു വന്‍ ബസ്സ്റ്റോപ്പ് തന്നെ കാണും എന്നൊക്കെ നിരീച്ചാണു ഇങ്ങ്ട്ടു വച്ച് പിടിച്ചതു.....കട്ടപ്പനക്കാരന്‍ ഒരു മഹാപാപി കൂടെ ഉണ്ടായിരുന്നു ( എന്നെ ആ സമയത്ത് കണ്ണെടുത്താ കണ്ട് കൂടായിരുന്നു എന്നൊഴിച്ചാല്‍ ആള്‍ ശുദ്ദന്‍, പാവം, - സത്യത്തില്‍ എന്റെ അന്നേരത്തെ സ്വൊഭാവം എനിക്കു തന്നെ ഓര്‍ക്കുമ്പം പിടിക്ക‌ത്തില്ല, പിന്നാ അവനു !!!)

സിറ്റിയില്‍ നിന്ന് കൊറേ ചുറ്റിവളച്ച് എട്ടും ഒന്‍പതും എടുത്താണു ആ നല്ല ശമരിയാക്കാരന്‍ ഓട്ടോഡ്രൈവന്‍ എം ജി റോഡില്‍ കൊണ്ടിട്ടത്,
ലവനന്ന് ചാകര ചാകര എന്ന ഗാനമാലപിച്ചിട്ടുണ്ടാവണം ,

40 ക. യ്ക്ക് പകരം 200 ക. .......ഹും
... തെണ്ടി ... കൊണ്ട് പോയി തിന്നട്ടെ..

ഒരു വിധത്തില്‍ ആ കുഞ്ഞു കെട്ടിടത്തിലെ വന്‍ പേരുള്ള മ്മടെ സ്വൊന്തം കമ്പനീല്‍ വലതു കാല്‍വച്ച് അകത്തേക്ക് കയറി സെക്യൂരിറ്റിയെ വണങ്ങി.
ആരുവാടേയ് ? സെക്യൂരിറ്റി ഉവാച:

കുണ്ടിനു പുറത്ത് വന്ന തവളക്കുഞ്ഞുങ്ങളേപ്പോലെ നിക്കണ ഞങ്ങളോടാണ്‍..
പുതുതായി ജോയിന്‍ ചെയ്യാന്‍ വന്നതാണെന്നു കേട്ടപ്പോ റിസപ്ഷനിലേക്ക് ആനയിക്കപ്പെട്ടു,

ഒരു ചുന്ദരി ഇരുന്നു ബല്യ ഒരു ഫോണില്‍ ഞെക്കിക്കളിക്കുന്നു...
കൊള്ളാം ..... റ്റൈം പാസ്സായി....

എന്നാലും നമ്മളോടവള്‍ക്ക് അത്ര ബഹുമാനം പോര....

ഏരിയാ മൊയലാളിയുടെ മുന്നില്‍ ഉപവിഷ്ടനാക്കപ്പെട്ടു...

ചായ വന്നു ,പരിചയപ്പെടല്‍സ് ഒക്കെ നടന്നു....
പണിയുടെ ആകെ മൊത്തം ഡീറ്റയില്‍സ് കിട്ടി.... അതു മാത്രം എനിക്കങ്ങട് ഇഷടായില്ല...

ഹൊ ... പണിയെടുക്കാതെ ശമ്പളം കിട്ടിയിരുന്നെങ്കില്‍...

ഓഫീസില്‍ പരിചയപ്പെട്ട അണ്ണാച്ചി വഴി ഈജിപുരയില്‍ വീട് റെഡി ആയപ്പോഴേക്കും രണ്ട് ദിവസം കഴിഞ്ഞു.
അങ്ങനെ മജസ്റ്റിക്കിലെ പരിചയക്കാരന്‍ വക അഞ്ചടി അഞ്ചിഞ്ച് മുറിയിലെ 11 താല്‍‌ക്കാലിക സഹമുറിയന്മാരോട് വിട പറഞ്ഞ് വര്‍ഗ്ഗിസ്മാപ്പിളയുടെ വല്യ വീട്ടിലേക്ക് താമസം മാറി.

ബംഗ്ലാവു പോലത്തെ വീടാ,
പക്ഷേങ്കീ അതില്‍ രണ്ട് നിലക്ക് മോളിലുള്ള ഒറ്റമുറിയും കോമണ്‍ ബാത്ത്റൂമും ആയിരുന്നു ഞ‌ങ്ങളുടെ ഭവനം....

അങ്ങിനെ ഞാനും പണി തുടങ്ങി....
അതായത് രാവിലേ കുളിച്ച്, ഇന്‍സൈഡ് ഒക്കെ ചെയ്തു, ഹരിയേട്ടന്‍ മെസ്സില്‍ നിന്നു പുട്ടും കടലയും ഒക്കെ കഴിച്ച്,
ബി എം. ടി സി ബസ്സില്‍ ഞാന്ന് കിടന്നെത്തി, ഓഫീസില്‍ മുഖം കാണിക്കണം,
അപ്പോഴൊക്കെ ഫീല്‍ഡ് വര്‍ക്കാണു,
രാവിലേ ടീം ലീഡര്‍ കുറേ കാള്‍ ഡീറ്റെയില്‍സ് തരും, മ്മടെ കമ്പനിയുടെ കമ്പ്യൂട്ടര്‍ വാങ്ങി വച്ച പാവപ്പെട്ട ബാങ്കുകളും,ഓഫീസുകളിലും നിന്നുള്ള വിളികളാണു.....

ദൈവം സഹായിച്ച് കുറേ കമ്പ്ലൈയിന്റ്സ് വരുന്നുണ്ട്......


ടീം ലീഡര്‍ മലയാളി അക്കനാണു, പുള്ളിക്കാരി ഒരുവിധത്തില്‍ ഉന്തിത്തള്ളി വിടുന്ന വരെ ഓഫീസില്‍ ചുറ്റിയടിക്കും...

ആദ്യത്തെ സംഭവം തന്നെ ഗഭീരമായിരുന്നു..
സാധാരണ കമ്പ്യൂട്ടര്‍ തന്നെ കഷ്ടിച്ച് നന്നാക്കാനറിയുമ്പോ........ ദാണ്ടെ സെ‌ര്‍‌വറിനു കമ്പ്ലെയിന്‍‌റ്റ്!!!!!!!!!,

വെരി ഗുഡ്, ഞാന്‍ അങ്ങിനെ ചെറിയ കാര്യങ്ങള്‍ മാത്രം ചെയ്യണ്ടവനല്ല...
ബാങ്കിലെ സെര്‍‌വര്‍ ആണു, സ്റ്റാര്‍ട്ട് ചെയ്യുമ്പോ എന്തോ എറര്‍ ആണു പ്രശ്‌നം, പക്ഷേങ്കീ സംഗതി ഒക്കെ വര്‍ക്കാവുന്നുണ്ട്,
അതോണ്ട് ഉച്ചക്ക് ലഞ്ച് സമയത്ത് റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കിക്കോളാന്‍ കല്പിച്ച്, മാനേജറുടെ കാബിനില്‍ കസേരയിട്ട് തന്നു.....
ബാങ്കിലെ അഡ്മിന്‍ കൊള്ളാം... നല്ല മനുഷ്യന്‍

ഇവിടെ കന്നടയിലാണു സംസാരം എന്നതേ ഒള്ളു ഒരു കഷ്ടപ്പാട്,മലയാളത്തെ ദേശീയ ഭാഷയാക്കി നിര്‍ബന്ധമായും ഇന്‍ഡ്യയിലെ എല്ലാ സ്കൂളുകളിലും പഠിപ്പിക്കേണ്ട ആവശ്യകത എനിക്കപ്പോഴാണു ബോധ്യ‌മായതു............

എന്തായാലും ചായ വന്നു, വട വന്നു...പോന്നോട്ടേ..

ഉച്ചക്ക് , മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് സെ‌ര്വ്വര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ സെര്‍‌വ്വര്‍ റൂമിനകത്തേക്ക്...
സാധനം കണ്ടിട്ട് ഒരു പരിചയോം തോന്നുന്നില്ല, ചുറ്റിലും രണ്ട് തവണ പ്രദിക്ഷണം വച്ചു,

കര്‍ത്താവേ ഇതിന്‍‌റ്റെ സ്വിച്ചെവിടാ ??
ശെരി , ഇനി വേറെ മാര്‍‌ഗമില്ല....

സെര്വ്വറിന്‍‌റ്റെ ബാക്ക് സൈഡില്‍ എന്തോ ചെയ്യുന്നതായി അഭിനയിച്ച് അഡ്മിനെ നോക്കി പറഞ്ഞു,
"റീസ്റ്റാര്‍ട്ട് നൗ..."
ലവന്‍ റീസ്റ്റാര്‍ട്ട് ചെയ്തു.... കൊള്ളാം, അപ്പോ അവിടാണു സ്വിച്ച് ,


വെരിഗുഡ് ... ഞാന്‍ കണ്ട് പിടിച്ചിരിക്കുന്നു...

അങ്ങിനെ എറര്‍ കണ്ടു... സത്യം പറഞ്ഞാ ഒരു ചുക്കും പിടികിട്ടിയില്ല...

പിന്നേം പിന്നേം റീസ്റ്റാര്‍ട്ട് ചെയ്തു....കൊള്ളാം പ്രാക്ടീസ് ആയി...

ഇനി അടുത്ത സ്റ്റെപ്പ്, സ്ക്രീനില്‍ കണ്ട കൊറേ സെറ്റിങ്ങ്സ് ഒക്കെ മാറ്റി...റീസ്റ്റാര്‍ട്ട് ചെയ്തു.... എങ്ങാനും ശെരിയായാലോ?...

ഹെ‌ന്റെ പുണ്യാളാ!!!!!!!!!!!,

എല്ലാം പോയി...സംഭവം അങ്ങ്ട് അപ്പാവുന്നില്ല....
പണ്ട് വര്‍ക്ക് ചെയ്‌തോണ്ടിരുന്നതും കൂടെ പോയി...

അഡ്മിന്‍‌റ്റെ മുഖത്ത് അതാ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടി,
ഭക്ഷണ സമയം കഴിഞ്ഞു, അറ്റ്ലീസ്റ്റ് സെര്‍‌വ്വര്‍ പഴയ പടി ആവണം..
നോക്കുമ്പോ, ബാങ്കിലെ കസ്റ്റമേര്‍സ് റൂമിനു പുറത്ത് കൂട്ടം കൂടി നിക്കണു,
തൊണ്ട വരണ്ടു... ആദ്യം സൈക്കളോടിക്കാന്‍ പഠിച്ചപ്പോ ഹാന്‍ഡില്‍ വിറച്ചപോലെ കൈ വിറച്ചു.....


മുത്തപ്പനു ഒരു നിലവിളക്കും, പള്ളീലേക്ക് ഒരു കൂട് മെഴുകു തിരീം കൂടങ്ങ് നേര്‍ന്നു....

ബട്ട്, ഒരു രക്ഷേം ഇല്ല, സംഭവം കൈവിട്ട് പോയി....ഇനി

"ഐ തിങ്ക്, ഇറ്റ്സ് അ ബിഗ് പ്രോബ്ലം ,ഐ വില്‍ സെന്‍ഡ് മൈ സീനിയര്‍.."

അഡ്മിന്‍ രൂക്ഷമായി നോക്കി.

" നോ , ഇറ്റ്സ് ക്രിട്ടിക്കല്‍, ഐ വാണ്ട് യു ടു മേക്ക് ഇറ്റ് റെഡി റൈറ്റ് നൗ, കസ്റ്റമേര്‍സ് ആര്‍ വെയിറ്റിങ്ങ്, യു ഒണ്‍ലി ക്രിയേറ്റഡ് ദിസ് പ്രോബ്ലെം, ഇറ്റ് വാസ് വര്‍ക്കിങ്ങ് ബിഫൊര്‍ യു കേം"

ആണ്ടെ അവന്‍ ശെരിക്കും എന്റെ തലേല്‍ ഇട്ടു, ..ഇനി തടിയൂരിയേ പറ്റൂ..
" നോ, സെ‌ര്വ്വര്‍ വാസ് ഹാവിങ്ങ് ‌പ്രോ‌ബ്ലം, ഇറ്റ് മേ ബീ കോയിന്‍സിഡന്‍സ്"


ഒരു രക്ഷേം ഇല്ല.. അവനിപ്പം തന്നെ അതു റെഡി ആക്കണം...ഓഫീസില്‍ വിളിച്ച് നോക്കാം...

"ഓക്കെ, ഐ വാണ്ട് ടു കാള്‍ ടു മൈ ഓഫിസ്, ലെറ്റ് മി സി ഇഫ് ദെ കാന്‍ അറേഞ്ച് എ സീനിയര്‍ എഞ്ചിനീയര്‍ നൗ."

ലവന്‍ തന്നെ അവന്‍‌റ്റെ ഫോണില്‍ കറക്കിക്കുത്തി എന്‍റ്റെ ലീഡിനെ വിളിച്ചു
ഗുഡ്, അയാള്‍ക്കു നല്ല ഇംഗ്ലീഷ് പരിഞ്ജാനം ഉണ്ട്,

എന്നെക്കുറിച്ച് വളരെ നല്ല രീതിയില്‍ എസ്കലേറ്റ് ചെയ്തിരിക്കുന്നു...

ഫോണ്‍ എന്‍‌റ്റെ കൈയില്‍ തന്നു.....ലീഡ് അക്കന്‍ മലയാളത്തില്‍ അന്യോഷിച്ചു,

"നീ എന്തൂട്ടാടാ അവിടെ ചെയ്ത് വച്ചതു..."

നമ്മള്‍ ഒരിക്കലും നമ്മുടെ മിസ്റ്റേക്ക് അംഗീകരിക്കാന്‍ പാടുള്ളതല്ലല്ലോ...

"ചേച്ചീ, അതു എങ്ങനെയോ ആയതാ, സെര്‍വ്വറിനു അദ്യേ എന്തോ പ്രശ്നമുണ്ടാരുന്നു, പറഞ്ഞിട്ട് ഈ തെണ്ടിക്ക് മനസ്സിലാവുന്നില്ല,.......................പൊട്ടന്‍ , ഇയാളൊരു മണ്ണുണ്ണിയാണെന്ന് തോന്നുന്നു"

" ശെരി, ഞാന്‍ ഇപ്പോതന്നെ ആരേലും വിടാന്‍ നോക്കാം"
ലീഡ് അക്കന്‍ ഫോണ്‍ ഡിസ്കണക്ടി..


ഹൊ... ആ‌ശ്വാസമായി...
പക്ഷേങ്കീ...
അഡ്മിന്‍ ദോ എന്നെ തന്നെ തുറിച്ച് നോക്കി നില്‍ക്കുന്നു..
പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് ലവന്‍ മലയാളത്തില്‍ അങ്ങ് തുടങ്ങി...

" ദോ എന്നെ ശെരിക്ക് നോക്ക്, എന്നെ കണ്ടാ ശെരിക്കും മണ്ണുണ്ണി ആയിട്ട് തോന്നുവോടേ ഗഡീ"

ഞാന്‍ സ്തംഭിച്ചു.. ആരറിഞ്ഞു ഇദ്ദ്യേം മലയാളിയായിരുന്നെന്ന്, ഇത്രേം നേരം കന്നടെം , ഇഗ്ലീഷുമൊക്കെ പറഞ്ഞിട്ട്.

" ഡായ് ഞാനേ കുന്നംകുളത്തുകാരനാ, രാവിലേ വന്ന് ,ഞാന്‍ ചായേം വടേം ഒക്കെ വാങ്ങി തന്നതു കഴിച്ച്, എന്‍‌റ്റെ സെര്‍‌വറും നശിപ്പിച്ചിട്ട് ഇപ്പോ ഞാന്‍ മണ്ണുണ്ണി അല്ലേടേ ......"

ഒന്നും തലേലേക്ക് കേറുന്നില്ല... നാണം കെട്ടു...സീതാദേവി അന്തര്‍ധാനം ചെയ്ത പോലെങ്ങ് പോയാ മതിയാരുന്നു...

എന്തായാലും കുറച്ച് കഴിഞ്ഞ് ദൈവദൂതനേപ്പോലെ സീനിയര്‍‌അണ്ണന്‍ വന്ന് സെര്‍‌വ്വര്‍ റെഡിയാക്കി അവിടുന്ന് തടിയൂരി....
ഇറങ്ങുമ്പോ ഒരു കാര്യം ഒരു കാര്യം അങ്ങ് മനസ്സീല്‍ കുറിച്ചു..


പാഠം ഒന്ന്.. കേരളത്തിനു പുറത്ത് ശുദ്ദമലയാളം പറേണേനു മുന്‍പ് ചുറ്റുവട്ടമൊക്കെ ഒന്നങ്ങ് ശ്രദ്ദിച്ചേക്കണം

19 May 2010

കണ്ണൂര്‍

ജീവിക്കാന്‍ കേരളത്തീന്നു വണ്ടി പിടിച്ച് പോന്ന് വെളിയില്‍ വന്നു നില്‍ക്കണ ഒരോ മല്ലുവിനും വേറൊരു മല്ലുവിനെ കണ്ടാ ഒരു ചിരി ഒണ്ട്..
പരിചയപെടുന്നേന്‍‌റ്റെ ചുറുചുറുക്കും ആവേശോം കണ്ട് വേണേല്‍ അവന്‍ നാടു വിട്ടിട്ട് എത്ര കാലമായി എന്നളക്കാം,

പട്ടിണി കിടന്നവന്‍ ബിരിയാണി കണ്ട ആക്രാന്തം കാട്ടിയാ അപ്പോ മനസിലാക്കിക്കോണം 'ടിയാന്‍ തലേന്ന് വന്നു ചാടിയതേ ഒള്ള് എന്ന്'.
പോകെപ്പോകെ അതു കുറഞ്ഞ് കുറഞ്ഞ് നിര്വ്വികാര അവസ്ഥയിലേക്ക് പരിണമിക്കും...ഞാനിതെത്ര മലയാളീസിനെ കണ്ടതാ....സര്‍‌വ്വം മായ....എന്ന ഭാവത്തില്‍.......

നാമധേയം ഡാറ്റാബേസില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ രണ്ടാം ചോദ്യം ' നാട്ടിലെവിടാണിഷടാ' എന്നായിരിക്കണം ബൈ ഡിഫാള്‍ട്ട്,
ഇതിനുത്തരം ആദ്യം ജില്ലയും, പിന്നെ ആ ഏരിയ പരിചയ്മൊള്ളോനാണെല്‍ പിന്നെ താലൂക്കും അതിനു ശേഷം പഞ്ചായത്തും , വില്ലേജും കവറു ചെയ്ത് ഇടവകേല്‍ അമ്പലത്തിന്‍‌റ്റെ വലത്ത് വശത്തോ എടത്ത് വശത്തോ ഒള്ള വീട്ടില്‍ വന്ന് നില്‍ക്കണം.
അവസാനം മറ്റവന്‍‌റ്റെ വക ഒരു ഡയലോഗ് വരും.....

"അവിടെന്‍‌റ്റെ കൊച്ചാപ്പാന്‍‌റ്റെ എളാപ്പന്‍‌റ്റെ വല്യുമ്മാ താമസമുണ്ടെനന്നും ഞാനവിടെ കുഞ്ഞുന്നാളില്‍ വന്നിട്ടൊണ്ടെന്നോ"..... അല്ലേല്‍ മ്മടെ പഴേ ദോസ്ത് അവിടല്ലേന്നോ മറ്റോ ആയിരിക്കും....

ഒരു ഐ ടി കമ്പനിയില്‍ കഷ്ടപ്പെട്ട് കൂലിവേല ചെയ്തു ജീവിച്ചോണ്ടിങ്ങനെ പൊക്കോണ്ടിരിക്കുന്ന ഞാനും ഇമ്മാതിരി പരിചയപ്പെടല്‍ മഹാമഹങ്ങള്‍ കൊറേ നടത്തിയിട്ടൊണ്ട്....
നാടെവിടെയാണെന്ന ചോദ്യത്തിനു 'കണ്ണൂര്‍ ' എന്നു ഉത്തരം കൊടുക്കുമ്പോഴേ,
മറ്റുജില്ലക്കാര്‍ മിക്കവാറും പേരും ഒരു കണ്ണുമിഴിക്കലോ, 'ഒഹോ' എന്ന വിചിത്ര ശബ്ദം പുറപ്പെടുവിക്കാറുള്ളതോ ശ്രദ്ദിച്ചിട്ടുണ്ട്.....

എന്താടോ കണ്ണൂരിനു ഒരു കുഴപ്പം ?

പലരും തന്ന മറുപടികളില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയതു 2 കാരണങ്ങള്‍ ആണു..

അതില്‍ ഒന്നാമത്തേത് കണ്ണൂര്‍ ഒരു ഭീകര ജില്ലയാണത്രേ!!!,അവിടെ കുഞ്ഞുങ്ങള്‍ ബോബാണു ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിക്കുന്നതു പോലും!!!!!!!!!!
കേട്ടപ്പോള്‍ ആ അറിവ് എന്നെ അങ്ങ് ഞെട്ടിച്ച് കളഞ്ഞു....
അതെപ്പോ സംഭവിച്ചു എന്ന് ഒരു പിടിയും കിട്ടിയില്ല..
ഞാനെന്‍‌റ്റെ ജന്മത്തില്‍ വിഷൂനു പൊട്ടിക്കണ ഓലപ്പടക്കത്തിന്‍‌റ്റെയോ മഴക്കാലത്തെ ഇടി വെട്ടുന്നതിന്‍‌റ്റെയോ ശബ്ദം ഒഴിച്ചാല്‍ ഒരു വല്യ ശബ്ദങ്ങളൊന്നും കേട്ട ഓര്‍മ്മ എനിക്കില്ല,
നാടന്‍ ബോംബ് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍ അതു ചന്ത എന്ന പടത്തില്‍ ബാബു ആന്റണി കടിച്ചിട്ട് എറിയുന്ന സീനില്‍ മാത്രമാകുന്നു....

എന്തായാലും വെറുതെ കിട്ടുന്ന ഒരു ക്രെഡിറ്റല്ലേ, ഇരിക്കട്ടെ എന്ന് കരുതി ഞാനതൊന്നും പറയാറില്ല,
പകരം പാനൂര്‍ സ്റ്റേഷനില്‍ എന്‍‌റ്റെ ഫോട്ടോ വച്ചിട്ടൊണ്ടെന്നും, ബോംബ് ഉണ്ടാക്കി പൊട്ടിച്ച് കളിക്കുന്നതു ഞങ്ങള്‍ക്ക് ഒരു ഹോബിയാണെന്നും സൂക്ഷിച്ചും കണ്ടും നിന്നാ നിനക്കൊക്കെ കൊള്ളാം എന്നും മാത്രം തട്ടിമൂളിച്ചിട്ടുണ്ടെന്ന് തോന്നുന്നു...

കാശ്മീരില്‍ കണ്ണൂര്‍ ഭികരന്‍ പിടിയില്‍ എന്ന പത്രതലക്കെട്ട് വായിച്ചതിനു ശേഷം അമ്മാതിരി പേടിപ്പിക്കലും നടത്തിയിട്ടില്ല എന്നാണോര്‍മ്മ, ചുമ്മാതെന്തിനാ, ആടിനെ പട്ടിയാക്കണ പോലീസാ........

നോട്ടത്തിനു പിന്നിലെ രണ്ടാമത്തെ കാരണം ഞാന്‍ കണ്ണൂരുകാരനാണോ എന്ന സംശയമാണത്രേ,
എന്‍‌റ്റേതു അച്ചടി ഭാഷയില്‍ ആണത്രേ സംസാരം ,
പക്ഷേ സാധാരണ കണ്ണൂരുകാരന്‍ നയനാര്‍ സഖാവിന്‍‌റ്റെ കൂട്ട് , "ഓന്‍" ," ഓള്‍", എന്ന ശൈലിയില്‍ സംസാരിക്കണം പോലും,
അതെന്‍‌റ്റെ കണ്ണൂര്‍ അസ്ത്വിത്വത്തെ ഒരു ചോദ്യം ചെയ്യലായതു കൊണ്ടാണു കുടുംബ ചരിതം അല്പ്പം വിവരിക്കണം എന്ന് കരുതിയത്

അതു പറഞ്ഞാല്‍,
കയ്യിലിരിപ്പു കൊണ്ട് ദീപാളി കുളിച്ചും പിന്നെ അത്യാഗ്രഹം കൊണ്ടും, നില്ക്കകല്ലിയില്ലാതെ കോട്ടയം കഞ്ഞ്ക്കുഴിഭാഗത്ത് നിന്ന് ഓടിപ്പോന്ന നസ്രാണിമാരുടെ വണ്ടിയില് മലബാരില് വന്ന ചാടിയ ഒരു മഹാനായിരുന്നു എന്റെ വല്യ്പ്പന്‍,

പണിയില്ലതെ തെക്ക് വടക്ക് നടക്കണ ചുള്ളന്മാര് സുപ്രഭാതത്തില്‍ നന്നാവാന് തീരുമാനിച്ച് ഗള്‍ഫിനു പോണ പോലെ ആരുന്നു അക്കാലത്ത് മലബാറ് വെട്ടിപ്പിടിക്കല് എന്നാണു കേള്‍‌വി.....
എന്റെ വല്യപ്പന്‍, പക്ഷേ മലബാറിനു വെച്ച് പിടിക്കനുല്ല കാരണംമേല്പ്പറഞ്ഞതില് എന്താരുന്നെന്ന്ന് എനിക്ക് വല്യ പിടിപോര....
കയ്യിലിരിപ്പും കടം കേറിയതു ആയിരിക്കാം കാരണം എന്നാണ് എക്ക്ഷ്പെയറി ഡേറ്റ് കഴിഞ്ഞിട്ടും ഇപ്പോളും കുട്ടപ്പന്മാരായിരിക്കുന്ന ചില കാര്ന്നോന്മാരുടെ വാമൊഴി രേഖകള് വെളിവാക്കിയതു..

ഏരിയായില് ആളൊരു വന്‍പുലി ആയിരുന്നു എന്നാണ് എന്തായാലും ചരിത്ര പഠനത്തില്‍ നിന്ന് മനസിലാക്കിയതു....പാരമ്പര്യമായി വൈദ്യനാ‍യിരുന്നു അങ്ങേര്....
ആള്‍ക്ക് ആര്‍‌ത്തി അത്രക്ക് ഇല്ലാരുന്നു എന്നാണു തോന്നുന്നതു, അല്ലേല്‍ ചുറ്റുമുളള നസ്രാണിമാപ്പ്പ്പിളാസ് 30 ഉം 40 ഉം എക്കറ് കൊറഞ്ഞതു ചുറ്റിവള്ച്ചെടുത്ത് റവറും കുരുമുളകും കപ്പയുംവിളയിച്ചപ്പോ അങ്ങേര് കഷ്ടപ്പെട്ട് വളച്ചെടുത്തത് വെറും "4 എക്ക്ര",....

ഹ്മ്മ്മ് മടിയാരുന്നോ എന്തൊ...
എന്തരയാലും അങ്ങേര് മരുന്നുകടയും ചികിത്സയും ആയി കഴിഞു കൂടി..

മെഡിക്കല്‍ എത്തിക്സിനു വിരുദ്ദ്മാണേലും വൈകുന്നേരമായാല് പുള്ളി ചികിത്സ നിര്ത്തിയിരുന്നത് കള്ളുഷാപ്പില് വെക്കേണ്ട അറ്റന്ഡസിന് അത്രയ്ക്ക് പ്രാധാന്യം കൊടുത്തത് കൊണ്ടാരുനു....
ഇതെല്ലാം കൂടെ ആകെയൊള്ള നാലേക്രേല്‍ രണ്ടരയേക്രേം കുറവു വന്ന് അദ്ദ്യേം സമാധി അടഞ്ഞപ്പോള്‍,
ചുറ്റുമുള്ളവരുടെ റബ്ബര്‍ത്തോട്ടങ്ങള്‍ കണ്ട് കൊതി വിടാനായിരുന്നു ഞങ്ങള്‍ മക്കള്‍കൊച്ചുമക്കള്‍സുകളുടെ വിധി.....

ആകെപ്പാടെ സമാധാനം കിട്ടിയതു റബ്ബറിനു നൂറില്‍ നിന്ന് പതിനെട്ടുറിപ്പികയായി വീണപ്പളാ....
ദേണ്ടെ പിന്നേം നൂറിന്‍‌റ്റെ മോളീല്‍ക്കെടക്കണു വെല !!!!!!!

ഒരു റബര്‍തോട്ടം ഒക്കെ ഉണ്ടാരുന്നേല്‍ അതും നോക്കി വില്ലീസ് ജീപ്പും വാങ്ങി കറ‌ങ്ങി നടക്കേണ്ട ഞാനാല്ലേ ഇതു എന്നു സഹതപിക്കാനല്ലേ പറ്റൂ...
പറഞ്ഞു വന്നതു , തെക്കുവടക്കും വേറെയേതൊക്കെയോ സംസ്കാരങ്ങളും കൂടിക്കലര്‍ന്നാണു എന്‍‌റ്റെ സംസാര ശൈലി ആര്‍ക്കും പിടികിട്ടാത്തതായി പോയതെന്നാകുന്നു..

എന്തൊക്കെയായാലും ഈ ഒരു ബേസ് ഒക്കെ ഒള്ളത് കൊണ്ടാണ് തെക്കന്മാരോടു “ മൈ നേറ്റീവ് ഈസ് കണ്ണൂര് എന്ന് പറയുമ്പോ ഉള്ള അവരുടെ നോട്ടത്തിന് തുടര്ച്ചയായി ബട്ട് ബേസിക്കലി ഫ്രം കോട്ടയം എന്ന് പറയുന്നത്.....ഇപ്പോ മനസിലായോ ????


23 December 2009

പയ്യാമ്പലം



ഒറ്റയ്ക്കിരിക്കാന്‍ ഒരുപാടു സമയം കിട്ടാറില്ല....
പക്ഷേ.. ആള്‍ക്കൂട്ടത്തിലലിയുമ്പോഴും മനസ്സിനെ ഒറ്റയ്ക്കു വിടാന്‍ അവനിഷ്ടമായിരുന്നു..
മനസ്സ് അതിനിഷ്ടപ്പെട്ട വഴികളിലൂടെ കുതിരയെപ്പോലെ പായും...
‌‌‌‌‌‌യാഥാര്‍‌ത്യങ്ങളില്‍ നിന്നകന്ന് മനസ്സ് സഞ്ചരിക്കുമ്പോളും കടപ്പാടുകളോടും കടമകളോടും മറ്റുള്ളവരോടും പൊരുത്തപ്പെട്ട് എങ്ങിനെ ജീവിക്കാന്‍ സാധിക്കുന്നു എന്ന് അത്ഭുതം തോന്നിപ്പോവുന്നു....

പയ്യാ‌മ്പലത്തെ ഈ ബീച്ചില്‍ പണ്ടും വന്നിരിക്കാറുണ്ടായിരുന്നു....
തിരക്കൊഴിഞ്ഞ സ്‌ഥലം നോക്കി, ഇരിക്കാന്‍ ഒരു പാറക്കൂട്ടം നോക്കി വച്ചിട്ടുണ്ട്.
ആകാശം നോക്കി കിടക്കാം കുറേനേരം, പിന്നെ തലചരിച്ചാല്‍ കടല്‍ കാണാം,
കടലും മനസ്സിനേപ്പോലെ ഓരോ സമയത്തും വിവിധ ഭാവങ്ങള്‍ കൈക്കൊള്ളുന്നതു അവന്‍ ഇവിടെ ഇരുന്നാണു കണ്ടിട്ടുള്ളതു, അതു ശാന്തമാവുന്നതും, പ്രക്ഷുബ്ധമായി കരയിലേക്കു ആഞ്ഞടിക്കുന്നതും, ആര്‍ത്തുല്ലസിക്കുന്നതും അവന്‍ കണ്ടിട്ടുണ്ട്..
കടലില്‍ കുറച്ച് കുട്ടികള്‍ തുള്ളിക്കളിക്കുന്നുണ്ട്, തിരകള്‍ വരുമ്പോള്‍ തിരിച്ചോടും, തിരകള്‍ പിന്‍‌വാങ്ങിയാല്‍ ആര്‍ത്തുകൊണ്ട് പിന്നെയും വെള്ളത്തിലേക്ക്...
അല്പ്പം ദൂരെ രണ്ട് പേര്‍ അവരുടെതായ ലോകം തീര്‍ത്ത് കൈകള്‍ കോര്‍ത്ത് ഇരിക്കുന്നു, പ്രണയിക്കുന്നവരാകാം , അടുത്ത് വിവാഹം കഴി‌ഞ്ഞവ‌രാകാം.....
അല്‍‌പ്പം മാറി കുറച്ച് കോളേജ് സ്റ്റുഡന്റ്സ് ആവ‌ണം, തിരക‌ള്‍ മായ്ക്കുന്നതും പരീക്ഷിച്ച് മണലില്‍ എന്തൊക്കെയോ എഴുതുന്നു, മനസ്സിലുള്ളവരുടെ പേരാണെന്നു തോന്നുന്നു പലരും മണലില്‍ കുറിക്കുന്നു.പരസ്പരം പലതും പറഞ്ഞുകൊണ്ട് തിരകളെ കാത്തിരിക്കുന്നു...
ഒരോ തവണ തിരകള്‍ മായ്ക്കുമ്പോഴും ആര്‍ത്തുല്ലസ്സിക്കുന്നു....
മണലില്‍ എഴുതുന്നതു ജീവിതം പോലെയാണെന്നു തോന്നും,
ഈ കടല്‍ എത്രയോ വരകള്‍ മായ്ച്ചിരിക്കാം, എണ്ണമില്ലാത്തിടത്തോളം, എല്ലാം ഒരോ മോഹങ്ങളായിരിന്നിരിക്കാം...
മറ്റ് രണ്ട് പേര്‍ പാറക്കെട്ടിനരുകിലേക്ക് ആടിയാടി നടന്ന് വരുന്നുണ്ട്.. കുടി‌ച്ചിട്ടുണ്ടെന്ന് ‌വ്യ‌ക്തം...അവര്‍ അടുത്ത പാറക്കെട്ടിലിരുന്നു കൈയ്യിലെ കുപ്പി വായിലെക്ക് കമഴ്ത്തി, കുപ്പിയെ കടലിലേക്ക് വലിച്ചെറിഞ്ഞു
എല്ലാം പതിവു കാഴ്ച്കള്‍....നിസംഗത തോന്നിപ്പിക്കുന്നവ.

ഈ കടല്‍ എന്തൊക്കെ ഏറ്റ് വാങ്ങിയിരിക്കാം, എന്തൊക്കെ കണ്ടിരിക്കാം, കൊച്ച്കുട്ടികളുടെ അത്ഭുദഭാവവും, കൂട്ടങ്ങളുടെ ഉല്ലാസവും,നിഷ്കളങ്കവും അല്ലാത്തതുമായ പ്രണയങ്ങളേയും, വെറുപ്പുകളും,,സ്ങ്കടങ്ങളും,വിഷാദവും അങ്ങിനെ എല്ലാം എല്ലാം....
പണ്ടില്ലായിരുന്ന ഒരു പുതുമ കാണാനുള്ളതു ഒട്ടകസവാരി ആണു, മെല്ലിച്ച കാലുകളോടെ ദൈന്യതയാര്‍ന്ന മുഖവുമായി ഒന്നോരണ്ടോ ആളുകളേയും കയറ്റി ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് അത് വന്നു പോകുന്നു.
കറുത്ത് കരുവാളിച്ച് തിരിച്ചറിയാനാവാത്ത ഒരു ഭാവവുമായി അതി‌ന്‍‌റ്റെ ഉടമ ഒരു നോര്‍ത്തിന്‍ഡ്യന്‍ മുന്നില്‍ നടക്കുന്നുണ്ട്, അവന്‍‌റ്റെ സ്വ‌പ്നങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കയാവും അവനിവിടെ...

അവിടെ ഉള്ള എല്ലാരിലും അവന് അവനെത്തന്നെ കാണാന്‍ കഴിഞ്ഞു,കൊച്ച് കുട്ടിയിലും, കോളേജ് സ്റ്റുഡന്റ്സിലും,കമിതാക്കളിലും, ഒട്ടകത്തെ മേയ്ച്ച് നടക്കുന്നവനിലും,മദ്യപാനികളിലും, എല്ലാം എല്ലാം അവനു അവനെതന്നെ കണ്ട പോലെ തോന്നി.....
ഇതൊക്കെ ഞാനും പ്രകടിപ്പിച്ച ഭാവങ്ങള‌ല്ലേ എന്നവന്‍ ഓര്‍മ്മിച്ചെടുത്തു...

ഇതിനെല്ലാമിടയിലെങ്ങനെയാണു ഒറ്റപ്പെട്ടെന്ന തോന്നലിലേക്ക് ചുരുങ്ങിപ്പോവുന്നതെന്ന് വ്യ‌ക്തമാ‌യിരുന്നില്ല....
അവന്‍‌റ്റെ മനസ്സിലുള്ളതെല്ലാം അവനാ കടലിനോടും പിന്നെയാ പുഴയോരത്തെ അമ്പലത്തി‌ല്‍ ചിലമ്പണിഞ്ഞ ദൈവത്തോടും പറയാറുണ്ടായിരുന്നു
ഓരോ തവണ വരുമ്പോഴും പടിക്കെട്ടുകളിറങ്ങി മുത്തപ്പനു മുന്‍പിലവന്‍ കണ്ണടച്ചു നിന്നു....... ഓരോ തവണയും പറയാന്‍ ഒന്നില്‍ കൂടുതല്‍ കാര്യങ്ങളുണ്ടായിരുന്നു എന്നോര്‍മ്മിച്ചു.....
ആഗ്രഹങ്ങളും, വിഷമങ്ങളും,പ്രതീക്ഷകളുമായി അങ്ങിനെ അങ്ങിനെ ഒരു പാട്....
ചിലപ്പോഴൊക്കെ ചുമന്ന പട്ടുടുത്ത് ,അരപ്പട്ട കെട്ടി , ചിലമ്പണിഞ്ഞ് ദൈവം അവന്‍‌റ്റെ ചെവിയില്‍ മന്ത്രിച്ചിട്ടുണ്ട്, " എല്ലാം നടക്കും, നന്നാകും "......തേങ്ങാപ്പൂളും,പയറും ചേര്‍ത്ത പ്രസാദ്ം കഴിച്ച് തിരിച്ച് പോകുമ്പോളവനു മനസ്സ് നിറയാറുണ്ട്.....

ഈ കടല്‍ത്തീരത്ത് വന്ന് കടലിനോടും മന്ത്രി‌ക്കാറുണ്ടായിരുന്നു - അതേ പ്രതീക്ഷകള്‍,
അപ്പോഴെല്ലാം കടല്‍ ചെറുകാറ്റായി തഴുകുന്നതവന്‍ അറിഞ്ഞിരുന്നു.....
ഇന്നെന്തേ കടലിനോടു തനിക്കൊന്നും പറയാനില്ലാത്തതെന്ന് അവന്‍ സന്ദേഹിച്ചു ........
അടഞ്ഞ അമ്പലനടയില്‍ ഇന്നു തൊഴുതു നിന്നപ്പോഴും ഒന്നും ദൈവത്തോടു സംസാരിച്ചില്ലല്ലോ എന്നോര്‍മ്മിച്ചു.....

കടല്‍ ശാന്തമായിരുന്നു.... മനസ്സും അതുപോലെ ശാന്തമാണെന്ന് അവനറിഞ്ഞു..... കടലും തന്നേപ്പോലെ ഒരുപാടാളുകള്‍ക്കിടയിലും ഒറ്റപ്പെടല്‍ അറിയുകയാണെന്ന് അവനു തോന്നിച്ചു.....
കടലിനോടു പ്ര്യ‌ത്യേക സ്നേഹം തോന്നുന്നു.....
ഒരുപാട് സമയമായിട്ടുണ്ടാവണം .....കൈ ചരിച്ച് വാച്ചില്‍ നോക്കി....ഒരു പാടു വൈകിയിട്ടുണ്ട്........
ചുറ്റുമുണ്ടായിരുന്നവര്‍ താവളങ്ങളിലെക്ക് എപ്പോഴോ മടങ്ങിയിരിക്കുന്നു...
പാറക്കെട്ടില്‍ നിന്നിറങ്ങി മുന്നോട്ട് നടന്നു....
അവന്‍‌റ്റെ മനസ്സും കടലും ഒന്നായതായി അവനറിഞ്ഞു......

06 March 2009

ദിവസ ഫലം

ചില സാങ്കേതികകാരണങ്ങളാല്‍ ഈ പോസ്റ്റ് മാറ്റി

05 October 2008

കുഞ്ഞമ്പുവേട്ടന്‍


കുഞ്ഞമ്പുവേട്ടന്‍ തൂങ്ങിമരിച്ച വിവരം അമ്മയാണു വിളിച്ചു പറഞ്ഞതു...

കുഞ്ഞമ്പുവേട്ടനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല,അപ്പോ ഒന്നു പരിചയപ്പെടുത്തുന്നതാവും ഉചിതം....

കുഞ്ഞമ്പുവേട്ടനു അങ്ങിനെ പ്രെത്യെകിച്ച് തൊഴില്‍ ഒന്നും ഇല്ല. എന്നാല്‍ എന്തും ചെയ്യാം. വൈകുന്നേരം അല്‍പ്പം കാശ് കിട്ടിയാല്‍ ധാരാള‌ം ആയി.

രാവിലെ ഞങ്ങളുടെ പറമ്പില്‍ തേങ്ങയിടാനോ, പറമ്പ് കിളക്കാനോ,കുരുമുളകു പറിക്കാനോ ഒക്കെയായി വരുമ്പോ ഒരു കള്ളിമുണ്ടും ഒരു നീല ഷര്‍ട്ടും ഇട്ടാണു വരവു പതിവു...എന്നെ കണ്ടാല്‍ പല്ല് മുഴുവന്‍ പുറത്ത് കാണിച്ച് ഒരു ചിരി ഉണ്ട്.അച്ചനെ ക്ണ്ടാല്‍ ഒരു ബഹുമാനം ഒക്കെ ഫിറ്റ് ചെയ്തു മാറിനില്‍ക്കും..

പക്ഷെ ഇതൊക്കെ കുഞ്ഞമ്പുവേട്ടന്റെ അടവാണെന്നാണു അച്ചന്റെ വയ്പ്പ്.വൈകുന്നേരം കള്ള് മോന്തിക്കഴിഞ്ഞാല്‍ സ്വ‌ഭാവം അങ്ങ് മാറും, പിന്നെ കള്ളിമുണ്ട് കാണില്ല.അല്ലെങ്കില്‍ അതു തെറുത്ത് കയറ്റി നെഞചത്ത് കെട്ടിവച്ചിട്ടുണ്ടാവും.ഭാഗ്യത്തിനു അടിയില്‍ ഒരു വലിയ നിക്കര്‍ ഉണ്ട്. കുഞ്ഞമ്പുവേട്ടന്‍ ദാരിദ്ര രേഖക്ക് താഴെയയതിനാല്‍ അതിനെ ബര്‍മുഡ എന്നുവിളിക്കാന്‍ നി‌ര്‍‌വാഹമില്ല.

‌ പ്ണിക്ക് വരുമ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ അമിത ബഹുമാനം കാട്ടിയാല്‍ ,തലേന്ന് കള്ളിന്‍ പുറത്ത് അച്ചനെയാണു തെറി വിളിച്ചതു എന്നങ്ങ് മനസിലാക്കിക്കോണം...
എന്നു വച്ച് പുള്ളിക്കാരനു ഇന്ന ആളെ തെറി വിളിക്കന്ണം എന്നൊന്നും ഇല്ല കെട്ടൊ..
ഇദ്ദേഹത്തിന്റെ ഈ സ്വ‌ഭാവ ഗുണം കൊണ്ടാണു പലചരക്കുകടക്കാരന്‍ ഗോവിന്ദേട്ടന്‍ ഒരു ദിവസം കട പൂട്ടി വരുന്ന വഴിക്ക് കുഞ്ഞമ്പുവേട്ടനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചതു.

ഗോവിന്ദേട്ടന്റെ മകന്‍‌ സജി‌ ഗള്‍ഫില്‍ നിന്ന് കൊണ്ടുക്കൊടുത്തതാണു ആ നീണ്ട ബ്ലാക് കളര്‍ ടോര്‍ച്ച്.
എന്തായാലും നമ്മുടെ കുഞ്ഞമ്പുവേട്ടന്‍ കുറെനാള്‍ സ‌ര്‍ക്കാരാശ്പത്രിയില്‍ കിടന്നു....

കുഞ്ഞമ്പുവേട്ടന് മീന്‍ കറി കൂട്ടി ചോറുണ്ണുന്നതാണു മറ്റൊരു വീക്ക്നസ്സ്.
അമ്മയെ കക്ഷി അക്കാര്യത്തില്‍ പൊക്കിപ്പറയും." ഇങ്ങടെ മീങ്കറിയാണു മീന്‍‌കറി.ഇങ്ങനെ വേണം കറി വെയക്കാന്‍ " കേള്‍ക്കുമ്പോളേ അമ്മ അങ്ങു പൊങ്ങിപൊങ്ങി പോവും. അപ്പൊ ഒരു ചിരി ഉണ്ട് അമ്മയ്ക്ക്,
അങ്ങിനെയാണു അച്ച്ചന്റെ ഒന്നു രണ്ട് പഴയ ഷര്‍ട്ടുകള്‍ അമ്മ കുഞ്ഞമ്പുവേട്ടന് കൊടുത്തത്...
അതുകൊണ്ട് ആയിടക്കു പറ്മ്പില്‍ പണി ഉള്ളപ്പോളെല്ലം അമ്മ 15 രൂപയ്ക്ക് മത്തി വാങ്ങും...

പക്ഷെ ഒരു വൈകുന്നേരം കള്ള് കുഞ്ഞമ്പുവേട്ടനെക്കൊണ്ട് ഇങ്ങനെ വിളിച്ചു പറയിപ്പിചു
" ഫൂ....ആ പെണ്ണുമ്പിള്ളയ്ക്ക് മത്തിക്കറി മാത്രമേ വെയ്ക്കാനൊള്ളു , അയാടെ ഒരു കഷ്ട്ട്ടകാലം "
അത് നാരായണിയേച്ചി പറഞ്ഞറി‌ഞ്ഞാണു അമ്മ അങ്ങ്നെ മത്തിപരിപാടി സ്റ്റോപ്പ് ചെയ്തതു...
"ഹ്മ്മ്ം അയാള്‍ക്ക് ഞാന്‍ കോഴിക്കറി വെച്ചു കൊടുക്കാം എപ്പളും " എന്നമ്മ അന്നു രോഷം കൊണ്ടു..

നമ്മുടെ കുഞ്ഞമ്പുവേട്ടന്‍ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. വീട് എന്നു പറയാനൊന്നുമില്ല...ഒരു കുഞ്ഞു കൂര.
പഞ്ചായത്തുകാരു വീടിനു കൊടുത്ത കാശ് പുള്ളി കുടിച്ചു കുന്തം മറിഞ്ഞു...
അതു കൊണ്ട് മഴക്കാലമായാല്‍ അദ്ദ്യെം അവിടെ കിടക്കാറില്ല, രമേശന്റെ ബാര്‍ബര്‍ ഷോപ്പിന്റെ പിറകു വശ‌ത്താവും..

വീട്ടില്‍ ആരുമില്ലെങ്കിലും കുഞ്ഞമ്പുവേട്ടനറ്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ അറിഞ്ഞിട്ട് അധികമായില്ല.
ഞാന്‍ പഠിച്ച സ്ക്കൂളിന്റെ അടുത്തുള്ള ടൗണില്‍ അലഞ്ഞു തിരിയുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീ കുഞ്ഞമ്പുവേട്ടനറ്റെ അമ്മയാണത്രെ..
അവരെ ഞാന്‍ ചെറുപ്പത്തില്‍ സ്ക്കൂളില്‍ പോവുമ്പോള്‍ കണ്ടിട്ടുള്ളതാണു..
പിന്നീടു ഞാനക്കാര്യം കുഞ്ഞമ്പുവേട്ടനോട് നേരിട്ട് ചോദിച്ചതായിരുന്നു...
പുള്ളി ഒന്നും മിണ്ടിയില്ല. ഏന്താണാവോ ആ കത... ആര്‍ക്കറിയാം..

എന്തായാലും അങ്ങിനെ ഇരുന്നപ്പോഴാണ് കക്ഷിയുടെ ജീവിതത്തില്‍ turning Point ആയ ആ സംഭവം ഉണ്ടാകുന്നതു..

അംഗനവാടി ഹെല്‍‌പ്പര്‍ സൗദാമിനി ചേച്ചിയായിരുന്നു നായിക.....

അവരും കുഞ്ഞമ്പുവേട്ടനെപ്പോലെ മധ്യവയസ്സു കഴിഞ്ഞവരാണു.
കല്യണം കഴിഞിട്ടില്ല.പക്ഷെ ഈ ഇഷ്ട്ടം ഒരു വണ്‍‌വേ ആയിരുന്നു ,എന്വച്ചാല്‍ only from kunjambu...

എന്തായാലും കല്യാണം കഴിക്കണമെന്നുള്ള താല്‍‌പര്യവുമായി പുള്ളി സധൈര്യം മുന്നോട്ട് പോയി...

ഇതൊക്കെ അറിഞ്ഞു ഞാനും അച്ച്ചനും അമ്മയും ഒക്കെ മൂക്കത്ത് വിരല്‍ വച്ചു....കൂടെ നാട്ട്കാരും...ചിലരൊക്കെ ചിരിച്ചു...

ഭാസ്കരേട്ടന്‍ വഴിയാണു ഈ കാര്യം കുഞ്ഞമ്പുവേട്ടന്‍‌ സൗദാമിനിചേച്ചിയുടെ വീട്ടില്‍ അവതരിപ്പിച്ചതു..
" അവന്റെ സ്വൊഭാവം വച്ച് അവളെ തല്ലിക്കൊന്ന് കളയുന്നതാണു അതിലും ഭേദം" എന്നായിരുന്നു അവരുടെ മറുപടി..
പക്ഷെ തന്റെ സ്വ‌ഭാവം എപ്പൊളേ മാറി എന്നു കുഞ്ഞമ്പുവേട്ടനും..

പിന്നെ നടന്നതു ഒരത്ഭുതമായിരുന്നു..

നാട്ടുകാരൊക്കെ അന്തം വിട്ടു...
ബാംഗ്ലൂരില്‍ നിന്നു ലീവിനു നാട്ടില്‍ ചെന്ന ഞാനും....

കുഞ്ഞമ്പുവേട്ടന്‍‌ പാന്റും ഷര്‍ട്ടുമിട്ട് നല്ല കുട്ടപ്പനായി നടക്കുന്നു..
സ്വ‌ഭാവത്തില്‍ വന്‍ മാറ്റം...

വെള്ളമടി എന്ന ഒരു സംഭവം അറിയില്ലത്രെ...

പോരാത്തതിനു കറിയാച്ചേട്ടന്റെ കൂടെ വാര്‍ക്കപ്പണിക്കും പോവുന്നു അതും അതും സ്തിരമായിട്ടു..

അങ്ങിനെയാണു സൗദാമിനി ചേച്ചിയുടെ വീട്ടുകാര്‍ സസന്തോഷം വിവാഹത്തിനു സമ്മതിച്ചതു....
അഞ്ച് കാശു സ്ത്രീധനവും വേണ്ട ,കല്യാണം നടക്കാതെ വീട്ടില്‍ നിന്ന സൗദാമിനിയെ നോക്കാന്‍ ഒരാളും ആയി...

കല്യാണത്തിനു ശേഷം താമസിക്കാന്‍ കക്ഷി ഒരു വീടു പണിയും തുടങ്ങി....
ഞാന്‍ പിന്നീടു പോയപ്പോള്‍ വഴിയില്‍ നിന്നു ആ വീടു കണ്ടു..കൊള്ളം ഓടിട്ട് ചെറുതെങ്കിലും മനോഹരമായ കുഞ്ഞുവീടു...

കല്യാണം വിളക്കുപാറ അമ്പലത്തില്‍ ‌വച്ചാണെന്നും എല്ലാവരും വരണം എന്നും ഒക്കെ വീട്ടില്‍ പറയാന്‍ വന്നപ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നത്രെ പുള്ളി‌,
എന്നോട് സ്പെഷ്യല്‍ ആയി വരാന്‍ പറയണമെന്നു അമ്മയോട് ചട്ടം കെട്ടി ആണ്‍ പോയതു...

കല്യാണം വിളി ഒക്കെ അങ്ങിനെ ഗംഭീരം ആയി നടക്കുംബോള്‍ ആണു കുഞ്ഞമ്പുവേട്ടന്റെ തലയില്‍ ഇടിത്തീ വീണ പോലെ അല്ലേല്‍ അതിലും വലിയ ആ ദുരന്തം ഉണ്ടായതു...


സൗദാമിനിചേച്ചി ഇഷ്ടികകളത്തില്‍ പ്ണിക്കു നില്‍ക്കുന്ന തമിഴന്റെ കൂടെ ഒളിച്ചോടിക്കളഞ്ഞു.....

" അവള്‍ അത്തരക്കാരിയാണെന്നു ആരും അറിഞില്ലല്ലോ ഭഗവാനെ " എന്ന് അമ്മയും അയല്‍ക്കാരികളും അടക്കം പറയുന്നതും കേട്ടു...
സത്യം പറഞാല്‍ എനിക്കും വല്യ സങ്കടം തോന്നിപ്പോയി....

പക്ഷെ നമ്മുടെ കുഞ്ഞമ്പുവേട്ടന്‍ അക്ഷോഭ്യനും അചഞ്ചലനും ഒക്കെയായി അന്നേരം നിലകൊണ്ടു...."വിധിച്ചിട്ടില്ല " എന്നു മാത്രമായിരുന്നു പോല്‍ അങ്ങേര്‍ പ്രതികരിച്ചതു....


എന്നിരുന്നാലും കുഞ്ഞമ്പുവേട്ടന്‍ കള്ള്ഷാപ്പില്‍ പഴയതു പോലെ ഹാജര്‍ വെച്ചു തുടങ്ങി.....

ശങ്കരന്‍ ശ്ചേ...കുഞ്ഞമ്പുവേട്ടന്‍ പിന്നേം പഴയ തെങ്ങിലായി ..

വീട് മാത്രം കുഞ്ഞമ്പുവിന്റെ പരിണാമ കാലഘട്ടത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തി നില കൊണ്ടു.

പക്ഷേ എന്നാലും ഇതൊക്കെ കഴിഞ്ഞിട്ട് ഇപ്പോ ഒരുപാട് മാസങ്ങളായല്ലോ ....പിന്നെ എന്താണു കുഞ്ഞമ്പുവേട്ടന്‍ ഇപ്പോ ആത്മഹത്യ ചെയ്യാന്‍ കാര്യമാവോ?