വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

08 November 2010

സംശയങ്ങള്‍

ദാവീദിന്‍‌റ്റെ പുത്രന്‍ ജോസഫിനു
മേരിയുടെ വിശുദ്ദഗര്‍ഭം ഒരു ഭാരമായില്ല..

ദശരഥപുത്രന്‍ രാമനു പക്ഷേ
സീതയുടെ ലങ്കാവാസമൊരു ഭാരമായി...

മനുഷ്യനായ ജോസഫ് ദൈവപിതാവായും
ദൈവാവതാരം രാമന്‍ മനുഷ്യനായും
പരിണമിച്ചതവിടെ‌‌‌‌‌‌യാണു....

ജോസഫ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ടങ്കിലും
രാമന്‍ പഴിക്കപ്പെട്ടിണ്ടുണ്ടെങ്കിലും
അതിതിനു മാത്രം

ഒരു പക്ഷേ സ്വപ്നദര്‍ശനം നല്‍കാന്‍
ദൈവദൂതന്‍ വരാത്തതിനാലോ....
പിന്നീട് സീത ജനിക്കാത്തതിനാലോ ആവാം
ഇന്നും നിറയെ രാമന്‍മാര്‍ ജനിച്ച് കൊണ്ടിരിക്കുന്നു...

21 September 2010

തേങ്ങാമോഷണം
പണ്ട് പണ്ട് പണ്ട് ഒരേഴര കൊല്ലം മുന്‍പ്....

ബ്രിഗേഡ് റോഡിലെ മൗത്ത് വാച്ചിങ്ങും,പിന്നെ കൂടിയാല്‍ അഴ്ചേല്‍ സംഗീത് തിയേറ്ററില്‍ വരുന്ന വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് പോലുള്ള ക്ലാസ്സിക്കല്‍ ഇന്ത്യന്‍ മൂവീസും മാത്രം ഒരു എന്‍‌റ്റ‌ര്‍ടേന്മെന്‍‌റ്റ് ആയി സുഖിച്ച് കഴിയുന്ന ടൈം...

കൂട്ടിനുള്ള കട്ടപ്പനക്കാരന്‍ അടിസ്ഥാനപരമായി യഹോവയില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ദിവസോം ദൈവപുസ്തകം പിന്നേം പിന്നേം കാണാപ്പാഠം പഠിക്കുന്നവനും ആയതിന്‍‌റ്റെ ഗതികേടില്‍ മേലേപ്പറഞ്ഞ എന്‍‌ര്‍ടൈന്മെന്‍‌റ്റ് ഒക്കെ ഞാന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് പ്ലാന്‍ ചെയ്ത് ഇമ്പ്ലിമെന്‍‌റ്റ് ചെയ്യേണ്ടി വന്നു....

വര്‍ഗ്ഗീസ്മാപ്പിളേടെ വക മൂന്ന്നില വീട്ടില്‍, മൂന്നാം നെലേലൊള്ള രണ്ട് ഒറ്റമുറി വസതികളിലൊന്നായിരുന്നു നമ്മുടെ ഗോഡൗണ്‍...

വന്ന് താമസിച്ച ദിവസം മനസ്സില്‍ മൂന്ന് ലഡു പൊട്ടിയതാണു...
റൂമിന്‍‌റ്റെ ഉള്ളില്‍ നിന്ന് താഴത്തെ മുറിയിലേക്ക് ഒരു സ്റ്റെയര്‍കേസ്...... തന്നെക്കാളും കൂടുതല് അയലോക്കംകാരെ സ്നേഹിക്കണംന്നാണു യേശുക്രിസ്തു പറഞ്ഞതേലും, താഴത്തെ ദ്രോഹികള്‍ ആ വാതില്‍ അടച്ച് കുറ്റിയിട്ട് കളഞ്ഞ്!!!
അപ്പുറത്തെ മുറിയില്‍ ഒരു ഇന്‍ഫോസിസ് മച്ചാനാണു, കക്ഷി നീഗ്രോ ലുക്കാണേലും വന്‍ മോഡേണാണു , നമ്മക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല , അതോണ്ടന്നെ അത്ര വല്യ കമ്പനി ഇല്ല,

വര്‍ഗീസ്സച്ചായന്‍ വന്‍ സ്ട്രിക്ടാന്നാണ് അ‌ങ്ങേരു പറഞ്ഞ് കേട്ടത്....
കൂടെ വൈഫ് മാത്രേ ഒള്ളൂ, മക്കളൊള്ളത് ഒബാമേടെ നാട്ടിലാ... ന്നാ ഞങ്ങളെ മക്കളായികണ്ട് ദിവസോം വല്ല ചിക്കനോ മട്ടനോ ഒക്കെ തന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.... എവിടെ?? വന്‍ പിശുക്കാ...

ഒരു ദിവസം രാവിലെ , സത്യന്‍ സ്റ്റയിലില്‍," ഞങ്ങളമേരിക്കായ്ക്ക് മക്കള്‍ടടുത്ത് പോകുവാ, മര്യാദയ്ക്ക് ഇര്യ്ന്നോണം " എന്ന് ആജ്ഞാപിച്ച് അദ്ദ്യേം ഭാര്യേം കൂട്ടി രണ്ട് മാസ ഔദ്യോഗിക ട്രിപ്പടിക്കാന്‍ പോയപ്പോഴാണു എന്‍‌റ്റെ ബാംഗ്ലൂരിനു സ്വാതന്ത്യം കിട്ടിയതു...

വല്ലപ്പോഴും പിള്ളേരെ പേടിപ്പിക്കാന്‍ വന്ന് പോവാറുണ്ടായിരുന്ന വര്‍ഗ്ഗീസച്ചായന്‍‌റ്റെ ബ്രദര്‍അച്ചനെ( ശരിക്കും പള്ളിലച്ചന്‍) ഒഴിച്ചാല്‍ അവിടം പിന്നീട് ശാന്തസുന്ദരമായിരുന്നു....

എങ്ങും പക്ഷികള്‍ കളകുജനം മുഴക്കി
പൂവുകള്‍ പൂത്തു.
തരുണീമണികള്‍ ആവശ്യാനുസരണം കടാക്ഷം എറിഞ്ഞ് ചന്നം പിന്നം റോഡേക്കൂടെ നടന്ന്പോയി....

അങ്ങിനെ ഒരു ഞായര്‍ സുദിനത്തില്‍ ടെറസ്സില്‍ രണ്ട് പുഷ്‌അപ്പ് ഒക്കെ എടുത്ത് , ബോറഡിച്ച് വായ്നോക്കി നില്‍ക്കുമ്പോഴാണു, അയല്‍‌വാസി ഇന്‍ഫോസിസിനെ ഡിറ്റെയില്‍ഡ് ആയി പരിചയപ്പെടുന്നതു...

ആരും സഹിക്കൂല്ല,
ഡയലോഗ്സ് കേട്ടാല്‍ അവന്‍ നാരായണമൂര്‍ത്തീടെ പിതാവാണെന്നും, അവനില്ലേല്‍ ഇന്‍ഫോസിസ് തകര്‍ന്ന് തരിപ്പണമായിപ്പോവും എന്നും നുമ്മ ധരിച്ച് പോവും,
"ഒന്നു പോട അപ്പനെ, എന്നിട്ടാണു ഈ വന്‍ സെറ്റപ്പില്‍ താമസിക്കുന്നതു ", നമ്മള്‍ ആത്മ ഗതം ചെയ്തു....

ലുക്ക് മാന്‍, ഐ ആം ബേസിക്കലി ടാമിള്‍, ബട്ട് വോണ്ട് സപീക്ക് ടാമിള്‍,
( ഓഹ്!!! തമിള്‍ ഭാഷ അവനു ടാമിള്‍ ആണു, കൊള്ളാലോ )


ഇതൊക്കെ നിരീച്ച് മാനത്തേക്ക് നോക്കിയപ്പോള്‍ അതാ...
ഇളം കാറ്റില്‍ തേങ്ങാക്കുലകള്‍ ആടുന്നു.... ആടുന്നില്ലേലും നല്ല ശേലൊണ്ട്...
വീടിനോട് ചേര്‍ന്നുള്ള തെങ്ങാ, ടെറസ്സില്‍ നില്‍ക്കുന്നതോണ്ട് അടുത്ത് കാണാം.
നാട്ടിലാണേല്‍ പത്തിരുപത് തെങ്ങൊണ്ട്, തേങ്ങാ പറിക്കണ സമയത്ത് അതു പെറുക്കികൂട്ടണതു എന്‍‌റ്റെ ഡ്യൂട്ടിയായിട്ട് അച്ഛന്‍ കല്പിച്ചിട്ടൊള്ളതാ, കൂട്ടത്തില്‍ എന്തായാലും കുറച്ച് സ്പെഷ്യല്‍ കരിക്കൂടെ പറിക്കും, അതൊക്കെ ഇങ്ങനെ വെട്ടിപ്പൊളിച്ച് കഴിക്കുംമ്പോ എന്തൊരു സുഖമാ....

ഈ ഫ്ലാഷ്ബാക്ക് ഒക്കെ ആലോചിച്ച് വായുമ്പൊളിച്ച് നില്‍ക്കണ കണ്ട് ഇന്‍ഫോസിസും മേലോട്ട് നോക്കി,
ഓഹ് കോക്ക്നട്ട്, യു വാണ്ട്, ഇറ്റ്സ് വെരി നിയര്‍, വീ കാന്‍

എഹ്, കിട്ടിയാല്‍ കൊള്ളാമാരുന്നു...ഞാനുര ചെയ്തു

ബട്ട് ഹൗ ?

ഐ വില്‍, ടെറസ്സീന്ന് അവന്‍ തെങ്ങിലേക്ക് ചാടിക്കേറി.
തെങ്ങിലേക്ക് അനായാസം കയറിയ അവനെ ഞാന്‍ നിര്‍നിന്മേഷനായി ഭക്ത്യാദരങ്ങളോടെ നോക്കി,

രണ്ട് കരിക്ക് പറിച്ച് ആശാന്‍ താഴെ എത്തി,
ഇനി ഇതെങ്ങനെ പൊളിക്കും? കുക്കിങ്ങും കത്തീം ഒന്നും കയ്യിലില്ലാത്ത കാലമാണു....

കരിക്ക് കണ്ടതും പരിശുദ്ദാത്മാവ്,ദൈവവിളിക്കാരന്‍, എന്‍‌റ്റെ സഹമുറിയന്‍, ചാടി മുറിക്ക് വെളിയിലെത്തി,
ബൈബിള്‍ വായിച്ചോണ്ടിരുന്ന മനുഷ്യനാണു..
പൊളിക്കലാണോ വിഷമം , അദ്ദ്യേം സ്ക്രൂഡ്രൈവര്‍ കയ്യിലെടുത്തു,
" എടാ പ്രാക്ടിക്കലായി ചിന്തിക്കണം"
എന്ന് ഉപദേശിച്ച് രണ്ടും പൊളിച്ച് കയ്യില്‍ തന്നു...
ശരിയാ തല്‍ക്കാലം പ്രാക്ടിക്കലായി തിന്നാം എന്നു കരുതി ഒരു ഒന്നര എണ്ണം ഞങ്ങള്‍ റൂം മേറ്റ്സും, ബാക്കി ഇന്‍ഫോസിസും തിന്നു...

അങ്ങനെ കൊച്ച് വര്‍ത്തമാനം ഒക്കെ കഴിഞ്ഞ് രാത്രി ആയപ്പോള്‍

അതാ മുറ്റത്തൊരു ബഹളം,
വര്‍ഗീസച്ചായന്‍‌റ്റെ ബ്രദര്‍ !!
നല്ലവരായ ഏതോ അയല്‍ക്കാരന്‍ ഫോണ്‍ വിളിച്ച് പറഞ്ഞതനുസരിച്ചുള്ള വരവാണു.....

ദൈവവിളിക്കാരന്‍ ചാടി മുറിക്കകത്ത് കേറി കുറ്റി ഇട്ട് കളഞ്ഞ്,
പാപി, ഇനി രക്ഷ ഇല്ല, ഞാന്‍ പിടിക്കപ്പെട്ടു.


ഈശോ മിശിഹായ്ക്ക് സ്തുതി ആയ്ക്കട്ടെ അച്ചോ...

സ്തുതി അവിടിരിക്കട്ടെ, ആര്രാടാ ഇവിടെ തേങ്ങാ കട്ടതു ? ഇങ്ങനണേല്‍ നീയിക്കെ എന്തൊക്കെ കക്കുമെടാ ?

ഛായ്, സവ്‌രിമലമുര്വാ..... നാണം കെട്ടു. നാട്ടിലാണേല്‍ എനിക്ക് നല്ല പേരാ,
ഇവിടെയിതാ ഞാന്‍ വെറും ഒരു തേങ്ങാകള്ളന്‍ ആക്കപ്പെട്ടിരിക്കുന്നു...

അപ്പുറത്തെ തരുണീമണികളും കൊച്ച്പിള്ളേരും വരെ, നാട്ടാര് ഉല്‍സവ ഘോഷയാത്ര കാണാന്‍ നിക്കണ പോലെ ഇങ്ങോട്ട് തന്നെ നോക്കി നില്‍ക്കുന്നു...


ലജ്ജാവഹം ,

ഇനി വേറൊരു വഴീം ഇല്ല ഒറ്റിക്കൊടുക്ക തന്നെ, യൂദാസായ നമ:

അതായതു അച്ചോ ,ഞാനല്ല അതു ചെയ്തതു ...
തേങ്ങാ പറിച്ചതും തിന്നതുമൊക്കെ അപ്പുറത്തെ ലവനാകുന്നു....
വേണ്ടാ വേണ്ടാന്ന് ഞാന്‍ പല തവണ പറഞ്ഞ‌‌‌താ, പക്ഷേങ്കി,

ഞാന്‍ മനസ്സാ വാചാ കര്മ്മണാ......

അച്ചന്‍ ദാ കാറ്റുപോലെ ഇന്‍ഫോസിസന്‍‌റ്റെ മുന്‍പിലേക്ക്,

ഓഹ് ഇതു പോലെ ഒരു പ്രഭാഷണം ഞാന്‍ കേട്ടിട്ടില്ല...
ആ നാട്ട്കാരും കേട്ടിട്ടുണ്ടാവില്ല,
അച്ചന്‍ കണ്ടിന്യുസ് ആയി മനോഹരമായ മുത്തുകള്‍ പൊഴിച്ചു

ഇന്‍ഫോസിസന്‍ അന്തം വിട്ട്, എന്തോ പോയ ആരെയോ പോലെ നിന്നു......

എന്നാലും ഒരു ഇടയന്‍ ഇങ്ങനെ ഒക്കെ പറയാന്‍ പാടുണ്ടോ.
..ഒരു പത്ത്പതിനഞ്ച് ലാസ്റ്റ് വാണിംങ്ങും കൊടുത്ത് അര മണിക്കൂര് കഴിഞ്ഞ് അച്ചന്‍ പോയി,

പിന്നീട് എപ്പോ എന്നെ കണ്ടാലും , ഇന്‍ഫോസിസിന്‍‌റ്റെ മുഖം എന്തോ മണ്ടരി ബാധിച്ച തേങ്ങ പോലെയാണു....27 July 2010

തുരുമ്പെടുക്കാത്തത്കണ്ണാടിയില്‍ നോക്കിയപ്പോള്‍..
മുടി വല്ലാതെ നരച്ചിട്ടുണ്ട്..
കാലം കടന്നു പോകുന്നത്....
ഓര്‍മ്മിപ്പിക്കുന്നതിങ്ങനെയൊക്കെയാണു.

ഈയിടെ മറവി വീണ്ടും കൂടിയിട്ടുണ്ട്..
വിശപ്പും കെട്ട്പോയിരിക്കുന്നു...
ചുറ്റുപാടും...മുഖങ്ങള്‍
വീണ്ടുമൊരുപാടുമാറിയിട്ടുണ്ട്..

മുറിയിലേക്കുള്ള...
ഗോവണി വല്ലാതെ വിറയ്ക്കാറുണ്ട്...
കഴുക്കോലുകള്‍ ദ്രവിച്ചെന്ന്തോന്നുന്നു...
ജനല്പ്പാളികളും കരയാറുണ്ടിപ്പോള്‍...

ലോകമെനിക്കുചുറ്റുമിപ്പോള്‍..
കറങ്ങാറേയില്ല...
അതെന്നെശ്രദ്ദിക്കാറേയില്ലെന്ന്..
മനസ്സു വല്ലാതെ പരാതി പറയാറുണ്ട്...

മുറിക്കുള്ളില്‍ കറങ്ങുന്ന..
ഫാനി‌റ്റെ ശബ്ദമെപ്പോഴും പേടിപ്പെടുത്തുന്നു...
അതെന്നേപ്പോലെ......
എപ്പോള്‍ വേണമെങ്കിലും, പൊട്ടിവീണേക്കാം

എന്നിട്ടും,
ചില ഓര്‍മ്മകളെ മാത്രമെന്താണാവോ...
കാലത്തിനു വേണ്ടാത്തതു?

നഷ്ടപ്പെടലുകളുടെ കണക്കുകള്‍..മാത്രം
അതു തുരുമ്പെടുക്കാതെ വച്ചിരിക്കുന്നു......


21 May 2010

പാഠം ഒന്ന് ഒരു വിലാപം..

അച്ഛന്‍‌ തറവാട്ടിലെയും , അമ്മതറവാട്ടിലെയും കുടുംബ ദൈവങ്ങളനുഗ്രഹിച്ചതിന്‍‌റ്റെ കൂടെ, കോടാപമ്പ് മഖാം ഉപ്പാപ്പയും, തേര്‍മ്മല പള്ളീലെ പുണ്യാളനും കൂടെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഠിത്തം കഴിയുന്നതിനു മുന്‍പേ കുഴപ്പമില്ലാത്ത ഒരു ജോലി ക്യാമ്പസ് റിക്രൂട്ട്മെന്‍‌റ്റ് എന്ന പേരില്‍ എനിക്കു വളരെ ഈസിയായി കയ്യി കിട്ടിയിരുന്നു...

പൊട്ടന്‍ പുട്ട് കണ്ട അവസ്ഥയിലാണു ഹൈദരാബാദിലെ വന്‍പിച്ച ട്രെയിനിങ്ങും കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോയിന്‍ ചെയ്യാന്‍ വന്നു ചാടിയതു..
അതും ഭാഗ്യം എന്നു തന്നെ പറഞ്ഞാ മതി, നിരത്തി നിര്‍ത്തിയ പത്തിരുപതെണ്ണത്തിനെ ഗ്രൂപ്പ് തിരിച്ചാണു ഓരോ സംസ്ഥാനത്തിലേക്കും അങ്ങ് എക്സ്പോര്‍ട്ട് ചെയ്തു കളഞ്ഞതു...

നാട്ടില്‍ നിന്ന് എന്‍‌റ്റെ കൂടെ ലാന്‍ഡിയെ രണ്ടണ്ണന്മാരില്‍ ഒന്നിനെ മുംബൈയിലേക്കും, മറ്റവനെ നോയിഡയിലേക്കും അങ്ങ് തട്ടിക്കളഞ്ഞു..........
ആസാമിലേക്കു പോവാന്‍ വിധിക്കപ്പെട്ട രണ്ടവന്മാര്‍ ഞാനെന്ന ഭാഗ്യവാനെ നോക്കി പല്ലു കടിച്ചു...
മനസ്സില്‍ മുത്തപ്പനൊരു തിരുവപ്പന കൂടി അങ്ങ് നേര്‍ന്നു... ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ..............


പക്ഷേ ഇക്കണ്ടതൊന്നും കളിയല്ല മാധവാ എന്നറിഞ്ഞതു ബാംഗ്ലൂരില്‍ വന്ന് ചാടിയതിനു ശേഷമാണ്‍ ......


ബാംഗ്ലൂരില്‍ കമ്പനിയുടെ പേരില്‍ ഒരു വന്‍ ബസ്സ്റ്റോപ്പ് തന്നെ കാണും എന്നൊക്കെ നിരീച്ചാണു ഇങ്ങ്ട്ടു വച്ച് പിടിച്ചതു.....കട്ടപ്പനക്കാരന്‍ ഒരു മഹാപാപി കൂടെ ഉണ്ടായിരുന്നു ( എന്നെ ആ സമയത്ത് കണ്ണെടുത്താ കണ്ട് കൂടായിരുന്നു എന്നൊഴിച്ചാല്‍ ആള്‍ ശുദ്ദന്‍, പാവം, - സത്യത്തില്‍ എന്റെ അന്നേരത്തെ സ്വൊഭാവം എനിക്കു തന്നെ ഓര്‍ക്കുമ്പം പിടിക്ക‌ത്തില്ല, പിന്നാ അവനു !!!)

സിറ്റിയില്‍ നിന്ന് കൊറേ ചുറ്റിവളച്ച് എട്ടും ഒന്‍പതും എടുത്താണു ആ നല്ല ശമരിയാക്കാരന്‍ ഓട്ടോഡ്രൈവന്‍ എം ജി റോഡില്‍ കൊണ്ടിട്ടത്,
ലവനന്ന് ചാകര ചാകര എന്ന ഗാനമാലപിച്ചിട്ടുണ്ടാവണം ,

40 ക. യ്ക്ക് പകരം 200 ക. .......ഹും
... തെണ്ടി ... കൊണ്ട് പോയി തിന്നട്ടെ..

ഒരു വിധത്തില്‍ ആ കുഞ്ഞു കെട്ടിടത്തിലെ വന്‍ പേരുള്ള മ്മടെ സ്വൊന്തം കമ്പനീല്‍ വലതു കാല്‍വച്ച് അകത്തേക്ക് കയറി സെക്യൂരിറ്റിയെ വണങ്ങി.
ആരുവാടേയ് ? സെക്യൂരിറ്റി ഉവാച:

കുണ്ടിനു പുറത്ത് വന്ന തവളക്കുഞ്ഞുങ്ങളേപ്പോലെ നിക്കണ ഞങ്ങളോടാണ്‍..
പുതുതായി ജോയിന്‍ ചെയ്യാന്‍ വന്നതാണെന്നു കേട്ടപ്പോ റിസപ്ഷനിലേക്ക് ആനയിക്കപ്പെട്ടു,

ഒരു ചുന്ദരി ഇരുന്നു ബല്യ ഒരു ഫോണില്‍ ഞെക്കിക്കളിക്കുന്നു...
കൊള്ളാം ..... റ്റൈം പാസ്സായി....

എന്നാലും നമ്മളോടവള്‍ക്ക് അത്ര ബഹുമാനം പോര....

ഏരിയാ മൊയലാളിയുടെ മുന്നില്‍ ഉപവിഷ്ടനാക്കപ്പെട്ടു...

ചായ വന്നു ,പരിചയപ്പെടല്‍സ് ഒക്കെ നടന്നു....
പണിയുടെ ആകെ മൊത്തം ഡീറ്റയില്‍സ് കിട്ടി.... അതു മാത്രം എനിക്കങ്ങട് ഇഷടായില്ല...

ഹൊ ... പണിയെടുക്കാതെ ശമ്പളം കിട്ടിയിരുന്നെങ്കില്‍...

ഓഫീസില്‍ പരിചയപ്പെട്ട അണ്ണാച്ചി വഴി ഈജിപുരയില്‍ വീട് റെഡി ആയപ്പോഴേക്കും രണ്ട് ദിവസം കഴിഞ്ഞു.
അങ്ങനെ മജസ്റ്റിക്കിലെ പരിചയക്കാരന്‍ വക അഞ്ചടി അഞ്ചിഞ്ച് മുറിയിലെ 11 താല്‍‌ക്കാലിക സഹമുറിയന്മാരോട് വിട പറഞ്ഞ് വര്‍ഗ്ഗിസ്മാപ്പിളയുടെ വല്യ വീട്ടിലേക്ക് താമസം മാറി.

ബംഗ്ലാവു പോലത്തെ വീടാ,
പക്ഷേങ്കീ അതില്‍ രണ്ട് നിലക്ക് മോളിലുള്ള ഒറ്റമുറിയും കോമണ്‍ ബാത്ത്റൂമും ആയിരുന്നു ഞ‌ങ്ങളുടെ ഭവനം....

അങ്ങിനെ ഞാനും പണി തുടങ്ങി....
അതായത് രാവിലേ കുളിച്ച്, ഇന്‍സൈഡ് ഒക്കെ ചെയ്തു, ഹരിയേട്ടന്‍ മെസ്സില്‍ നിന്നു പുട്ടും കടലയും ഒക്കെ കഴിച്ച്,
ബി എം. ടി സി ബസ്സില്‍ ഞാന്ന് കിടന്നെത്തി, ഓഫീസില്‍ മുഖം കാണിക്കണം,
അപ്പോഴൊക്കെ ഫീല്‍ഡ് വര്‍ക്കാണു,
രാവിലേ ടീം ലീഡര്‍ കുറേ കാള്‍ ഡീറ്റെയില്‍സ് തരും, മ്മടെ കമ്പനിയുടെ കമ്പ്യൂട്ടര്‍ വാങ്ങി വച്ച പാവപ്പെട്ട ബാങ്കുകളും,ഓഫീസുകളിലും നിന്നുള്ള വിളികളാണു.....

ദൈവം സഹായിച്ച് കുറേ കമ്പ്ലൈയിന്റ്സ് വരുന്നുണ്ട്......


ടീം ലീഡര്‍ മലയാളി അക്കനാണു, പുള്ളിക്കാരി ഒരുവിധത്തില്‍ ഉന്തിത്തള്ളി വിടുന്ന വരെ ഓഫീസില്‍ ചുറ്റിയടിക്കും...

ആദ്യത്തെ സംഭവം തന്നെ ഗഭീരമായിരുന്നു..
സാധാരണ കമ്പ്യൂട്ടര്‍ തന്നെ കഷ്ടിച്ച് നന്നാക്കാനറിയുമ്പോ........ ദാണ്ടെ സെ‌ര്‍‌വറിനു കമ്പ്ലെയിന്‍‌റ്റ്!!!!!!!!!,

വെരി ഗുഡ്, ഞാന്‍ അങ്ങിനെ ചെറിയ കാര്യങ്ങള്‍ മാത്രം ചെയ്യണ്ടവനല്ല...
ബാങ്കിലെ സെര്‍‌വര്‍ ആണു, സ്റ്റാര്‍ട്ട് ചെയ്യുമ്പോ എന്തോ എറര്‍ ആണു പ്രശ്‌നം, പക്ഷേങ്കീ സംഗതി ഒക്കെ വര്‍ക്കാവുന്നുണ്ട്,
അതോണ്ട് ഉച്ചക്ക് ലഞ്ച് സമയത്ത് റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കിക്കോളാന്‍ കല്പിച്ച്, മാനേജറുടെ കാബിനില്‍ കസേരയിട്ട് തന്നു.....
ബാങ്കിലെ അഡ്മിന്‍ കൊള്ളാം... നല്ല മനുഷ്യന്‍

ഇവിടെ കന്നടയിലാണു സംസാരം എന്നതേ ഒള്ളു ഒരു കഷ്ടപ്പാട്,മലയാളത്തെ ദേശീയ ഭാഷയാക്കി നിര്‍ബന്ധമായും ഇന്‍ഡ്യയിലെ എല്ലാ സ്കൂളുകളിലും പഠിപ്പിക്കേണ്ട ആവശ്യകത എനിക്കപ്പോഴാണു ബോധ്യ‌മായതു............

എന്തായാലും ചായ വന്നു, വട വന്നു...പോന്നോട്ടേ..

ഉച്ചക്ക് , മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് സെ‌ര്വ്വര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ സെര്‍‌വ്വര്‍ റൂമിനകത്തേക്ക്...
സാധനം കണ്ടിട്ട് ഒരു പരിചയോം തോന്നുന്നില്ല, ചുറ്റിലും രണ്ട് തവണ പ്രദിക്ഷണം വച്ചു,

കര്‍ത്താവേ ഇതിന്‍‌റ്റെ സ്വിച്ചെവിടാ ??
ശെരി , ഇനി വേറെ മാര്‍‌ഗമില്ല....

സെര്വ്വറിന്‍‌റ്റെ ബാക്ക് സൈഡില്‍ എന്തോ ചെയ്യുന്നതായി അഭിനയിച്ച് അഡ്മിനെ നോക്കി പറഞ്ഞു,
"റീസ്റ്റാര്‍ട്ട് നൗ..."
ലവന്‍ റീസ്റ്റാര്‍ട്ട് ചെയ്തു.... കൊള്ളാം, അപ്പോ അവിടാണു സ്വിച്ച് ,


വെരിഗുഡ് ... ഞാന്‍ കണ്ട് പിടിച്ചിരിക്കുന്നു...

അങ്ങിനെ എറര്‍ കണ്ടു... സത്യം പറഞ്ഞാ ഒരു ചുക്കും പിടികിട്ടിയില്ല...

പിന്നേം പിന്നേം റീസ്റ്റാര്‍ട്ട് ചെയ്തു....കൊള്ളാം പ്രാക്ടീസ് ആയി...

ഇനി അടുത്ത സ്റ്റെപ്പ്, സ്ക്രീനില്‍ കണ്ട കൊറേ സെറ്റിങ്ങ്സ് ഒക്കെ മാറ്റി...റീസ്റ്റാര്‍ട്ട് ചെയ്തു.... എങ്ങാനും ശെരിയായാലോ?...

ഹെ‌ന്റെ പുണ്യാളാ!!!!!!!!!!!,

എല്ലാം പോയി...സംഭവം അങ്ങ്ട് അപ്പാവുന്നില്ല....
പണ്ട് വര്‍ക്ക് ചെയ്‌തോണ്ടിരുന്നതും കൂടെ പോയി...

അഡ്മിന്‍‌റ്റെ മുഖത്ത് അതാ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടി,
ഭക്ഷണ സമയം കഴിഞ്ഞു, അറ്റ്ലീസ്റ്റ് സെര്‍‌വ്വര്‍ പഴയ പടി ആവണം..
നോക്കുമ്പോ, ബാങ്കിലെ കസ്റ്റമേര്‍സ് റൂമിനു പുറത്ത് കൂട്ടം കൂടി നിക്കണു,
തൊണ്ട വരണ്ടു... ആദ്യം സൈക്കളോടിക്കാന്‍ പഠിച്ചപ്പോ ഹാന്‍ഡില്‍ വിറച്ചപോലെ കൈ വിറച്ചു.....


മുത്തപ്പനു ഒരു നിലവിളക്കും, പള്ളീലേക്ക് ഒരു കൂട് മെഴുകു തിരീം കൂടങ്ങ് നേര്‍ന്നു....

ബട്ട്, ഒരു രക്ഷേം ഇല്ല, സംഭവം കൈവിട്ട് പോയി....ഇനി

"ഐ തിങ്ക്, ഇറ്റ്സ് അ ബിഗ് പ്രോബ്ലം ,ഐ വില്‍ സെന്‍ഡ് മൈ സീനിയര്‍.."

അഡ്മിന്‍ രൂക്ഷമായി നോക്കി.

" നോ , ഇറ്റ്സ് ക്രിട്ടിക്കല്‍, ഐ വാണ്ട് യു ടു മേക്ക് ഇറ്റ് റെഡി റൈറ്റ് നൗ, കസ്റ്റമേര്‍സ് ആര്‍ വെയിറ്റിങ്ങ്, യു ഒണ്‍ലി ക്രിയേറ്റഡ് ദിസ് പ്രോബ്ലെം, ഇറ്റ് വാസ് വര്‍ക്കിങ്ങ് ബിഫൊര്‍ യു കേം"

ആണ്ടെ അവന്‍ ശെരിക്കും എന്റെ തലേല്‍ ഇട്ടു, ..ഇനി തടിയൂരിയേ പറ്റൂ..
" നോ, സെ‌ര്വ്വര്‍ വാസ് ഹാവിങ്ങ് ‌പ്രോ‌ബ്ലം, ഇറ്റ് മേ ബീ കോയിന്‍സിഡന്‍സ്"


ഒരു രക്ഷേം ഇല്ല.. അവനിപ്പം തന്നെ അതു റെഡി ആക്കണം...ഓഫീസില്‍ വിളിച്ച് നോക്കാം...

"ഓക്കെ, ഐ വാണ്ട് ടു കാള്‍ ടു മൈ ഓഫിസ്, ലെറ്റ് മി സി ഇഫ് ദെ കാന്‍ അറേഞ്ച് എ സീനിയര്‍ എഞ്ചിനീയര്‍ നൗ."

ലവന്‍ തന്നെ അവന്‍‌റ്റെ ഫോണില്‍ കറക്കിക്കുത്തി എന്‍റ്റെ ലീഡിനെ വിളിച്ചു
ഗുഡ്, അയാള്‍ക്കു നല്ല ഇംഗ്ലീഷ് പരിഞ്ജാനം ഉണ്ട്,

എന്നെക്കുറിച്ച് വളരെ നല്ല രീതിയില്‍ എസ്കലേറ്റ് ചെയ്തിരിക്കുന്നു...

ഫോണ്‍ എന്‍‌റ്റെ കൈയില്‍ തന്നു.....ലീഡ് അക്കന്‍ മലയാളത്തില്‍ അന്യോഷിച്ചു,

"നീ എന്തൂട്ടാടാ അവിടെ ചെയ്ത് വച്ചതു..."

നമ്മള്‍ ഒരിക്കലും നമ്മുടെ മിസ്റ്റേക്ക് അംഗീകരിക്കാന്‍ പാടുള്ളതല്ലല്ലോ...

"ചേച്ചീ, അതു എങ്ങനെയോ ആയതാ, സെര്‍വ്വറിനു അദ്യേ എന്തോ പ്രശ്നമുണ്ടാരുന്നു, പറഞ്ഞിട്ട് ഈ തെണ്ടിക്ക് മനസ്സിലാവുന്നില്ല,.......................പൊട്ടന്‍ , ഇയാളൊരു മണ്ണുണ്ണിയാണെന്ന് തോന്നുന്നു"

" ശെരി, ഞാന്‍ ഇപ്പോതന്നെ ആരേലും വിടാന്‍ നോക്കാം"
ലീഡ് അക്കന്‍ ഫോണ്‍ ഡിസ്കണക്ടി..


ഹൊ... ആ‌ശ്വാസമായി...
പക്ഷേങ്കീ...
അഡ്മിന്‍ ദോ എന്നെ തന്നെ തുറിച്ച് നോക്കി നില്‍ക്കുന്നു..
പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് ലവന്‍ മലയാളത്തില്‍ അങ്ങ് തുടങ്ങി...

" ദോ എന്നെ ശെരിക്ക് നോക്ക്, എന്നെ കണ്ടാ ശെരിക്കും മണ്ണുണ്ണി ആയിട്ട് തോന്നുവോടേ ഗഡീ"

ഞാന്‍ സ്തംഭിച്ചു.. ആരറിഞ്ഞു ഇദ്ദ്യേം മലയാളിയായിരുന്നെന്ന്, ഇത്രേം നേരം കന്നടെം , ഇഗ്ലീഷുമൊക്കെ പറഞ്ഞിട്ട്.

" ഡായ് ഞാനേ കുന്നംകുളത്തുകാരനാ, രാവിലേ വന്ന് ,ഞാന്‍ ചായേം വടേം ഒക്കെ വാങ്ങി തന്നതു കഴിച്ച്, എന്‍‌റ്റെ സെര്‍‌വറും നശിപ്പിച്ചിട്ട് ഇപ്പോ ഞാന്‍ മണ്ണുണ്ണി അല്ലേടേ ......"

ഒന്നും തലേലേക്ക് കേറുന്നില്ല... നാണം കെട്ടു...സീതാദേവി അന്തര്‍ധാനം ചെയ്ത പോലെങ്ങ് പോയാ മതിയാരുന്നു...

എന്തായാലും കുറച്ച് കഴിഞ്ഞ് ദൈവദൂതനേപ്പോലെ സീനിയര്‍‌അണ്ണന്‍ വന്ന് സെര്‍‌വ്വര്‍ റെഡിയാക്കി അവിടുന്ന് തടിയൂരി....
ഇറങ്ങുമ്പോ ഒരു കാര്യം ഒരു കാര്യം അങ്ങ് മനസ്സീല്‍ കുറിച്ചു..


പാഠം ഒന്ന്.. കേരളത്തിനു പുറത്ത് ശുദ്ദമലയാളം പറേണേനു മുന്‍പ് ചുറ്റുവട്ടമൊക്കെ ഒന്നങ്ങ് ശ്രദ്ദിച്ചേക്കണം

19 May 2010

കണ്ണൂര്‍

ജീവിക്കാന്‍ കേരളത്തീന്നു വണ്ടി പിടിച്ച് പോന്ന് വെളിയില്‍ വന്നു നില്‍ക്കണ ഒരോ മല്ലുവിനും വേറൊരു മല്ലുവിനെ കണ്ടാ ഒരു ചിരി ഒണ്ട്..
പരിചയപെടുന്നേന്‍‌റ്റെ ചുറുചുറുക്കും ആവേശോം കണ്ട് വേണേല്‍ അവന്‍ നാടു വിട്ടിട്ട് എത്ര കാലമായി എന്നളക്കാം,

പട്ടിണി കിടന്നവന്‍ ബിരിയാണി കണ്ട ആക്രാന്തം കാട്ടിയാ അപ്പോ മനസിലാക്കിക്കോണം 'ടിയാന്‍ തലേന്ന് വന്നു ചാടിയതേ ഒള്ള് എന്ന്'.
പോകെപ്പോകെ അതു കുറഞ്ഞ് കുറഞ്ഞ് നിര്വ്വികാര അവസ്ഥയിലേക്ക് പരിണമിക്കും...ഞാനിതെത്ര മലയാളീസിനെ കണ്ടതാ....സര്‍‌വ്വം മായ....എന്ന ഭാവത്തില്‍.......

നാമധേയം ഡാറ്റാബേസില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ രണ്ടാം ചോദ്യം ' നാട്ടിലെവിടാണിഷടാ' എന്നായിരിക്കണം ബൈ ഡിഫാള്‍ട്ട്,
ഇതിനുത്തരം ആദ്യം ജില്ലയും, പിന്നെ ആ ഏരിയ പരിചയ്മൊള്ളോനാണെല്‍ പിന്നെ താലൂക്കും അതിനു ശേഷം പഞ്ചായത്തും , വില്ലേജും കവറു ചെയ്ത് ഇടവകേല്‍ അമ്പലത്തിന്‍‌റ്റെ വലത്ത് വശത്തോ എടത്ത് വശത്തോ ഒള്ള വീട്ടില്‍ വന്ന് നില്‍ക്കണം.
അവസാനം മറ്റവന്‍‌റ്റെ വക ഒരു ഡയലോഗ് വരും.....

"അവിടെന്‍‌റ്റെ കൊച്ചാപ്പാന്‍‌റ്റെ എളാപ്പന്‍‌റ്റെ വല്യുമ്മാ താമസമുണ്ടെനന്നും ഞാനവിടെ കുഞ്ഞുന്നാളില്‍ വന്നിട്ടൊണ്ടെന്നോ"..... അല്ലേല്‍ മ്മടെ പഴേ ദോസ്ത് അവിടല്ലേന്നോ മറ്റോ ആയിരിക്കും....

ഒരു ഐ ടി കമ്പനിയില്‍ കഷ്ടപ്പെട്ട് കൂലിവേല ചെയ്തു ജീവിച്ചോണ്ടിങ്ങനെ പൊക്കോണ്ടിരിക്കുന്ന ഞാനും ഇമ്മാതിരി പരിചയപ്പെടല്‍ മഹാമഹങ്ങള്‍ കൊറേ നടത്തിയിട്ടൊണ്ട്....
നാടെവിടെയാണെന്ന ചോദ്യത്തിനു 'കണ്ണൂര്‍ ' എന്നു ഉത്തരം കൊടുക്കുമ്പോഴേ,
മറ്റുജില്ലക്കാര്‍ മിക്കവാറും പേരും ഒരു കണ്ണുമിഴിക്കലോ, 'ഒഹോ' എന്ന വിചിത്ര ശബ്ദം പുറപ്പെടുവിക്കാറുള്ളതോ ശ്രദ്ദിച്ചിട്ടുണ്ട്.....

എന്താടോ കണ്ണൂരിനു ഒരു കുഴപ്പം ?

പലരും തന്ന മറുപടികളില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയതു 2 കാരണങ്ങള്‍ ആണു..

അതില്‍ ഒന്നാമത്തേത് കണ്ണൂര്‍ ഒരു ഭീകര ജില്ലയാണത്രേ!!!,അവിടെ കുഞ്ഞുങ്ങള്‍ ബോബാണു ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിക്കുന്നതു പോലും!!!!!!!!!!
കേട്ടപ്പോള്‍ ആ അറിവ് എന്നെ അങ്ങ് ഞെട്ടിച്ച് കളഞ്ഞു....
അതെപ്പോ സംഭവിച്ചു എന്ന് ഒരു പിടിയും കിട്ടിയില്ല..
ഞാനെന്‍‌റ്റെ ജന്മത്തില്‍ വിഷൂനു പൊട്ടിക്കണ ഓലപ്പടക്കത്തിന്‍‌റ്റെയോ മഴക്കാലത്തെ ഇടി വെട്ടുന്നതിന്‍‌റ്റെയോ ശബ്ദം ഒഴിച്ചാല്‍ ഒരു വല്യ ശബ്ദങ്ങളൊന്നും കേട്ട ഓര്‍മ്മ എനിക്കില്ല,
നാടന്‍ ബോംബ് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍ അതു ചന്ത എന്ന പടത്തില്‍ ബാബു ആന്റണി കടിച്ചിട്ട് എറിയുന്ന സീനില്‍ മാത്രമാകുന്നു....

എന്തായാലും വെറുതെ കിട്ടുന്ന ഒരു ക്രെഡിറ്റല്ലേ, ഇരിക്കട്ടെ എന്ന് കരുതി ഞാനതൊന്നും പറയാറില്ല,
പകരം പാനൂര്‍ സ്റ്റേഷനില്‍ എന്‍‌റ്റെ ഫോട്ടോ വച്ചിട്ടൊണ്ടെന്നും, ബോംബ് ഉണ്ടാക്കി പൊട്ടിച്ച് കളിക്കുന്നതു ഞങ്ങള്‍ക്ക് ഒരു ഹോബിയാണെന്നും സൂക്ഷിച്ചും കണ്ടും നിന്നാ നിനക്കൊക്കെ കൊള്ളാം എന്നും മാത്രം തട്ടിമൂളിച്ചിട്ടുണ്ടെന്ന് തോന്നുന്നു...

കാശ്മീരില്‍ കണ്ണൂര്‍ ഭികരന്‍ പിടിയില്‍ എന്ന പത്രതലക്കെട്ട് വായിച്ചതിനു ശേഷം അമ്മാതിരി പേടിപ്പിക്കലും നടത്തിയിട്ടില്ല എന്നാണോര്‍മ്മ, ചുമ്മാതെന്തിനാ, ആടിനെ പട്ടിയാക്കണ പോലീസാ........

നോട്ടത്തിനു പിന്നിലെ രണ്ടാമത്തെ കാരണം ഞാന്‍ കണ്ണൂരുകാരനാണോ എന്ന സംശയമാണത്രേ,
എന്‍‌റ്റേതു അച്ചടി ഭാഷയില്‍ ആണത്രേ സംസാരം ,
പക്ഷേ സാധാരണ കണ്ണൂരുകാരന്‍ നയനാര്‍ സഖാവിന്‍‌റ്റെ കൂട്ട് , "ഓന്‍" ," ഓള്‍", എന്ന ശൈലിയില്‍ സംസാരിക്കണം പോലും,
അതെന്‍‌റ്റെ കണ്ണൂര്‍ അസ്ത്വിത്വത്തെ ഒരു ചോദ്യം ചെയ്യലായതു കൊണ്ടാണു കുടുംബ ചരിതം അല്പ്പം വിവരിക്കണം എന്ന് കരുതിയത്

അതു പറഞ്ഞാല്‍,
കയ്യിലിരിപ്പു കൊണ്ട് ദീപാളി കുളിച്ചും പിന്നെ അത്യാഗ്രഹം കൊണ്ടും, നില്ക്കകല്ലിയില്ലാതെ കോട്ടയം കഞ്ഞ്ക്കുഴിഭാഗത്ത് നിന്ന് ഓടിപ്പോന്ന നസ്രാണിമാരുടെ വണ്ടിയില് മലബാരില് വന്ന ചാടിയ ഒരു മഹാനായിരുന്നു എന്റെ വല്യ്പ്പന്‍,

പണിയില്ലതെ തെക്ക് വടക്ക് നടക്കണ ചുള്ളന്മാര് സുപ്രഭാതത്തില്‍ നന്നാവാന് തീരുമാനിച്ച് ഗള്‍ഫിനു പോണ പോലെ ആരുന്നു അക്കാലത്ത് മലബാറ് വെട്ടിപ്പിടിക്കല് എന്നാണു കേള്‍‌വി.....
എന്റെ വല്യപ്പന്‍, പക്ഷേ മലബാറിനു വെച്ച് പിടിക്കനുല്ല കാരണംമേല്പ്പറഞ്ഞതില് എന്താരുന്നെന്ന്ന് എനിക്ക് വല്യ പിടിപോര....
കയ്യിലിരിപ്പും കടം കേറിയതു ആയിരിക്കാം കാരണം എന്നാണ് എക്ക്ഷ്പെയറി ഡേറ്റ് കഴിഞ്ഞിട്ടും ഇപ്പോളും കുട്ടപ്പന്മാരായിരിക്കുന്ന ചില കാര്ന്നോന്മാരുടെ വാമൊഴി രേഖകള് വെളിവാക്കിയതു..

ഏരിയായില് ആളൊരു വന്‍പുലി ആയിരുന്നു എന്നാണ് എന്തായാലും ചരിത്ര പഠനത്തില്‍ നിന്ന് മനസിലാക്കിയതു....പാരമ്പര്യമായി വൈദ്യനാ‍യിരുന്നു അങ്ങേര്....
ആള്‍ക്ക് ആര്‍‌ത്തി അത്രക്ക് ഇല്ലാരുന്നു എന്നാണു തോന്നുന്നതു, അല്ലേല്‍ ചുറ്റുമുളള നസ്രാണിമാപ്പ്പ്പിളാസ് 30 ഉം 40 ഉം എക്കറ് കൊറഞ്ഞതു ചുറ്റിവള്ച്ചെടുത്ത് റവറും കുരുമുളകും കപ്പയുംവിളയിച്ചപ്പോ അങ്ങേര് കഷ്ടപ്പെട്ട് വളച്ചെടുത്തത് വെറും "4 എക്ക്ര",....

ഹ്മ്മ്മ് മടിയാരുന്നോ എന്തൊ...
എന്തരയാലും അങ്ങേര് മരുന്നുകടയും ചികിത്സയും ആയി കഴിഞു കൂടി..

മെഡിക്കല്‍ എത്തിക്സിനു വിരുദ്ദ്മാണേലും വൈകുന്നേരമായാല് പുള്ളി ചികിത്സ നിര്ത്തിയിരുന്നത് കള്ളുഷാപ്പില് വെക്കേണ്ട അറ്റന്ഡസിന് അത്രയ്ക്ക് പ്രാധാന്യം കൊടുത്തത് കൊണ്ടാരുനു....
ഇതെല്ലാം കൂടെ ആകെയൊള്ള നാലേക്രേല്‍ രണ്ടരയേക്രേം കുറവു വന്ന് അദ്ദ്യേം സമാധി അടഞ്ഞപ്പോള്‍,
ചുറ്റുമുള്ളവരുടെ റബ്ബര്‍ത്തോട്ടങ്ങള്‍ കണ്ട് കൊതി വിടാനായിരുന്നു ഞങ്ങള്‍ മക്കള്‍കൊച്ചുമക്കള്‍സുകളുടെ വിധി.....

ആകെപ്പാടെ സമാധാനം കിട്ടിയതു റബ്ബറിനു നൂറില്‍ നിന്ന് പതിനെട്ടുറിപ്പികയായി വീണപ്പളാ....
ദേണ്ടെ പിന്നേം നൂറിന്‍‌റ്റെ മോളീല്‍ക്കെടക്കണു വെല !!!!!!!

ഒരു റബര്‍തോട്ടം ഒക്കെ ഉണ്ടാരുന്നേല്‍ അതും നോക്കി വില്ലീസ് ജീപ്പും വാങ്ങി കറ‌ങ്ങി നടക്കേണ്ട ഞാനാല്ലേ ഇതു എന്നു സഹതപിക്കാനല്ലേ പറ്റൂ...
പറഞ്ഞു വന്നതു , തെക്കുവടക്കും വേറെയേതൊക്കെയോ സംസ്കാരങ്ങളും കൂടിക്കലര്‍ന്നാണു എന്‍‌റ്റെ സംസാര ശൈലി ആര്‍ക്കും പിടികിട്ടാത്തതായി പോയതെന്നാകുന്നു..

എന്തൊക്കെയായാലും ഈ ഒരു ബേസ് ഒക്കെ ഒള്ളത് കൊണ്ടാണ് തെക്കന്മാരോടു “ മൈ നേറ്റീവ് ഈസ് കണ്ണൂര് എന്ന് പറയുമ്പോ ഉള്ള അവരുടെ നോട്ടത്തിന് തുടര്ച്ചയായി ബട്ട് ബേസിക്കലി ഫ്രം കോട്ടയം എന്ന് പറയുന്നത്.....ഇപ്പോ മനസിലായോ ????


പ്രണയമെന്നത്...

അറിയാതിരുന്നപ്പോളതൊരു കൗതുകമായിരുന്നു..
അറിഞ്ഞപ്പോളതൊരു പുതുലോകമായിരുന്നു.
നഷ്ടപ്പെട്ടപ്പോളതൊരുവിങ്ങലായിരുന്നു....

പിന്നെ....
കാലം പോകെയതൊരു നിസംഗതയും,
ഇന്നൊരോര്‍മ്മയും മാത്രമാകുന്നു......

അവസാനമൊരു പാഠം മാത്രം
ഏകനായ് വന്ന നീ ഏകനായ് പോവുക

പിന്നെ....
കാലമെന്നെയും പലര്‍ക്കുമൊരോര്‍മ്മ മാത്രമാക്കുന്നു..
കാലമെന്നതു...മറവിയാണു...മരുന്നും

12 March 2010

കഴിഞ്ഞ വിഷുവി‌റ്റെ ഓര്‍മ്മയ്ക്ക്
--------------------------------------------

ശൈശവം.........
ചെറിയൊരാ കസവുകോണകമുടുത്ത്
അമ്മയുടെ ഒക്കത്തിരുന്നന്ന്...
സ്വര്‍ണനിറമുള്ളൊരൊളിയില്‍
കണ്ണനെ കണ്ടൊരോര്‍മ്മ..
ആദ്യവിഷു‌കൈനീട്ടം....
ഒരു രൂപാത്തുട്ടു കൈവെള്ളയില്‍ തന്നെന്‍,
മുത്തഛന്‍ പല്ലില്ലാത്തൊരാമോണകാട്ടിച്ചിരിച്ചു..
പിന്നെയന്നെന്‍ നാവില്‍ ....
തൊട്ടുതന്ന പായസത്തി‌റ്റെ മധുരവും...
ബാല്യം........
കൂട്ടരോടൊപ്പം...ആര്‍ത്തുല്ലസിച്ച്...
മുറ്റത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞ്
പിറ്റേന്ന് വിഷുക്കോടിയുമണിഞ്ഞ്....
അമ്മ വെച്ച കണികണ്ടുണര്‍ന്ന്..
ഉച്ചയ്ക്കന്നാ ഇലക്കീറില്‍ വയറു നിറച്ചുണ്ട്.....
ഉണ്ണിയപ്പം പിന്നെയും കട്ടു തിന്ന്...
വീണ്ടുമൊരു വിഷുവും കൊതിച്ച്...
കളിക്കാന്‍ മുറ്റത്തേക്കിറങ്ങിയ കാലം...
കൗമാരം....
പരീക്ഷാക്കാലം കഴിഞ്ഞ്..
പുസ്തകങ്ങള്‍ക്ക് അവധി കൊടുത്ത്..
വായനശാലയ്ക്കരികിലിരുന്നു.....
നാട്ട്‌വര്‍ത്തമാനം പറഞ്ഞൊരാ കാലം..
പിന്നെ...കൈനീട്ടങ്ങളെല്ലാം കൂട്ടിവച്ച്...
പുതിയൊരു ഷൂ വാങ്ങിയതുമണിഞ്ഞ്.....
പ്രണയിനിയുടെ മുന്നിലൂടെ നടന്നലഞ്ഞൊരാ...
വിഷുക്കാലത്തിന്‍‌റ്റെ സുന്ദരഓര്‍മ്മകള്‍..
ഇന്ന്......
ഇരുന്നൂറ് രൂപയ്ക്കാ ഹോട്ടലില്‍ നിന്ന്..
പൊതിഞ്ഞുവാങ്ങിയ വിഷു സദ്യയിലേക്ക്..
മുറിയിലൊറ്റക്കിരുന്ന് കൈ നീട്ടുമ്പോള്‍...
അമ്മയെന്നെ വിളിച്ചിരുന്നു...
പോകുവാന്‍ കഴിയാത്ത തിരക്കുകള്‍...
അനിയത്തിയുടെ അടുത്തിരുന്നുണ്ണുമ്പോള്‍...
അമ്മയ്ക്ക് കണ്ണു നിറഞ്ഞിരുന്നെന്നവള്‍...
പറഞ്ഞിരുന്നുവപ്പോളെന്‍‌റ്റെയും........