അച്ഛന്‍ തറവാട്ടിലെയും , അമ്മതറവാട്ടിലെയും കുടുംബ ദൈവങ്ങളനുഗ്രഹിച്ചതിന്‍റ്റെ കൂടെ, കോടാപമ്പ് മഖാം ഉപ്പാപ്പയും, തേര്‍മ്മല പള്ളീലെ പുണ്യാളനും കൂടെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഠിത്തം കഴിയുന്നതിനു മുന്‍പേ കുഴപ്പമില്ലാത്ത ഒരു ജോലി ക്യാമ്പസ് റിക്രൂട്ട്മെന്‍റ്റ് എന്ന പേരില്‍ എനിക്കു വളരെ ഈസിയായി കയ്യി കിട്ടിയിരുന്നു...
പൊട്ടന്‍ പുട്ട് കണ്ട അവസ്ഥയിലാണു ഹൈദരാബാദിലെ വന്‍പിച്ച ട്രെയിനിങ്ങും കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോയിന്‍ ചെയ്യാന്‍ വന്നു ചാടിയതു..
അതും ഭാഗ്യം എന്നു തന്നെ പറഞ്ഞാ മതി, നിരത്തി നിര്‍ത്തിയ പത്തിരുപതെണ്ണത്തിനെ ഗ്രൂപ്പ് തിരിച്ചാണു ഓരോ സംസ്ഥാനത്തിലേക്കും അങ്ങ് എക്സ്പോര്‍ട്ട് ചെയ്തു കളഞ്ഞതു...
നാട്ടില്‍ നിന്ന് എന്‍റ്റെ കൂടെ ലാന്‍ഡിയെ രണ്ടണ്ണന്മാരില്‍ ഒന്നിനെ മുംബൈയിലേക്കും, മറ്റവനെ നോയിഡയിലേക്കും അങ്ങ് തട്ടിക്കളഞ്ഞു..........
ആസാമിലേക്കു പോവാന്‍ വിധിക്കപ്പെട്ട രണ്ടവന്മാര്‍ ഞാനെന്ന ഭാഗ്യവാനെ നോക്കി പല്ലു കടിച്ചു...
മനസ്സില്‍ മുത്തപ്പനൊരു തിരുവപ്പന കൂടി അങ്ങ് നേര്‍ന്നു... ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ..............
പക്ഷേ ഇക്കണ്ടതൊന്നും കളിയല്ല മാധവാ എന്നറിഞ്ഞതു ബാംഗ്ലൂരില്‍ വന്ന് ചാടിയതിനു ശേഷമാണ്‍ ......
ബാംഗ്ലൂരില്‍ കമ്പനിയുടെ പേരില്‍ ഒരു വന്‍ ബസ്സ്റ്റോപ്പ് തന്നെ കാണും എന്നൊക്കെ നിരീച്ചാണു ഇങ്ങ്ട്ടു വച്ച് പിടിച്ചതു.....കട്ടപ്പനക്കാരന്‍ ഒരു മഹാപാപി കൂടെ ഉണ്ടായിരുന്നു ( എന്നെ ആ സമയത്ത് കണ്ണെടുത്താ കണ്ട് കൂടായിരുന്നു എന്നൊഴിച്ചാല്‍ ആള്‍ ശുദ്ദന്‍, പാവം, - സത്യത്തില്‍ എന്റെ അന്നേരത്തെ സ്വൊഭാവം എനിക്കു തന്നെ ഓര്‍ക്കുമ്പം പിടിക്കത്തില്ല, പിന്നാ അവനു !!!)
സിറ്റിയില്‍ നിന്ന് കൊറേ ചുറ്റിവളച്ച് എട്ടും ഒന്‍പതും എടുത്താണു ആ നല്ല ശമരിയാക്കാരന്‍ ഓട്ടോഡ്രൈവന്‍ എം ജി റോഡില്‍ കൊണ്ടിട്ടത്,
ലവനന്ന് ചാകര ചാകര എന്ന ഗാനമാലപിച്ചിട്ടുണ്ടാവണം ,
40 ക. യ്ക്ക് പകരം 200 ക. .......ഹും
... തെണ്ടി ... കൊണ്ട് പോയി തിന്നട്ടെ..
ഒരു വിധത്തില്‍ ആ കുഞ്ഞു കെട്ടിടത്തിലെ വന്‍ പേരുള്ള മ്മടെ സ്വൊന്തം കമ്പനീല്‍ വലതു കാല്‍വച്ച് അകത്തേക്ക് കയറി സെക്യൂരിറ്റിയെ വണങ്ങി.
ആരുവാടേയ് ? സെക്യൂരിറ്റി ഉവാച:
കുണ്ടിനു പുറത്ത് വന്ന തവളക്കുഞ്ഞുങ്ങളേപ്പോലെ നിക്കണ ഞങ്ങളോടാണ്‍..
പുതുതായി ജോയിന്‍ ചെയ്യാന്‍ വന്നതാണെന്നു കേട്ടപ്പോ റിസപ്ഷനിലേക്ക് ആനയിക്കപ്പെട്ടു,
ഒരു ചുന്ദരി ഇരുന്നു ബല്യ ഒരു ഫോണില്‍ ഞെക്കിക്കളിക്കുന്നു...
കൊള്ളാം ..... റ്റൈം പാസ്സായി....
എന്നാലും നമ്മളോടവള്‍ക്ക് അത്ര ബഹുമാനം പോര....
ഏരിയാ മൊയലാളിയുടെ മുന്നില്‍ ഉപവിഷ്ടനാക്കപ്പെട്ടു...
ചായ വന്നു ,പരിചയപ്പെടല്‍സ് ഒക്കെ നടന്നു....
പണിയുടെ ആകെ മൊത്തം ഡീറ്റയില്‍സ് കിട്ടി.... അതു മാത്രം എനിക്കങ്ങട് ഇഷടായില്ല...
ഹൊ ... പണിയെടുക്കാതെ ശമ്പളം കിട്ടിയിരുന്നെങ്കില്‍...
ഓഫീസില്‍ പരിചയപ്പെട്ട അണ്ണാച്ചി വഴി ഈജിപുരയില്‍ വീട് റെഡി ആയപ്പോഴേക്കും രണ്ട് ദിവസം കഴിഞ്ഞു.
അങ്ങനെ മജസ്റ്റിക്കിലെ പരിചയക്കാരന്‍ വക അഞ്ചടി അഞ്ചിഞ്ച് മുറിയിലെ 11 താല്‍ക്കാലിക സഹമുറിയന്മാരോട് വിട പറഞ്ഞ് വര്‍ഗ്ഗിസ്മാപ്പിളയുടെ വല്യ വീട്ടിലേക്ക് താമസം മാറി.
ബംഗ്ലാവു പോലത്തെ വീടാ,
പക്ഷേങ്കീ അതില്‍ രണ്ട് നിലക്ക് മോളിലുള്ള ഒറ്റമുറിയും കോമണ്‍ ബാത്ത്റൂമും ആയിരുന്നു ഞങ്ങളുടെ ഭവനം....
അങ്ങിനെ ഞാനും പണി തുടങ്ങി....
അതായത് രാവിലേ കുളിച്ച്, ഇന്‍സൈഡ് ഒക്കെ ചെയ്തു, ഹരിയേട്ടന്‍ മെസ്സില്‍ നിന്നു പുട്ടും കടലയും ഒക്കെ കഴിച്ച്,
ബി എം. ടി സി ബസ്സില്‍ ഞാന്ന് കിടന്നെത്തി, ഓഫീസില്‍ മുഖം കാണിക്കണം,
അപ്പോഴൊക്കെ ഫീല്‍ഡ് വര്‍ക്കാണു,
രാവിലേ ടീം ലീഡര്‍ കുറേ കാള്‍ ഡീറ്റെയില്‍സ് തരും, മ്മടെ കമ്പനിയുടെ കമ്പ്യൂട്ടര്‍ വാങ്ങി വച്ച പാവപ്പെട്ട ബാങ്കുകളും,ഓഫീസുകളിലും നിന്നുള്ള വിളികളാണു.....
ദൈവം സഹായിച്ച് കുറേ കമ്പ്ലൈയിന്റ്സ് വരുന്നുണ്ട്......
ടീം ലീഡര്‍ മലയാളി അക്കനാണു, പുള്ളിക്കാരി ഒരുവിധത്തില്‍ ഉന്തിത്തള്ളി വിടുന്ന വരെ ഓഫീസില്‍ ചുറ്റിയടിക്കും...
ആദ്യത്തെ സംഭവം തന്നെ ഗഭീരമായിരുന്നു..
സാധാരണ കമ്പ്യൂട്ടര്‍ തന്നെ കഷ്ടിച്ച് നന്നാക്കാനറിയുമ്പോ........ ദാണ്ടെ സെര്‍വറിനു കമ്പ്ലെയിന്‍റ്റ്!!!!!!!!!,
വെരി ഗുഡ്, ഞാന്‍ അങ്ങിനെ ചെറിയ കാര്യങ്ങള്‍ മാത്രം ചെയ്യണ്ടവനല്ല...
ബാങ്കിലെ സെര്‍വര്‍ ആണു, സ്റ്റാര്‍ട്ട് ചെയ്യുമ്പോ എന്തോ എറര്‍ ആണു പ്രശ്‌നം, പക്ഷേങ്കീ സംഗതി ഒക്കെ വര്‍ക്കാവുന്നുണ്ട്,
അതോണ്ട് ഉച്ചക്ക് ലഞ്ച് സമയത്ത് റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കിക്കോളാന്‍ കല്പിച്ച്, മാനേജറുടെ കാബിനില്‍ കസേരയിട്ട് തന്നു.....
ബാങ്കിലെ അഡ്മിന്‍ കൊള്ളാം... നല്ല മനുഷ്യന്‍
ഇവിടെ കന്നടയിലാണു സംസാരം എന്നതേ ഒള്ളു ഒരു കഷ്ടപ്പാട്,മലയാളത്തെ ദേശീയ ഭാഷയാക്കി നിര്‍ബന്ധമായും ഇന്‍ഡ്യയിലെ എല്ലാ സ്കൂളുകളിലും പഠിപ്പിക്കേണ്ട ആവശ്യകത എനിക്കപ്പോഴാണു ബോധ്യമായതു............
എന്തായാലും ചായ വന്നു, വട വന്നു...പോന്നോട്ടേ..
ഉച്ചക്ക് , മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് സെര്വ്വര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ സെര്‍വ്വര്‍ റൂമിനകത്തേക്ക്...
സാധനം കണ്ടിട്ട് ഒരു പരിചയോം തോന്നുന്നില്ല, ചുറ്റിലും രണ്ട് തവണ പ്രദിക്ഷണം വച്ചു,
കര്‍ത്താവേ ഇതിന്‍റ്റെ സ്വിച്ചെവിടാ ??
ശെരി , ഇനി വേറെ മാര്‍ഗമില്ല....
സെര്വ്വറിന്‍റ്റെ ബാക്ക് സൈഡില്‍ എന്തോ ചെയ്യുന്നതായി അഭിനയിച്ച് അഡ്മിനെ നോക്കി പറഞ്ഞു,
"റീസ്റ്റാര്‍ട്ട് നൗ..."
ലവന്‍ റീസ്റ്റാര്‍ട്ട് ചെയ്തു.... കൊള്ളാം, അപ്പോ അവിടാണു സ്വിച്ച് ,
വെരിഗുഡ് ... ഞാന്‍ കണ്ട് പിടിച്ചിരിക്കുന്നു...
അങ്ങിനെ എറര്‍ കണ്ടു... സത്യം പറഞ്ഞാ ഒരു ചുക്കും പിടികിട്ടിയില്ല...
പിന്നേം പിന്നേം റീസ്റ്റാര്‍ട്ട് ചെയ്തു....കൊള്ളാം പ്രാക്ടീസ് ആയി...
ഇനി അടുത്ത സ്റ്റെപ്പ്, സ്ക്രീനില്‍ കണ്ട കൊറേ സെറ്റിങ്ങ്സ് ഒക്കെ മാറ്റി...റീസ്റ്റാര്‍ട്ട് ചെയ്തു.... എങ്ങാനും ശെരിയായാലോ?...
ഹെന്റെ പുണ്യാളാ!!!!!!!!!!!,
എല്ലാം പോയി...സംഭവം അങ്ങ്ട് അപ്പാവുന്നില്ല....
പണ്ട് വര്‍ക്ക് ചെയ്‌തോണ്ടിരുന്നതും കൂടെ പോയി...
അഡ്മിന്‍റ്റെ മുഖത്ത് അതാ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടി,
ഭക്ഷണ സമയം കഴിഞ്ഞു, അറ്റ്ലീസ്റ്റ് സെര്‍വ്വര്‍ പഴയ പടി ആവണം..
നോക്കുമ്പോ, ബാങ്കിലെ കസ്റ്റമേര്‍സ് റൂമിനു പുറത്ത് കൂട്ടം കൂടി നിക്കണു,
തൊണ്ട വരണ്ടു... ആദ്യം സൈക്കളോടിക്കാന്‍ പഠിച്ചപ്പോ ഹാന്‍ഡില്‍ വിറച്ചപോലെ കൈ വിറച്ചു.....
മുത്തപ്പനു ഒരു നിലവിളക്കും, പള്ളീലേക്ക് ഒരു കൂട് മെഴുകു തിരീം കൂടങ്ങ് നേര്‍ന്നു....
ബട്ട്, ഒരു രക്ഷേം ഇല്ല, സംഭവം കൈവിട്ട് പോയി....ഇനി
"ഐ തിങ്ക്, ഇറ്റ്സ് അ ബിഗ് പ്രോബ്ലം ,ഐ വില്‍ സെന്‍ഡ് മൈ സീനിയര്‍.."
അഡ്മിന്‍ രൂക്ഷമായി നോക്കി.
" നോ , ഇറ്റ്സ് ക്രിട്ടിക്കല്‍, ഐ വാണ്ട് യു ടു മേക്ക് ഇറ്റ് റെഡി റൈറ്റ് നൗ, കസ്റ്റമേര്‍സ് ആര്‍ വെയിറ്റിങ്ങ്, യു ഒണ്‍ലി ക്രിയേറ്റഡ് ദിസ് പ്രോബ്ലെം, ഇറ്റ് വാസ് വര്‍ക്കിങ്ങ് ബിഫൊര്‍ യു കേം"
ആണ്ടെ അവന്‍ ശെരിക്കും എന്റെ തലേല്‍ ഇട്ടു, ..ഇനി തടിയൂരിയേ പറ്റൂ..
" നോ, സെര്വ്വര്‍ വാസ് ഹാവിങ്ങ് പ്രോബ്ലം, ഇറ്റ് മേ ബീ കോയിന്‍സിഡന്‍സ്"
ഒരു രക്ഷേം ഇല്ല.. അവനിപ്പം തന്നെ അതു റെഡി ആക്കണം...ഓഫീസില്‍ വിളിച്ച് നോക്കാം...
"ഓക്കെ, ഐ വാണ്ട് ടു കാള്‍ ടു മൈ ഓഫിസ്, ലെറ്റ് മി സി ഇഫ് ദെ കാന്‍ അറേഞ്ച് എ സീനിയര്‍ എഞ്ചിനീയര്‍ നൗ."
ലവന്‍ തന്നെ അവന്‍റ്റെ ഫോണില്‍ കറക്കിക്കുത്തി എന്‍റ്റെ ലീഡിനെ വിളിച്ചു
ഗുഡ്, അയാള്‍ക്കു നല്ല ഇംഗ്ലീഷ് പരിഞ്ജാനം ഉണ്ട്,
എന്നെക്കുറിച്ച് വളരെ നല്ല രീതിയില്‍ എസ്കലേറ്റ് ചെയ്തിരിക്കുന്നു...
ഫോണ്‍ എന്‍റ്റെ കൈയില്‍ തന്നു.....ലീഡ് അക്കന്‍ മലയാളത്തില്‍ അന്യോഷിച്ചു,
"നീ എന്തൂട്ടാടാ അവിടെ ചെയ്ത് വച്ചതു..."
നമ്മള്‍ ഒരിക്കലും നമ്മുടെ മിസ്റ്റേക്ക് അംഗീകരിക്കാന്‍ പാടുള്ളതല്ലല്ലോ...
"ചേച്ചീ, അതു എങ്ങനെയോ ആയതാ, സെര്‍വ്വറിനു അദ്യേ എന്തോ പ്രശ്നമുണ്ടാരുന്നു, പറഞ്ഞിട്ട് ഈ തെണ്ടിക്ക് മനസ്സിലാവുന്നില്ല,.......................പൊട്ടന്‍ , ഇയാളൊരു മണ്ണുണ്ണിയാണെന്ന് തോന്നുന്നു"
" ശെരി, ഞാന്‍ ഇപ്പോതന്നെ ആരേലും വിടാന്‍ നോക്കാം"
ലീഡ് അക്കന്‍ ഫോണ്‍ ഡിസ്കണക്ടി..
ഹൊ... ആശ്വാസമായി...
പക്ഷേങ്കീ...
അഡ്മിന്‍ ദോ എന്നെ തന്നെ തുറിച്ച് നോക്കി നില്‍ക്കുന്നു..
പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് ലവന്‍ മലയാളത്തില്‍ അങ്ങ് തുടങ്ങി...
" ദോ എന്നെ ശെരിക്ക് നോക്ക്, എന്നെ കണ്ടാ ശെരിക്കും മണ്ണുണ്ണി ആയിട്ട് തോന്നുവോടേ ഗഡീ"
ഞാന്‍ സ്തംഭിച്ചു.. ആരറിഞ്ഞു ഇദ്ദ്യേം മലയാളിയായിരുന്നെന്ന്, ഇത്രേം നേരം കന്നടെം , ഇഗ്ലീഷുമൊക്കെ പറഞ്ഞിട്ട്.
" ഡായ് ഞാനേ കുന്നംകുളത്തുകാരനാ, രാവിലേ വന്ന് ,ഞാന്‍ ചായേം വടേം ഒക്കെ വാങ്ങി തന്നതു കഴിച്ച്, എന്‍റ്റെ സെര്‍വറും നശിപ്പിച്ചിട്ട് ഇപ്പോ ഞാന്‍ മണ്ണുണ്ണി അല്ലേടേ ......"
ഒന്നും തലേലേക്ക് കേറുന്നില്ല... നാണം കെട്ടു...സീതാദേവി അന്തര്‍ധാനം ചെയ്ത പോലെങ്ങ് പോയാ മതിയാരുന്നു...
എന്തായാലും കുറച്ച് കഴിഞ്ഞ് ദൈവദൂതനേപ്പോലെ സീനിയര്‍അണ്ണന്‍ വന്ന് സെര്‍വ്വര്‍ റെഡിയാക്കി അവിടുന്ന് തടിയൂരി....
ഇറങ്ങുമ്പോ ഒരു കാര്യം ഒരു കാര്യം അങ്ങ് മനസ്സീല്‍ കുറിച്ചു..
പാഠം ഒന്ന്.. കേരളത്തിനു പുറത്ത് ശുദ്ദമലയാളം പറേണേനു മുന്‍പ് ചുറ്റുവട്ടമൊക്കെ ഒന്നങ്ങ് ശ്രദ്ദിച്ചേക്കണം
എഴുത്ത് രസിപ്പിച്ചു, ട്ടോ.
ReplyDeleteingane muthappanu vazhipadu nernnittano server okke up akkaru?enna pinnenthina ee pathira vare ofc il irikkunnathu?
ReplyDeleteകൊള്ളാം... ഇഷ്ടമായി... :)
ReplyDeleteഇപ്പോഴാ വായിച്ചേ , അന്നേ നല്ല ശൈലി ഉണ്ടായിരുന്നു
ReplyDelete