വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

27 April 2012

മഹാനഗരിയിലെ ചില മനസ്സുകള്‍

കലാശിപ്പാളയം എത്തി.

സനി സീറ്റ് നിവര്‍ത്തിയിരുന്നു ..... രശ്മി അടുത്ത സീറ്റില്‍ നിഷ്കളങ്കതയോടെ ഉറങ്ങുന്നു.

ഈ ബസ് മഡിവാള പോകുമോ ആവോ...

മുന്‍പിലെത്തി ഡ്രൈവറോട് അന്യോഷിച്ചു...

" ഓഗത്തെ സര്‍"

സീറ്റില്‍ തിരിച്ച് വന്നിരുന്നു......

കുറച്ച്കാലമായുള്ള മുംബൈ ജീവിതത്തില്‍ കന്നഡ മറന്ന് തുടങ്ങിയിരിക്കുന്നു...

ഓര്‍മ്മകള്‍ ഒരുപാട് തന്ന നഗരത്തിലേക്കുള്ള തിരിച്ച്‌വരവാണിത്

ജോലികിട്ടി ഈ നഗരത്തിലേക്കുള്ള ആദ്യത്തെ വരവോര്‍മ്മയുണ്ട്.
അന്ന് അത്ഭുതത്തോടെ പുറത്തേക്ക് നോക്കിയിരുന്നു ,വഴിയിലുടനീളം,കെട്ടിടങ്ങളും, അമ്പലങ്ങളും , ആള്‍ത്തിരക്കും കണ്ടു,..

പറയാനൊരുപാടുള്ള മുഖഭാവങ്ങളുമായി കൈവീശി നിന്ന അച്ഛനും അമ്മയും, സഹോദരങ്ങളും ആയിരുന്നു ആദ്യദിവസ്സങ്ങളില്‍ മനസ്സില്‍, പിന്നീട് പതിയെ പതിയെ ഈ നഗരത്തിന്‍‌റ്റെ മനസ്സു മനസ്സിലാക്കിയ ഒരാളായി ഈ തിരക്കിലലിഞ്ഞു...

പ്രഭാതങ്ങളില്‍, പിടിച്ച് വച്ച ഒരു ബക്കറ്റ് വെള്ളത്തില്‍ എല്ലാം തീര്‍ത്ത്,
മെസ്സില്‍ നിന്ന് തിരക്കിട്ട് കഴിച്ച്, ബിയെംടിസി ബസ്സിലെ തിരക്കുകളില്‍ തിരിച്ചറിയപ്പെടാനാവാത്ത മുഖഭാവവുമായി,
എല്ലാവരെയും പോലെ അവനും ഓഫീസിലെത്തി.

വൈകുന്നേരങ്ങളില്‍ റൂം‌മേറ്റ്സിനൊപ്പം ഏതൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞ് നടക്കും,
വാരാന്ത്യങ്ങളില്‍ ചിലപ്പോഴൊക്കെ മഡിവാള അമ്പലത്തില്‍, അല്ലെങ്കില്‍ ബാംഗ്ലൂര്‍ സെന്‍‌ട്രലിലോ, ശിവാജിനഗറില്‍ പടത്തിനോ പോകാം,

വീട്ടിലേക്ക് കത്തുകളിലൂടെയും,അയല്‍‌വക്കത്തെ ലാന്‍ഡ്‌ലൈനിലൂടെയുമുള്ള വിശേഷങ്ങള്‍ പിന്നീട് മൈബൈല്‍ ഫോണിലേക്ക് മാറിയതിനൊപ്പം ബാംഗ്ലൂര്‍ നഗരവും ഒരുപാട് മാറി.

മഡിവാളയിലും, ഹെബ്ബാളിലും, ഡൊംളൂരും, ഇലക്ട്രോണിക്സ് സിറ്റിയിലുമൊക്കെ ഫ്ലൈഓവറുകളുയര്‍ന്ന് അവള്‍ മോഡേണ്‍ സുന്ദരിയായെന്ന് തോന്നിച്ചു,

പശുക്കള്‍ മേഞ്ഞ് നടന്നിരുന്ന സ്ഥലത്ത് ഒറാക്കിളും, എച്ച്പിയും ഒക്കെ ചില്ല്കൂടുകള്‍ കൂട്ടി...
തന്റെ ജീവിതത്തിലുണ്ടായ മാറ്റമോ? എങ്ങിനെ മറക്കാനാവും അത്...

ഓഫീസില്‍ നന്ദനയെ ആദ്യം കണ്ട ദിവസ്സം..

റോസ് ചുരിദാറില്‍ അവള്‍ സുന്ദരിയായിരുന്നു.. കണ്ണ് ആദ്യമുടക്കിയതു ആ ചന്ദനക്കുറിയിലാണു..
മന്‍സ്സിലൊരുക്കൂട്ടി വച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖം...,

അപകര്‍ഷതാബോധത്തില്‍ പെണ്‍കുട്ടികളോട് അധികം അടുപ്പത്തിനൊന്നും പോകാറില്ല... പക്ഷേ ഇവളോടതു വയ്യായിരുന്നു

സംസാരിക്കണമെന്ന് വല്ലാതെയാശിച്ചു. ഉള്ളിലെ അങ്കലാപ്പ് പുറത്ത് കാട്ടാതെ എങ്ങനെയോ സംസാരിച്ച് തുടങ്ങി.....ഒരു സാധാരണ സൗഹ്യദം പോലെയുള്ള വാക്കുകളിലൂടെ...

ദിവസ്സങ്ങള്‍ക്ക് ശേഷം മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ മനസ്സിലെ ടെന്‍ഷന്റെ കടലോര്‍ക്കുമ്പോള്‍ ചിരി വന്നിട്ടുണ്ട് സനിക്ക്.
എപ്പെഴോ സംസാരിച്ച് തുടങ്ങി......
അതിനും എത്രയോ മുന്‍പേ അവളെവച്ച് എന്തൊക്കെ സ്വ‌പ്ന‌ങ്ങള്‍ നെയ്തു ..... വിവാഹം കഴിക്കുന്നതും, പുതിയവീടിന്‍‌റ്റെ ടെറസ്സില്‍ അവളുടെ മുടിയിഴകള്‍ തഴുകി ആകാശം നോക്കി ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതുമെല്ലാം......
.

എപ്പോഴാണു താന്‍ പ്രണയം തുറന്ന് പറഞ്ഞതു,
" അതൊക്കെ വേണോ , ഞാന്‍ ആരെയും പ്രണയിക്കുന്നില്ല " നിഷേധ സ്വരത്തില്‍ പറഞ്ഞാലും പിരിയാന്‍ തോന്നിയില്ല.

അവളുടെ വീട്ടിലെ വിശേഷങ്ങളും, കുട്ടിക്കാലവും, ഇഷ്ടപ്പെട്ട പുസ്തകങ്ങളേക്കുറിച്ചും, ഓഫീസ് വിശേഷങ്ങളെപ്പറ്റിയും, കൂട്ടുകാരേക്കുറിച്ചും, പ്രണയാഭ്യര്‍ത്ഥനകളെക്കുറിച്ചും വാതോരാതെ പറയുമ്പോള്‍ കൊച്ച്കുട്ടിയേപ്പോലെ കേട്ടിരിക്കും, ചിലപ്പോഴൊക്കെ തന്‍‌റ്റെ സംസാരത്തിനും അവള്‍ ചെവിയോര്‍ക്കും.

അങ്ങിനെയങ്ങിനെ, ഇതുവരെ പോകാത്ത ആ നാടിനോടും അവളുടെ വീട്ടുകാരോടും, എന്തിനു അവളുടെ കവിളില്‍ പൊടിയുന്ന വിയര്‍പ്പുകണങ്ങളോടു വരെയും പ്രണയം തോന്നി സനിക്ക്.

മനസ്സില്‍ ചിലപ്പോഴൊക്കെ രണ്ട് വ്യക്തികളുണ്ടെന്ന് തോന്നാറുണ്ട്....
സ്വ്‌പന‌ങ്ങളില്‍ മുഴുകുന്ന ഒരു വ്യക്തിയും, പ്രാക്ടിക്കലായി ചിന്തിക്കാനാഗ്രഹിക്കുന്ന മറ്റൊരാളും....

ചിലപ്പോഴൊക്കെ മനസ്സ് കലമ്പല്‍ കൂട്ടി, " നീയൊരു പ്രാരാബ്ധക്കാരനാണു, എന്തു യോഗ്യതയുണ്ട് , എന്തിനാണിഷ്ടാ വെറുതേ ദിവാസ്വ‌പ്നം "
അപ്പോഴൊക്കെ അകലം പാലിക്കാന്‍ ശ്രമിച്ചു,
പക്ഷേ രണ്ട് ദിവസത്തിനപ്പുറം പിടിച്ച് നില്‍ക്കാന്‍ കഴിയാത്താ സ്വപ്നജീവിയായ മനസ്സ് ഒരു വില്ലനായി.

അല്ലെങ്കിലും, അകലുമ്പോള്‍ വല്ലാതെ അടുപ്പിക്കാനും , താന്‍ അടുക്കുമ്പോല്‍ അകന്നു പോവാനും വല്ലാത്ത കഴിവായിരുന്നു അവള്‍ക്ക്.

ഓഫീസിലെ ഷിനോയോടും അവള്‍ക്ക് നല്ല അടുപ്പമുണ്ടെന്ന് അവളുടെ വരികള്‍ക്കിടയിലൂടെ വായിച്ചെടുത്തിരുന്നപ്പോഴും മനസ്സ് അല്പ്പം നൊന്തിരുന്നു, പക്ഷേ അവളെ വിട്ട് പോരാന്‍ കഴിഞ്ഞിരുന്നില്ല,
അല്ലെങ്കിലും മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയവരുടെ ഏതവസ്ഥയോടും നമ്മള്‍ പൊരുത്തപ്പെടും എന്ന് തോന്നുന്നു,

അവനോടും എന്താണു ഒരിക്കലും വിരോധമൊന്നും തോന്നാതിരുന്നതെന്ന് സനിക്കു അത്ഭുതം തോന്നിയിരുന്നു,  അല്ലെങ്കിലും അവനെ ആര്‍ക്കാണു വെറുക്കാന്‍ പറ്റുക ?, തന്നോടും ,എല്ലാവരോടും ഒരു ചിരിയോടെ നന്നായി ഇടപെടുന്ന അവന്‍ തന്നെയാണു സത്യത്തില്‍ അവള്‍ക്കു ചേരുക എന്ന് പലപ്പോഴും തോന്നായ്കയില്ല

അവളോട് അകന്നു കൂടേ എന്ന ചോദ്യവുമായി രണ്ട് മനസ്സും വീണ്ടും ക്രിക്കറ്റ് കളിച്ചെങ്കിലും സ്വപ്നജീവി തന്നെ പതിവു പോലെ ജയിച്ചു.
" ഇഷ്ടം മനസ്സിലാക്കാതെയല്ല, പക്ഷേ എനിക്കാരോടും പ്രണയമൊന്നുമില്ല, നമുക്കിപ്പോള്‍ അടുപ്പമുണ്ട് പക്ഷേ..... മറ്റൊന്നുമില്ല" ഈ വാക്കുകളിലെ ഇഷ്ടം മതിയായിരുന്നു അവനു പൂര്‍‌വ്വാധികം പ്രണയിക്കാനും സ്വ‌പ്‌നം കാണാനും....

പക്ഷേ അവളുടെ പെണ്ണുകാണല്‍ ചട‌ങ്ങ് നടന്നതും, വിവാഹം ഉറപ്പിച്ചതുമെല്ലാം പെട്ടന്ന് നടന്നതു പോലെ....
" വീട്ടുകാരുടെ ഇഷ്ടമായിരിക്കും തന്റെ ഇഷ്ടമെന്ന് പണ്ടേ തീരുമാനിച്ചതാണു "
പറഞ്ഞപ്പോള്‍ ഒന്നും പറയാതെ കേട്ടിരുന്നു...

എങ്കിലും വിവാഹമടുത്തപ്പോള്‍ ഫോണിലൂടെ കരഞ്ഞതെന്തിനാവോ ?

ഷിനോയുമായി വിവാഹത്തേച്ചൊല്ലി പിണക്കങ്ങളുണ്ടാവുന്നതു സങ്കടപ്പെടുത്തുന്നു എന്ന് പറഞ്ഞതും താനെന്തേ നിസംഗനായി കേട്ട് നിന്നതു ? അവളെ മനസ്സിലാക്കുന്ന മറ്റാരുമില്ലായിരുന്നെന്ന് പറയാറുള്ളതുകൊണ്ടാവും.

"വിവാഹം കഴിച്ച് പോയാലും പിരിയില്ല , നമ്മള്‍ സംസാരിക്കും"
പറഞ്ഞതും അവളാണു. അല്ലെങ്കിലും നിഷേധിക്കാന്‍ സനിക്കു വയ്യായിരുന്നു...അവനാഗ്രഹിച്ചതും അതായിരുന്നു...

പിന്നീടെപ്പഴോ വിവാഹം കഴിക്കുന്നയാളെയും അവളിഷ്ടപ്പെട്ട് തുടങ്ങിയിരുന്നു എന്ന് സംസാരത്തിലൂടെ മനസ്സിലായി,
പക്ഷേ പെങ്ങളുടെ വിവാഹബാധ്യതകളും വീടുപണിയുമെല്ലാം കാരണം, നല്ലൊരു ശമ്പളഓഫര്‍ കിട്ടിയ ജോലിക്ക് മുംബൈയിലെ വാഷിയിലേക്ക് ജീവിതം ജീവിതം പറിച്ച്നട്ടിട്ടും, മെട്രോകളിലെ കരിപടര്‍ന്ന തിരക്കില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും, ബാംഗ്ലൂരിനെ അല്പ്പാല്പ്പം മറന്നിട്ടും,
ആ ബന്ധം മാത്രം മുറിക്കാന്‍ കഴിഞ്ഞില്ല... എന്നല്ല ... അത് വളര്‍ന്നുനൊമ്പരപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

വര്‍ഷങ്ങള്‍ നിസംഗതയുടെ രാത്രികള്‍ തന്ന് എത്ര പെട്ടന്നാണു ഓടിപ്പോയതു,
വരുന്ന വിവരം ഇമെയിലിലൂടെ അവള്‍ക്കറിയാം,

ചിലപ്പോഴൊക്കെ ചിന്തകള്‍ കാടു കയറി മനസ്സിലെ രണ്ടു ധ്രുവങ്ങളും ശക്തിയോടെ വീണ്ടും വീണ്ടും യുദ്ധം ചെയ്യും

ഇതാര്‍ക്കുള്ള ശിക്ഷയാണു?
"ഷിനോയും അവളുടെ ഭര്‍ത്താവുമൊക്കെ എന്ത്തെറ്റായിരുന്നു ചെയ്തതു? രശ്മിയെ ഇതുപോലെ ഒരാളിഷ്ടപ്പെട്ടാലോ ?"

"അറിയില്ല,  മറുപടിയില്ല,
കാത്തുനില്‍ക്കാത്ത കാലം കരുതി വച്ച മുഖം മൂടികള്‍ അണിയാതെ വയ്യ...
ആ തളച്ചിടലിനെ ഞാന്‍ ഭ്രാന്തമായി സ്നേഹിക്കുന്നു,
ശരികേടുകളുടെ വിശകലനത്തിനില്ല.......ഇതു തെറ്റാണെങ്കില്‍ എനിക്കതു തിരുത്താനാവില്ല ഇനി. "

പണ്ട് തെറ്റെന്ന് തോന്നിയിരുന്ന കാര്യങ്ങള്‍ ശരിയാവുന്നതെങ്ങിനെയാണു സനീ?

മനസ്സ് അങ്ങിനെയാണു , മനസ്സിലാക്കാനാവാത്ത, പിടി തരാതെ പായുന്ന മെരുങ്ങാത്ത കുതിരയാണതു.....
എവിടെയോ വായിച്ചിരിക്കുന്നു.

-----------------

മഡിവാള എത്തിയിരിക്കുന്നു.

രശ്മി എപ്പൊഴാണു എണീറ്റതാവോ, മുടി കെട്ടി വച്ച്, ഉറക്കച്ചടവുള്ള കണ്ണുകള്‍ പുറം കാഴ്ചകളിലേക്ക് പൂഴ്ത്തി ഇരിക്കുന്നു.

ഉദയസൂര്യന്‍ മഴവില്‍ നിറങ്ങള്‍ പടര്‍ത്തിയിരിക്കുന്നു.

ഇനി തന്‍റെയീ പഴയസ്വപ്നങ്ങളുറങ്ങുന്ന മണ്ണിലേക്ക്.
ആരാലും അറിയപ്പെടാതെ ഇവിടെ അലിഞ്ഞ് ജീവിതം തീര്‍ത്ത അനേകരിലൊന്നാവാന്‍.....

സനി ഒരു പക്ഷേ നന്ദനയെ ഇവിടെ എവിടെ വച്ചെങ്കിലും കണ്ടേക്കും.
കാണാത്ത മട്ടില്‍ വഴിമാറി പോകുവാന്‍ വയ്യെങ്കില്‍, ചിലപ്പോള്‍ രശ്മിക്ക് സാധാരണപോലെ പരിചയപ്പെടുത്തിക്കൊടുത്തേക്കാം.

പക്ഷേ കണ്ണുകള്‍ പറിച്ചെടുത്ത് നടന്നു നീങ്ങുമ്പോഴൊന്നു തിരിഞ്ഞ് നോക്കാതിരിക്കാന്‍ അവനു കഴിഞ്ഞേക്കില്ല

16 April 2012

ഇരുണ്ട മഴയുടെ തെളിഞ്ഞ ഓര്‍മ്മകള്‍....


റിയാദില്‍ പൊടിക്കാറ്റിനോപ്പം വീശിയടിച്ച മഴ പഴയ ഒരു ഓര്‍മ്മയിലേക്ക് കൊണ്ടുപോയി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വല്ലാതെ മഴ പെയ്യണ രാത്രിയില്‍ അമ്മയും അച്ഛമ്മയും, എന്നെയും ചേച്ചിയും അടുത്ത് ഇരുത്തി, മുറ്റത്ത് തെളിയുന്ന ഇടിമിന്നലിനെ നോക്കി അച്ഛനെയും കാത്തു മണ്ണെണ്ണ വിളക്കിനടുത്ത് ഇരിക്കും .... മഴ കനക്കുമ്പോള്‍ അച്ഛന്‍ വീടെത്താന്‍ വൈകും.

"ശോ എന്താ ഓന്‍ വൈകണേ.... മക്കള്‍ ഇന്ദ്രഭഗവാനെ പ്രാര്‍‌ത്‌ഥിച്ചോളൂ ... ഇടിമിന്നല്‍ ഇപ്പൊ മാറിത്തരും "
അമ്മൂമ്മ പറയും....

വീണ്ടും മഴയും കാറ്റും ശബ്ദമുയര്‍ത്തുമ്പോള്‍ മരങ്ങളും വല്ലാതെ കരയും... പുരക്കു മേലേക്ക് ചാഞ്ഞ് വരണ മാവും റബറും നോക്കവേ അമ്മയുടെ നെഞ്ചു പാളും.

ഇറയത്തെക്കു പല അതിഥികളും കയറി വന്നേക്കാം ചിലപ്പോഴൊക്കെ.. പാമ്പും തവളയും ഒക്കെ.
അതിനിടയില്‍ കാറ്റില്‍ മാറിയ ഓടിന്‍‌വിടവിലൂടെ മഴ വീട്ടിലേക്കു ക്ഷണിക്കാതെത്തും.... ഉരുളികള്‍ പലതവണ ഇങ്ങനെ വീഴുന്ന വെള്ളം പിടിച്ചു കളഞ്ഞു മടുക്കും .

നിലക്കാതെ പെയ്യുന്നമഴയും ഇടിമിന്നലും കാണുമ്പോള്‍ അമ്മ വീണ്ടും വീണ്ടും മുത്തപ്പന് തിരുവപ്പനകള്‍ നേരും...

അപ്പോഴൊക്കെ മഴയുടെ രുദ്രഭാവം, ഇരുണ്ട ഈ ലോകത്ത് ഞങ്ങള്‍ മാത്രമേയുള്ളെന്ന ഭീതി തോന്നിപ്പിക്കാറുണ്ട് .

കുറച്ച് നേരത്ത ദേഷ്യത്തിനു ശേഷം മഴയുടെ താണ്ട്ടവം അടങ്ങി വരും.... പിന്നെ പാത്തിയിലൂടെ വെള്ളം മണ്ണിലേക്ക് പതിക്കണ ശബ്ദം ഇടവിട്ട് കേള്‍ക്കാം,,,,,

അപ്പോഴേക്കും അച്ഛന്‍ പാതി നനഞ്ഞൊലിച്ച് ഇറയത്തെത്തിയിട്ടുണ്ടാവും....
കുട മടക്കി കൈയിലെ പ്ലാസ്റ്റിക്ക് കവര്‍ അമ്മയ്ക്ക് നീട്ടുമ്പോള്‍ ഞങ്ങള്‍ പിള്ളേരുടെ മുഖം വല്ലാതെ പ്രസാദിക്കും.... അതു നിറയെ മീനാണു ..... ഊത്ത കയറിയ മല്‍സ്യം.

പിള്ളേര്‍ക്ക് സന്തോഷത്തിനു കാരണമുണ്ട്, നല്ല പുഴമീന്‍ കഴിക്കാം, കുറേ ദിവസ്സത്തെക്ക് മത്തിയും പച്ചക്കറിയും വേണ്ട.

അതെന്താണെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയുമോ ആവോ.... പക്ഷേ വീട്ടില്‍ ഫ്രിഡ്ജില്ലാതിരുന്നയക്കാലത്ത്, ആ പാതിരാത്രിക്ക് അമ്മയ്ക്കത് പിടിപ്പത് പണിയാണു....
എങ്കിലും ഞങ്ങളുടെ സന്തോഷമന്നുമിന്നും അമ്മയ്ക്ക് സന്തോഷം കൊടുക്കുന്നതു കൊണ്ട് അന്നത് വളരെയെളുപ്പം കഴിയും

വന്മഴ പെയ്യണ ചിലനേരങ്ങളില്‍ മീന്‍ ഇങ്ങനെ പാടത്തെത്തും..... തലയില്‍ പ്ലാസിക് ഷീറ്റോ മറ്റോ ഇട്ട് അന്നാട്ടില്‍ മിക്കവാറും ചെറുപ്പക്കാരും ഇതു പിടിക്കാനിറങ്ങുമായിരുന്നു......
അവര്‍ക്കതൊരു വിനോദവും ഉല്‍സവവുമായിരുന്നു..... ഉള്ളിലല്പ്പം സോമരസം കൂടെയുണ്ടായാല്‍ രസായി..

എനിക്കുമങ്ങിനെ ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാനും, ഞണ്ട് പിടിക്കാനും ഒക്കെ വെള്ളത്തില്‍ കെട്ടിമറിഞ്ഞ് കളിച്ച് നടന്നതിന്‍‌റ്റെ നേരിയ ഓര്‍മ്മകളുണ്ട്,

ആ സുന്ദരമായ പഴമകളുടെ മണമുള്ള കാലത്തിനും, ഡ്രാസ്റ്റിക് ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍,സ്മാര്‍ട്ട്ഫോണ്‍ യുഗത്തിനും ഇടയില്‍ ജീവിക്കാനുള്ള ജന്മം ലഭിച്ച എന്റെ തലമുറകള്‍ മാത്രം ഭാഗ്യം ചെയ്തവര്‍ എന്ന അവകാശവാദങ്ങളില്ല,

എന്നാലും ഇതൊക്കെ പുതുതലമുറയ്ക്കും അനുഭങ്ങളാവേണ്ടിയിരുന്നു എന്ന് ഒരാശ മാത്രം

01 April 2012

ഏപ്രില്‍ ഫൂള്‍അങ്ങനെ ഒരു ഏപ്രില്‍ ഒന്ന് കൂടി കടന്ന് പോയി... ഈ ഏപ്രില്‍ ഒന്ന് എങ്ങിനെയാണു വിഡ്ഡിദിനം ആയത് എന്നറിയുമോ ? അതറിയണമെങ്കില്‍ ആദ്യം കലണ്ടറെന്തന്നറിയണം... കലണ്ടറെന്നാല്‍ മനോരമ തന്നെ....ഓഹ് അതല്ലുദ്ദേശിച്ചത് ... കലണ്ടറെന്നാല്‍ 1582 ല്‍ ഗ്ഗ്രിഗ്ഗറി പതിമൂന്നാമന്‍ കഷ്ടപ്പെട്ട് ബുദ്ദിമുട്ടി ഉണ്ടാക്കിയ ഗ്ഗ്രിഗോറിയന്‍ കലണ്ടര്‍!!! ( ബുദ്ദിമുട്ട് പരിഗണീച്ച് തല്‍ക്കാലം എക്സ് എന്നിരിക്കട്ടെ ). അത് പ്രകാരം ജനുവരി ഒന്ന് പുതുവര്‍ഷ്പ്പിറവിയായി ആള്‍ക്കാര്‍ കണക്കാക്കി തുടങ്ങി,
പക്ഷേങ്കീ അമ്മേ തല്ലിയാലും രണ്ടൊണ്ട് പക്ഷം എന്ന് പറഞ്ഞ പോലെ കുറച്ച് പേര്‍ ഈ പുത്യ സാധനം അംഗീകരിക്കാന്‍ കൂട്ടാക്കാതെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 25 തൊട്ട് ഏപ്രില്‍ ഒന്ന് വരെ ന്യുഇയര്‍ മഹോത്സവം കെങ്കേമമായി കൊണ്ടാടുകയുണ്ടായത്രേ ( വല്യ് പിടിയില്ലാത്ത കാര്യങ്ങളില്‍ " അത്രേ " ചേര്‍ക്കണം എന്നാണല്ലോ )...
ഇവരെ കളിയാക്കാന്‍ മറ്റേ എക്സ് കലണ്ടറുകാര്‍ ഏപ്രില്‍ ഒന്ന് വിഡ്ഡിദിനമായി ആചരിച്ച് തുടങ്ങി എന്നാണു ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ ഐതീഹ്യം.... ഇതിനു മറുവാദങ്ങളും ഉണ്ട"ത്രേ".... ത്രേ....

എന്തായാലും വളിച്ച ചിരി ചിരിപ്പിക്കാന്‍ ഇത്തവണയും ആരും ഇടയാക്കിയില്ല..
പിന്നെയീ സൗദീലൊക്കെ എന്ത് വിഡ്ഡിദിനം ഇഷ്ടാ...അല്‍ ഒട്ടഹ.. അതൊക്കെ പണ്ട് ...

ചെറുതാരുന്നപ്പോള്‍ അമ്മയെയും കുഞ്ഞേച്ചിയേം എന്തേലും പറഞ്ഞ് പറ്റിക്കാന്‍ ഈ ദിവസത്തിനു വേണ്ടി കാക്കും....

" അമ്മേ ദോണ്ടെ അമ്മന്റെ പശുക്ടാവ് ചത്ത് കിടക്കണൂ"

അപ്പോള്‍ അമ്മേടെ വഹ അവതരിപ്പിക്കപ്പെടുന്ന നെഞ്ചത്തടി, കരച്ചില്‍ , തീച്ചാമുണ്ടി തെയ്യം............ ഒക്കെ കണ്ട് ഈ ഞാന്‍ ആനന്ദതുലിതനായി ........വിജയശ്രീലാളിതനായി ചിരിക്കും,,,,,
പക്ഷേ ആന്റിക്ലൈമാക്സില്‍,
കാല്‍മുട്ടിനു മേലേക്ക്, തവിക്ക് പൊട്ടീരു മേടിച്ച് ശരിക്കും മാന്‍ ഓഫ് ദി മാച്ച് ആയ എന്നെ കണ്ട് ക്ടാവും അതിന്‍‌റ്റെ തള്ളേം കൂടെ ശരിക്കും വിഡ്ഡിദിനം അര്‍മ്മാദിക്കും.

എന്തായാലും ഞാനൊക്കെ കൊച്ച് കുമാരന്മാരായിരിക്കുമ്പോള്‍ എന്‍‌റ്റെ കൊട്ടാരത്തിനടുത്തുള്ള യുവത്വാശ്രമികളായ പ്രജകള്‍ ഇതു മനോഹരമായി ആചരിച്ച് വരികയും മധ്യവയസ്കരായ ബൂര്‍ഷ്വാസികള്‍ അവരെ സാമൂഹ്യവിരുദ്ദരെന്ന് കണക്കാക്കി പോരുകയും ചെയ്തു പോന്നു....

ഉദാഹരണത്തിനു...,
എന്‍‌റ്റെ പിതാശ്രീ, അപ്പോത്തിക്കരിക്ക് അവിടെ ഒരു ഹോമിയോക്ലിനിക്ക് ഉണ്ട്...... അദ്ദ്യേം അങ്ങനൊരുദിവസ്സം രാവിലെ അമ്യ‌തേത്തായി ചോന്ന ചട്ണി ഒഴിച്ച് മൂന്ന് ദോശെം, ചായേം ഒക്കെ കഴിച്ച് ഈ ദിവസ്സ്ത്തിന്‍‌റ്റെ ഓര്‍മ്മയൊന്നുമില്ലാതെ ഡെയ്‌ലി പോണ പോലെ ക്ലിനിക്കിലേക്ക് ചെന്നതായിരുന്നു...

നോക്കുമ്പോ ആളു കണ്‍ഫ്യൂഷന്‍സായി...

എല്ലാദിവസ്സവും ക്ലിനിക്കിരിക്കുന്ന സ്ഥലത്ത് ബാര്‍ബര്‍ ഷോപ്പ്..... ബാര്‍ബര്‍ ഷോപ്പ് ഇരുന്നിടത്ത് രാമചന്ദ്രന്‍‌റ്റെ ചായക്കട...... ചായക്കട ഇരുന്നിടത്ത് ഷാജീടെ ടൈലറിംങ്ങ് ഷോപ്പ്.....

ആരോ രായ്ക്ക്‌രാമാനം കഷ്ടപ്പെട്ട് ബോര്‍ഡൊക്കെ ഇളക്കിമാറ്റി ക്രൂരമായി സ്വാപ്പ് ചെയ്തിരിക്കുന്നു.....

ഇതൊക്കെ സാമ്പിള്‍ . ഇതിലും വലിയ വലിയ അക്രമങ്ങള്‍ അതിവിദഗ്ദമായി പ്ലാന്‍ ചെയ്തു ഇമ്പ്ലിമെന്‍‌റ്റ് ചെയ്യല്‍ നിര്‍ബാധം തുടര്‍ന്നു കൊണ്ടിരുന്നു മ്മടെ നാട്ടാര്... പക്ഷേങ്കീ, ആ ഒരു വര്‍ഷം ഞങ്ങടെ ഏരിയയില്‍ ഒരു വല്യ പക്ഷേങ്കി ആയിപ്പോയി...

വീടിന്‍‌റ്റെ ഓപ്പോസിറ്റ് കുഞ്ചാക്കോ ചേട്ടായിയുടെ വീടാണു... കുഞ്ചാക്കോചേട്ടായ്ക്ക് അഞ്ച് പെണ്മക്കള്‍...... ... അതില്‍ മൂന്നും പുറംനാട്ടീല്‍ ..... കാശിനു കാശു.... പാരമ്പര്യത്തിനു പാരമ്പര്യം..... റബറിനു റബറ്......
അങ്ങിനെ നാട്ടിലെ കൊച്ച്മുതലാളിയായ കുഞ്ചാക്കോച്ചേട്ടന്‍‌റ്റെ അഞ്ചാമത്തെ പഞ്ചാരകുഞ്ചിയായിരുന്നു ഷാലി.....

ആയിടെക്കാണു പ്രണയബദ്ദരായി ഒളിച്ചോടി വന്ന സൈമണീനേയും നാന്‍സിയേയും പഴയകാല പരിചയത്തിന്‍‌റ്റെ പേരില്‍ കുഞ്ചോക്കച്ചായന്‍ രക്ഷകസ്ഥാനം ഏറ്റെടുത്ത് ധീരധീരമായി അക്കരപ്പറമ്പിലെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിച്ചതു.....

നല്ലൊരു ഡ്രൈവനാണു സൈമണ്‍ ......

മുതലാളിമാര്‍ക്ക് സ്വൊന്തമായി വാഹനം ഇല്ലെങ്കില്‍ ഒരു ഗുമ്മില്ലെന്നു സൈമണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു ചുള്ളന്‍ മഹീന്ദ്ര ജീപ്പു വാങ്ങാന്‍ കുഞ്ചാക്കോച്ചേട്ടന്‍ തീരുമാനിച്ചതു ഞങ്ങള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു....
അതിനു കാരണം ഞങ്ങളുടെ മലയോരത്തെ നാഷണല്‍ഹൈവേറോഡിന്‍‌റ്റെ മനോഹാരിത പരിഗണിച്ച്, ഒണ്ടായിരുന്ന നാലില്‍ മൂന്നു ബസ്സും, ഗ്ലാമറില്ലാത്ത കാമുകിയെ, വഞ്ചകനായ കാമുകന്‍ ഉപേക്ഷിച്ച് കടന്ന് കളയുന്നതു പോലെ പോയതു കൊണ്ടാണു...

അങ്ങനെ ജീപ്പ് വന്ന ദിവസ്സം കുഞ്ചാക്കോ & സൈമണ്‍ ഫാമിലിയുടെ കൂടെ ഞങ്ങളും അനിയത്തിപ്രാവ് സിനിമ കാണാന്‍ പോയി...

ദിവസ്സങ്ങള്‍ ചെന്നപ്പോള്‍ കുഞ്ചാക്കോ ഫാമിലിക്ക് ഡ്രൈവര്‍ സൈമണ്‍ മകനായി....
നാന്‍സി ആറാം മാനസപുത്രിയായി..... അകാശഗംഗയായി.... അമ്മക്കിളിയായി.....ജ്വാലയായ്.....

രണ്ടു വീടുകളിലും ഉണ്ടാക്കുന്ന സ്പെഷ്യല്‍ ഐറ്റംസ് താലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട്, ഒറ്റമനസ്സായി, ചക്കരയും ഈച്ചയും പോലെ അഗാധസ്നേഹത്തിലാറാടുന്നതു നോക്കി ഞങ്ങള്‍ അയല്‍ക്കാര്‍ കുശുമ്പ് പറഞ്ഞെന്ന് അവര്‍ പരസ്പരം പറഞ്ഞു.....

പക്ഷേ, അന്ന്...... ആ ദു:ഖതിങ്കളാഴ്ച..... ഏപ്രില്‍ ഒന്നിനു, മധുര‌ഇരുപത്തിഒന്നുകാരിയായ ഷാലി അതിരാവിലേ പല്ല്തേച്ച് കുളിച്ച് പഴം കുഴച്ച് പുട്ട്തിന്ന് എണീറ്റപ്പോള്‍, എന്നാല്‍ ഇനി നാന്‍സ്യേച്ചിയെ ഒന്നു ഏപ്രില്‍ ഫൂള്‍ ആക്കിയാലോ എന്ന ഐഡിയ തോന്നുകയാല്‍ അക്കരപ്പറമ്പിലെ വാടകവീട്ടിലേക്ക് ഉള്ളിലൊരു മന്ദസ്മിതമൊളിപ്പിച്ച് കയറി ചെന്നു.

"ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്" എന്ന പരസ്സ്യം പോയിട്ട് ലാന്‍ഡ്‌ലൈന്‍ തന്നെ എല്ലാ വീട്ടിലും എത്തീട്ടില്ല അവിടെ....

ഷാലി ക്യ‌ത്യമായി പ്ലാന്‍ ചെയ്ത പോലെ ആകുലമാതാവായി മാറി ശോകത്തില്‍ നാന്‍സിയോട് കാര്യം പറഞ്ഞു...

" നാന്‍സിയേച്ചീ , വിഷമിക്കരുത്, ഞങ്ങളെല്ലാമുണ്ടല്ലോ കൂട്ടിനു,
വിഷമിപ്പിക്കുന്ന കാര്യമാണു, സൈമണ്‍ ചേട്ടായീടെ ജീപ്പ് ലോറിക്കിടിച്ചു... മെഡിക്കല്‍ കോളേജിലേക്ക് അപ്പച്ചന്‍ പോയിട്ടൊണ്ട്... നമുക്ക് വിവരമറിഞ്ഞിട്ട് പോകാം "

കേട്ടപാതി കേള്‍ക്കാത്ത പാതി, ഹാഫ് ഗര്‍ഭിണിയായ നാന്‍സി, പി ടി ഉഷയെ കവര്‍ ചെയ്ത്, നിലവിളിച്ച് കൊണ്ട് അക്കരക്കുന്ന് കയറി ഓടി ബോധം കെട്ട് വീണു.....

അയ്യോ ചേച്ചീ പറ്റിച്ചേ എന്ന ഗാനം ആലപിക്കാന്‍ നിന്ന ഷാലി വായും പൊളിച്ച് ഇതികര്‍ത്തവ്യമൂഡയായി ശിലാരൂപിയായി...

അങ്ങിനെയാണു സൈമണു പകരം നാന്‍സിയെ ഒറിജിനലായിട്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയതു...

അല്പ്പനേരത്തിനു ശേഷം കോപാകുലനും കരാളരൂപിയുമായി സൈമണ്‍ കുഞ്ചാക്കോയുടെ മുറ്റത്ത് രംഗപ്രവേശം നടത്തി...

വീടിന്‍‌റ്റെയും ജീപ്പിന്‍‌റ്റെയും ചാവി മുഖത്ത് വലിച്ചെറിഞ്ഞതല്ല......
"
അപ്പച്ചാ" എന്ന് വിളിച്ച അതേ നാവു കൊണ്ട് സൈമണ്‍ ‌"---------------- മോനേ" എന്ന് അഭിസംഭോധന ചെയ്തു തുടങ്ങിയതാണു കുഞ്ചാക്കോക്ക് ഹ്യദയഭേദകമായതു.....

കുഞ്ചാക്കോ തങ്ങളുടെ ഓമനപുത്രിയായ...... ലാളനാപാത്രമായ........... കല്യാണപ്രായമായ....... ഷാലിമോളെ, പിള്ളെരു ക്രിക്കറ്റ് കളിച്ചിട്ട് ഇട്ടിട്ട് പോയ മടല്‍ബാറ്റ് കയ്യില്‍ കിട്ടിയതു കൊണ്ടാണു അന്ന് വല്ലാതെ ലാളിച്ചതും, ഷാലി നിലോളിച്ചതും, ഞങ്ങളൊക്കെ അത് കണ്ട് നിന്നതും....

അന്ന് തൊട്ട് ചക്കരയും ഈച്ചയും , ഇന്ത്യയും പാക്കിസ്ഥാനുമായി.... ഇസ്രയേലും പലസ്തീനുമായി... അമേരിക്കയും ഇറാനുമായി...

ഷാലിയോ ? ഷാലി അന്ന് തൊട്ട് ഏപ്രില്‍ ഷാലിയായി!!!!!.....