വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

19 May 2010

കണ്ണൂര്‍

ജീവിക്കാന്‍ കേരളത്തീന്നു വണ്ടി പിടിച്ച് പോന്ന് വെളിയില്‍ വന്നു നില്‍ക്കണ ഒരോ മല്ലുവിനും വേറൊരു മല്ലുവിനെ കണ്ടാ ഒരു ചിരി ഒണ്ട്..
പരിചയപെടുന്നേന്‍‌റ്റെ ചുറുചുറുക്കും ആവേശോം കണ്ട് വേണേല്‍ അവന്‍ നാടു വിട്ടിട്ട് എത്ര കാലമായി എന്നളക്കാം,

പട്ടിണി കിടന്നവന്‍ ബിരിയാണി കണ്ട ആക്രാന്തം കാട്ടിയാ അപ്പോ മനസിലാക്കിക്കോണം 'ടിയാന്‍ തലേന്ന് വന്നു ചാടിയതേ ഒള്ള് എന്ന്'.
പോകെപ്പോകെ അതു കുറഞ്ഞ് കുറഞ്ഞ് നിര്വ്വികാര അവസ്ഥയിലേക്ക് പരിണമിക്കും...ഞാനിതെത്ര മലയാളീസിനെ കണ്ടതാ....സര്‍‌വ്വം മായ....എന്ന ഭാവത്തില്‍.......

നാമധേയം ഡാറ്റാബേസില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ രണ്ടാം ചോദ്യം ' നാട്ടിലെവിടാണിഷടാ' എന്നായിരിക്കണം ബൈ ഡിഫാള്‍ട്ട്,
ഇതിനുത്തരം ആദ്യം ജില്ലയും, പിന്നെ ആ ഏരിയ പരിചയ്മൊള്ളോനാണെല്‍ പിന്നെ താലൂക്കും അതിനു ശേഷം പഞ്ചായത്തും , വില്ലേജും കവറു ചെയ്ത് ഇടവകേല്‍ അമ്പലത്തിന്‍‌റ്റെ വലത്ത് വശത്തോ എടത്ത് വശത്തോ ഒള്ള വീട്ടില്‍ വന്ന് നില്‍ക്കണം.
അവസാനം മറ്റവന്‍‌റ്റെ വക ഒരു ഡയലോഗ് വരും.....

"അവിടെന്‍‌റ്റെ കൊച്ചാപ്പാന്‍‌റ്റെ എളാപ്പന്‍‌റ്റെ വല്യുമ്മാ താമസമുണ്ടെനന്നും ഞാനവിടെ കുഞ്ഞുന്നാളില്‍ വന്നിട്ടൊണ്ടെന്നോ"..... അല്ലേല്‍ മ്മടെ പഴേ ദോസ്ത് അവിടല്ലേന്നോ മറ്റോ ആയിരിക്കും....

ഒരു ഐ ടി കമ്പനിയില്‍ കഷ്ടപ്പെട്ട് കൂലിവേല ചെയ്തു ജീവിച്ചോണ്ടിങ്ങനെ പൊക്കോണ്ടിരിക്കുന്ന ഞാനും ഇമ്മാതിരി പരിചയപ്പെടല്‍ മഹാമഹങ്ങള്‍ കൊറേ നടത്തിയിട്ടൊണ്ട്....
നാടെവിടെയാണെന്ന ചോദ്യത്തിനു 'കണ്ണൂര്‍ ' എന്നു ഉത്തരം കൊടുക്കുമ്പോഴേ,
മറ്റുജില്ലക്കാര്‍ മിക്കവാറും പേരും ഒരു കണ്ണുമിഴിക്കലോ, 'ഒഹോ' എന്ന വിചിത്ര ശബ്ദം പുറപ്പെടുവിക്കാറുള്ളതോ ശ്രദ്ദിച്ചിട്ടുണ്ട്.....

എന്താടോ കണ്ണൂരിനു ഒരു കുഴപ്പം ?

പലരും തന്ന മറുപടികളില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയതു 2 കാരണങ്ങള്‍ ആണു..

അതില്‍ ഒന്നാമത്തേത് കണ്ണൂര്‍ ഒരു ഭീകര ജില്ലയാണത്രേ!!!,അവിടെ കുഞ്ഞുങ്ങള്‍ ബോബാണു ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിക്കുന്നതു പോലും!!!!!!!!!!
കേട്ടപ്പോള്‍ ആ അറിവ് എന്നെ അങ്ങ് ഞെട്ടിച്ച് കളഞ്ഞു....
അതെപ്പോ സംഭവിച്ചു എന്ന് ഒരു പിടിയും കിട്ടിയില്ല..
ഞാനെന്‍‌റ്റെ ജന്മത്തില്‍ വിഷൂനു പൊട്ടിക്കണ ഓലപ്പടക്കത്തിന്‍‌റ്റെയോ മഴക്കാലത്തെ ഇടി വെട്ടുന്നതിന്‍‌റ്റെയോ ശബ്ദം ഒഴിച്ചാല്‍ ഒരു വല്യ ശബ്ദങ്ങളൊന്നും കേട്ട ഓര്‍മ്മ എനിക്കില്ല,
നാടന്‍ ബോംബ് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍ അതു ചന്ത എന്ന പടത്തില്‍ ബാബു ആന്റണി കടിച്ചിട്ട് എറിയുന്ന സീനില്‍ മാത്രമാകുന്നു....

എന്തായാലും വെറുതെ കിട്ടുന്ന ഒരു ക്രെഡിറ്റല്ലേ, ഇരിക്കട്ടെ എന്ന് കരുതി ഞാനതൊന്നും പറയാറില്ല,
പകരം പാനൂര്‍ സ്റ്റേഷനില്‍ എന്‍‌റ്റെ ഫോട്ടോ വച്ചിട്ടൊണ്ടെന്നും, ബോംബ് ഉണ്ടാക്കി പൊട്ടിച്ച് കളിക്കുന്നതു ഞങ്ങള്‍ക്ക് ഒരു ഹോബിയാണെന്നും സൂക്ഷിച്ചും കണ്ടും നിന്നാ നിനക്കൊക്കെ കൊള്ളാം എന്നും മാത്രം തട്ടിമൂളിച്ചിട്ടുണ്ടെന്ന് തോന്നുന്നു...

കാശ്മീരില്‍ കണ്ണൂര്‍ ഭികരന്‍ പിടിയില്‍ എന്ന പത്രതലക്കെട്ട് വായിച്ചതിനു ശേഷം അമ്മാതിരി പേടിപ്പിക്കലും നടത്തിയിട്ടില്ല എന്നാണോര്‍മ്മ, ചുമ്മാതെന്തിനാ, ആടിനെ പട്ടിയാക്കണ പോലീസാ........

നോട്ടത്തിനു പിന്നിലെ രണ്ടാമത്തെ കാരണം ഞാന്‍ കണ്ണൂരുകാരനാണോ എന്ന സംശയമാണത്രേ,
എന്‍‌റ്റേതു അച്ചടി ഭാഷയില്‍ ആണത്രേ സംസാരം ,
പക്ഷേ സാധാരണ കണ്ണൂരുകാരന്‍ നയനാര്‍ സഖാവിന്‍‌റ്റെ കൂട്ട് , "ഓന്‍" ," ഓള്‍", എന്ന ശൈലിയില്‍ സംസാരിക്കണം പോലും,
അതെന്‍‌റ്റെ കണ്ണൂര്‍ അസ്ത്വിത്വത്തെ ഒരു ചോദ്യം ചെയ്യലായതു കൊണ്ടാണു കുടുംബ ചരിതം അല്പ്പം വിവരിക്കണം എന്ന് കരുതിയത്

അതു പറഞ്ഞാല്‍,
കയ്യിലിരിപ്പു കൊണ്ട് ദീപാളി കുളിച്ചും പിന്നെ അത്യാഗ്രഹം കൊണ്ടും, നില്ക്കകല്ലിയില്ലാതെ കോട്ടയം കഞ്ഞ്ക്കുഴിഭാഗത്ത് നിന്ന് ഓടിപ്പോന്ന നസ്രാണിമാരുടെ വണ്ടിയില് മലബാരില് വന്ന ചാടിയ ഒരു മഹാനായിരുന്നു എന്റെ വല്യ്പ്പന്‍,

പണിയില്ലതെ തെക്ക് വടക്ക് നടക്കണ ചുള്ളന്മാര് സുപ്രഭാതത്തില്‍ നന്നാവാന് തീരുമാനിച്ച് ഗള്‍ഫിനു പോണ പോലെ ആരുന്നു അക്കാലത്ത് മലബാറ് വെട്ടിപ്പിടിക്കല് എന്നാണു കേള്‍‌വി.....
എന്റെ വല്യപ്പന്‍, പക്ഷേ മലബാറിനു വെച്ച് പിടിക്കനുല്ല കാരണംമേല്പ്പറഞ്ഞതില് എന്താരുന്നെന്ന്ന് എനിക്ക് വല്യ പിടിപോര....
കയ്യിലിരിപ്പും കടം കേറിയതു ആയിരിക്കാം കാരണം എന്നാണ് എക്ക്ഷ്പെയറി ഡേറ്റ് കഴിഞ്ഞിട്ടും ഇപ്പോളും കുട്ടപ്പന്മാരായിരിക്കുന്ന ചില കാര്ന്നോന്മാരുടെ വാമൊഴി രേഖകള് വെളിവാക്കിയതു..

ഏരിയായില് ആളൊരു വന്‍പുലി ആയിരുന്നു എന്നാണ് എന്തായാലും ചരിത്ര പഠനത്തില്‍ നിന്ന് മനസിലാക്കിയതു....പാരമ്പര്യമായി വൈദ്യനാ‍യിരുന്നു അങ്ങേര്....
ആള്‍ക്ക് ആര്‍‌ത്തി അത്രക്ക് ഇല്ലാരുന്നു എന്നാണു തോന്നുന്നതു, അല്ലേല്‍ ചുറ്റുമുളള നസ്രാണിമാപ്പ്പ്പിളാസ് 30 ഉം 40 ഉം എക്കറ് കൊറഞ്ഞതു ചുറ്റിവള്ച്ചെടുത്ത് റവറും കുരുമുളകും കപ്പയുംവിളയിച്ചപ്പോ അങ്ങേര് കഷ്ടപ്പെട്ട് വളച്ചെടുത്തത് വെറും "4 എക്ക്ര",....

ഹ്മ്മ്മ് മടിയാരുന്നോ എന്തൊ...
എന്തരയാലും അങ്ങേര് മരുന്നുകടയും ചികിത്സയും ആയി കഴിഞു കൂടി..

മെഡിക്കല്‍ എത്തിക്സിനു വിരുദ്ദ്മാണേലും വൈകുന്നേരമായാല് പുള്ളി ചികിത്സ നിര്ത്തിയിരുന്നത് കള്ളുഷാപ്പില് വെക്കേണ്ട അറ്റന്ഡസിന് അത്രയ്ക്ക് പ്രാധാന്യം കൊടുത്തത് കൊണ്ടാരുനു....
ഇതെല്ലാം കൂടെ ആകെയൊള്ള നാലേക്രേല്‍ രണ്ടരയേക്രേം കുറവു വന്ന് അദ്ദ്യേം സമാധി അടഞ്ഞപ്പോള്‍,
ചുറ്റുമുള്ളവരുടെ റബ്ബര്‍ത്തോട്ടങ്ങള്‍ കണ്ട് കൊതി വിടാനായിരുന്നു ഞങ്ങള്‍ മക്കള്‍കൊച്ചുമക്കള്‍സുകളുടെ വിധി.....

ആകെപ്പാടെ സമാധാനം കിട്ടിയതു റബ്ബറിനു നൂറില്‍ നിന്ന് പതിനെട്ടുറിപ്പികയായി വീണപ്പളാ....
ദേണ്ടെ പിന്നേം നൂറിന്‍‌റ്റെ മോളീല്‍ക്കെടക്കണു വെല !!!!!!!

ഒരു റബര്‍തോട്ടം ഒക്കെ ഉണ്ടാരുന്നേല്‍ അതും നോക്കി വില്ലീസ് ജീപ്പും വാങ്ങി കറ‌ങ്ങി നടക്കേണ്ട ഞാനാല്ലേ ഇതു എന്നു സഹതപിക്കാനല്ലേ പറ്റൂ...
പറഞ്ഞു വന്നതു , തെക്കുവടക്കും വേറെയേതൊക്കെയോ സംസ്കാരങ്ങളും കൂടിക്കലര്‍ന്നാണു എന്‍‌റ്റെ സംസാര ശൈലി ആര്‍ക്കും പിടികിട്ടാത്തതായി പോയതെന്നാകുന്നു..

എന്തൊക്കെയായാലും ഈ ഒരു ബേസ് ഒക്കെ ഒള്ളത് കൊണ്ടാണ് തെക്കന്മാരോടു “ മൈ നേറ്റീവ് ഈസ് കണ്ണൂര് എന്ന് പറയുമ്പോ ഉള്ള അവരുടെ നോട്ടത്തിന് തുടര്ച്ചയായി ബട്ട് ബേസിക്കലി ഫ്രം കോട്ടയം എന്ന് പറയുന്നത്.....ഇപ്പോ മനസിലായോ ????


4 comments:

 1. തുടക്കമെന്ന നിലയില്‍ നനായിട്ടുണ്ട്..

  ReplyDelete
 2. കൂടെ ജോലി ചെയ്തിരുന്നവന്‍ ‘കണ്ണൂരുകാര്‍ക്ക്’ ഊറ്റം കൂടുതലാണെന്നു പറഞ്ഞു നടക്കാറുണ്ടായിരുന്നു. മൈന്‍ഡ് ചെയ്യാന്‍ പോകാറില്ല. കാരണം അത് അവന്റെ സ്വഭാവത്തിന്റെ പ്രത്യേകതയായതുകൊണ്ട്.

  ഇനിയുമെഴുഴുതുക.
  :-)
  ഉപാസന

  ReplyDelete
 3. കണ്ണൂര്‍ വിശേഷങ്ങള്‍ കുഴപ്പമില്ല.

  ഇനിയും എഴുതുക.

  ഫോണ്ട് സൈസ് തീരെ ചെറുതായോ?

  ReplyDelete
 4. എന്താടോ കണ്ണൂരിനു ഒരു കുഴപ്പം ? ഒരു കുഴപ്പവും ഇല്ലാല്ലേ????????????

  ReplyDelete