വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

23 December 2009

പയ്യാമ്പലം



ഒറ്റയ്ക്കിരിക്കാന്‍ ഒരുപാടു സമയം കിട്ടാറില്ല....
പക്ഷേ.. ആള്‍ക്കൂട്ടത്തിലലിയുമ്പോഴും മനസ്സിനെ ഒറ്റയ്ക്കു വിടാന്‍ അവനിഷ്ടമായിരുന്നു..
മനസ്സ് അതിനിഷ്ടപ്പെട്ട വഴികളിലൂടെ കുതിരയെപ്പോലെ പായും...
‌‌‌‌‌‌യാഥാര്‍‌ത്യങ്ങളില്‍ നിന്നകന്ന് മനസ്സ് സഞ്ചരിക്കുമ്പോളും കടപ്പാടുകളോടും കടമകളോടും മറ്റുള്ളവരോടും പൊരുത്തപ്പെട്ട് എങ്ങിനെ ജീവിക്കാന്‍ സാധിക്കുന്നു എന്ന് അത്ഭുതം തോന്നിപ്പോവുന്നു....

പയ്യാ‌മ്പലത്തെ ഈ ബീച്ചില്‍ പണ്ടും വന്നിരിക്കാറുണ്ടായിരുന്നു....
തിരക്കൊഴിഞ്ഞ സ്‌ഥലം നോക്കി, ഇരിക്കാന്‍ ഒരു പാറക്കൂട്ടം നോക്കി വച്ചിട്ടുണ്ട്.
ആകാശം നോക്കി കിടക്കാം കുറേനേരം, പിന്നെ തലചരിച്ചാല്‍ കടല്‍ കാണാം,
കടലും മനസ്സിനേപ്പോലെ ഓരോ സമയത്തും വിവിധ ഭാവങ്ങള്‍ കൈക്കൊള്ളുന്നതു അവന്‍ ഇവിടെ ഇരുന്നാണു കണ്ടിട്ടുള്ളതു, അതു ശാന്തമാവുന്നതും, പ്രക്ഷുബ്ധമായി കരയിലേക്കു ആഞ്ഞടിക്കുന്നതും, ആര്‍ത്തുല്ലസിക്കുന്നതും അവന്‍ കണ്ടിട്ടുണ്ട്..
കടലില്‍ കുറച്ച് കുട്ടികള്‍ തുള്ളിക്കളിക്കുന്നുണ്ട്, തിരകള്‍ വരുമ്പോള്‍ തിരിച്ചോടും, തിരകള്‍ പിന്‍‌വാങ്ങിയാല്‍ ആര്‍ത്തുകൊണ്ട് പിന്നെയും വെള്ളത്തിലേക്ക്...
അല്പ്പം ദൂരെ രണ്ട് പേര്‍ അവരുടെതായ ലോകം തീര്‍ത്ത് കൈകള്‍ കോര്‍ത്ത് ഇരിക്കുന്നു, പ്രണയിക്കുന്നവരാകാം , അടുത്ത് വിവാഹം കഴി‌ഞ്ഞവ‌രാകാം.....
അല്‍‌പ്പം മാറി കുറച്ച് കോളേജ് സ്റ്റുഡന്റ്സ് ആവ‌ണം, തിരക‌ള്‍ മായ്ക്കുന്നതും പരീക്ഷിച്ച് മണലില്‍ എന്തൊക്കെയോ എഴുതുന്നു, മനസ്സിലുള്ളവരുടെ പേരാണെന്നു തോന്നുന്നു പലരും മണലില്‍ കുറിക്കുന്നു.പരസ്പരം പലതും പറഞ്ഞുകൊണ്ട് തിരകളെ കാത്തിരിക്കുന്നു...
ഒരോ തവണ തിരകള്‍ മായ്ക്കുമ്പോഴും ആര്‍ത്തുല്ലസ്സിക്കുന്നു....
മണലില്‍ എഴുതുന്നതു ജീവിതം പോലെയാണെന്നു തോന്നും,
ഈ കടല്‍ എത്രയോ വരകള്‍ മായ്ച്ചിരിക്കാം, എണ്ണമില്ലാത്തിടത്തോളം, എല്ലാം ഒരോ മോഹങ്ങളായിരിന്നിരിക്കാം...
മറ്റ് രണ്ട് പേര്‍ പാറക്കെട്ടിനരുകിലേക്ക് ആടിയാടി നടന്ന് വരുന്നുണ്ട്.. കുടി‌ച്ചിട്ടുണ്ടെന്ന് ‌വ്യ‌ക്തം...അവര്‍ അടുത്ത പാറക്കെട്ടിലിരുന്നു കൈയ്യിലെ കുപ്പി വായിലെക്ക് കമഴ്ത്തി, കുപ്പിയെ കടലിലേക്ക് വലിച്ചെറിഞ്ഞു
എല്ലാം പതിവു കാഴ്ച്കള്‍....നിസംഗത തോന്നിപ്പിക്കുന്നവ.

ഈ കടല്‍ എന്തൊക്കെ ഏറ്റ് വാങ്ങിയിരിക്കാം, എന്തൊക്കെ കണ്ടിരിക്കാം, കൊച്ച്കുട്ടികളുടെ അത്ഭുദഭാവവും, കൂട്ടങ്ങളുടെ ഉല്ലാസവും,നിഷ്കളങ്കവും അല്ലാത്തതുമായ പ്രണയങ്ങളേയും, വെറുപ്പുകളും,,സ്ങ്കടങ്ങളും,വിഷാദവും അങ്ങിനെ എല്ലാം എല്ലാം....
പണ്ടില്ലായിരുന്ന ഒരു പുതുമ കാണാനുള്ളതു ഒട്ടകസവാരി ആണു, മെല്ലിച്ച കാലുകളോടെ ദൈന്യതയാര്‍ന്ന മുഖവുമായി ഒന്നോരണ്ടോ ആളുകളേയും കയറ്റി ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് അത് വന്നു പോകുന്നു.
കറുത്ത് കരുവാളിച്ച് തിരിച്ചറിയാനാവാത്ത ഒരു ഭാവവുമായി അതി‌ന്‍‌റ്റെ ഉടമ ഒരു നോര്‍ത്തിന്‍ഡ്യന്‍ മുന്നില്‍ നടക്കുന്നുണ്ട്, അവന്‍‌റ്റെ സ്വ‌പ്നങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കയാവും അവനിവിടെ...

അവിടെ ഉള്ള എല്ലാരിലും അവന് അവനെത്തന്നെ കാണാന്‍ കഴിഞ്ഞു,കൊച്ച് കുട്ടിയിലും, കോളേജ് സ്റ്റുഡന്റ്സിലും,കമിതാക്കളിലും, ഒട്ടകത്തെ മേയ്ച്ച് നടക്കുന്നവനിലും,മദ്യപാനികളിലും, എല്ലാം എല്ലാം അവനു അവനെതന്നെ കണ്ട പോലെ തോന്നി.....
ഇതൊക്കെ ഞാനും പ്രകടിപ്പിച്ച ഭാവങ്ങള‌ല്ലേ എന്നവന്‍ ഓര്‍മ്മിച്ചെടുത്തു...

ഇതിനെല്ലാമിടയിലെങ്ങനെയാണു ഒറ്റപ്പെട്ടെന്ന തോന്നലിലേക്ക് ചുരുങ്ങിപ്പോവുന്നതെന്ന് വ്യ‌ക്തമാ‌യിരുന്നില്ല....
അവന്‍‌റ്റെ മനസ്സിലുള്ളതെല്ലാം അവനാ കടലിനോടും പിന്നെയാ പുഴയോരത്തെ അമ്പലത്തി‌ല്‍ ചിലമ്പണിഞ്ഞ ദൈവത്തോടും പറയാറുണ്ടായിരുന്നു
ഓരോ തവണ വരുമ്പോഴും പടിക്കെട്ടുകളിറങ്ങി മുത്തപ്പനു മുന്‍പിലവന്‍ കണ്ണടച്ചു നിന്നു....... ഓരോ തവണയും പറയാന്‍ ഒന്നില്‍ കൂടുതല്‍ കാര്യങ്ങളുണ്ടായിരുന്നു എന്നോര്‍മ്മിച്ചു.....
ആഗ്രഹങ്ങളും, വിഷമങ്ങളും,പ്രതീക്ഷകളുമായി അങ്ങിനെ അങ്ങിനെ ഒരു പാട്....
ചിലപ്പോഴൊക്കെ ചുമന്ന പട്ടുടുത്ത് ,അരപ്പട്ട കെട്ടി , ചിലമ്പണിഞ്ഞ് ദൈവം അവന്‍‌റ്റെ ചെവിയില്‍ മന്ത്രിച്ചിട്ടുണ്ട്, " എല്ലാം നടക്കും, നന്നാകും "......തേങ്ങാപ്പൂളും,പയറും ചേര്‍ത്ത പ്രസാദ്ം കഴിച്ച് തിരിച്ച് പോകുമ്പോളവനു മനസ്സ് നിറയാറുണ്ട്.....

ഈ കടല്‍ത്തീരത്ത് വന്ന് കടലിനോടും മന്ത്രി‌ക്കാറുണ്ടായിരുന്നു - അതേ പ്രതീക്ഷകള്‍,
അപ്പോഴെല്ലാം കടല്‍ ചെറുകാറ്റായി തഴുകുന്നതവന്‍ അറിഞ്ഞിരുന്നു.....
ഇന്നെന്തേ കടലിനോടു തനിക്കൊന്നും പറയാനില്ലാത്തതെന്ന് അവന്‍ സന്ദേഹിച്ചു ........
അടഞ്ഞ അമ്പലനടയില്‍ ഇന്നു തൊഴുതു നിന്നപ്പോഴും ഒന്നും ദൈവത്തോടു സംസാരിച്ചില്ലല്ലോ എന്നോര്‍മ്മിച്ചു.....

കടല്‍ ശാന്തമായിരുന്നു.... മനസ്സും അതുപോലെ ശാന്തമാണെന്ന് അവനറിഞ്ഞു..... കടലും തന്നേപ്പോലെ ഒരുപാടാളുകള്‍ക്കിടയിലും ഒറ്റപ്പെടല്‍ അറിയുകയാണെന്ന് അവനു തോന്നിച്ചു.....
കടലിനോടു പ്ര്യ‌ത്യേക സ്നേഹം തോന്നുന്നു.....
ഒരുപാട് സമയമായിട്ടുണ്ടാവണം .....കൈ ചരിച്ച് വാച്ചില്‍ നോക്കി....ഒരു പാടു വൈകിയിട്ടുണ്ട്........
ചുറ്റുമുണ്ടായിരുന്നവര്‍ താവളങ്ങളിലെക്ക് എപ്പോഴോ മടങ്ങിയിരിക്കുന്നു...
പാറക്കെട്ടില്‍ നിന്നിറങ്ങി മുന്നോട്ട് നടന്നു....
അവന്‍‌റ്റെ മനസ്സും കടലും ഒന്നായതായി അവനറിഞ്ഞു......

4 comments:

  1. മനോഹരമായ കുറിപ്പ്. എന്നാലും ഈ വരികള്‍ക്കെല്ലാം അപ്പുറമാണ് എനിക്ക് - അല്ല, ഇവിടെ ഒരിക്കലെങ്കിലും വന്നിട്ടുള്ള ഏവര്‍ക്കും - പയ്യാമ്പലം ബീച്ച്.

    ReplyDelete
  2. "അടഞ്ഞ അമ്പലനടയില്‍ ഇന്നു തൊഴുതു നിന്നപ്പോഴും ഒന്നും ദൈവത്തോടു സംസാരിച്ചില്ലല്ലോ എന്നോര്‍മ്മിച്ചു....."
    ഒരുപാടു പ്രതീക്ഷകളുള്ളപ്പൊഴാണു,ദൈവത്തിനോടു ഒരു പാടു സംസാരിക്കന്‍ പറ്റുള്ളൂ എന്നു തോന്നുന്നു.അല്ലെങ്കില്‍ ദൈവവും നമ്മലെ പോലെ നിസ്സഹായനാണെന്നു തോന്നിപ്പൂവും

    ReplyDelete
  3. ഒറ്റപ്പെടലിന്റെ വ്യഥ .. നന്നായി പറഞ്ഞു.

    ReplyDelete
  4. കടല്‍ ,ഓര്‍മ്മകളുടെ വ്യഥകളുടെ പ്രതിരൂപമാകുന്നു .മനോഹരമായി പറഞ്ഞു

    ReplyDelete